| Thursday, 17th April 2025, 8:30 pm

ക്രിക്കറ്റിന്റെ ഭാവി; ഫാബ് ഫൈവിനെ തെരഞ്ഞെടുത്ത് കെയ്ന്‍ വില്യംസണ്‍; അഞ്ചില്‍ രണ്ടും ഇന്ത്യന്‍ താരങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

2014ലാണ് ‘ഫാബ് ഫോര്‍’ എന്ന പദം ആദ്യമായി ക്രിക്കറ്റ് ലോകത്ത് ഉയര്‍ന്നുകേള്‍ക്കുന്നത്. മുന്‍ ന്യൂസിലാന്‍ഡ് താരവും ക്രിക്കറ്റ് അനലിസ്റ്റും കമന്റേറ്ററുമായിരുന്ന മാര്‍ട്ടിന്‍ ക്രോയാണ് ഈ പദം ആദ്യമായി ഉപയോഗിച്ചത്. മോഡേണ്‍ ഡേ ക്രിക്കറ്റിലെ ഇതിഹാസങ്ങളായ ജോ റൂട്ട്, വിരാട് കോഹ്‌ലി, കെയ്ന്‍ വില്യംസണ്‍, സ്റ്റീവ് സ്മിത്ത് എന്നിവരെ ഉദ്ദേശിച്ചുകൊണ്ടാണ് അദ്ദേഹം ഉപയോഗിച്ചത്.

കരിയറിന്റെ തുടക്കം മുതല്‍ തന്നെ ഞെട്ടിക്കുന്ന റെക്കോഡുകള്‍ സ്വന്തമാക്കി മുന്നേറുന്ന നാല് താരങ്ങള്‍ക്കുമായി ക്രോ നല്‍കിയ പേരിന് ആരാധകര്‍ക്കിടയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

ഈ നാല് പേരും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിക്കുമെന്ന് ഒരു പതിറ്റാണ്ട് മുമ്പ് തന്നെ മാര്‍ട്ടിന്‍ ക്രോ പ്രവചിച്ചു. 2025ലെത്തി നില്‍ക്കുമ്പോഴും മറ്റാര്‍ക്കുമെത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഉയരത്തിലെത്തി ഈ നാല് താരങ്ങളും പരസ്പരം മത്സരിക്കുകയാണ്.

ഈ നാല് പേരും തങ്ങളുടെ മുപ്പതുകളുടെ മധ്യത്തിലാണ്. ക്രിക്കറ്റ് അടുത്ത ട്രാന്‍സിഷന്‍ പിരീഡിലേക്ക് കടക്കുമ്പോള്‍, എല്ലാ ടീമുകളിലും നിരവധി യുവതാരങ്ങള്‍ പിറവിയെടുക്കുമ്പോള്‍ ക്രിക്കറ്റിന്റെ ഭാവിയായ ഫാബ് ഫൈവിനെ തെരഞ്ഞെടുക്കുകയാണ് കെയ്ന്‍ വില്യംസണ്‍.

അന്ന് ന്യൂസിലാന്‍ഡുകാരനായ മാര്‍ട്ടിന്‍ ക്രോ വില്യംസണടക്കമുള്ള നാല് താരങ്ങളെ ക്രിക്കറ്റിന്റെ ഭാവിയായി വിശേഷിപ്പിച്ചപ്പോള്‍ ഇപ്പോള്‍ മറ്റൊരു ന്യൂസിലാന്‍ഡുകാരന്‍ ഭാവിയില്‍ തിളങ്ങാനൊരുങ്ങുന്ന അഞ്ച് താരങ്ങളെ തെരഞ്ഞെടുക്കുകയാണ്.

ഇന്ത്യന്‍ താരങ്ങളായ യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, ജോ റൂട്ടിന്‍രെ ക്രൈം പാര്‍ട്ണറും ഇംഗ്ലണ്ട് സൂപ്പര്‍ താരവുമായ ഹാരി ബ്രൂക്ക്, കിവീസ് താരം രചിന്‍ രവീന്ദ്ര, ഓസീസ് സൂപ്പര്‍ ഓള്‍ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവരെയാണ് വില്യംസണ്‍ തെരഞ്ഞെടുക്കുന്നത്.

ടൈംസ് ഓഫ് ഇന്ത്യയുടെ ബോംബേ സ്‌പോര്‍ട് എക്‌സ്‌ചേഞ്ച് പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘യശസ്വി ജെയ്‌സ്വാള്‍, ശുഭ്മന്‍ ഗില്‍, രചിന്‍ രവീന്ദ്ര, ഹാരി ബ്രൂക്ക്, കാമറൂണ്‍ ഗ്രീന്‍ എന്നിവരാണ് എന്റെ മനസില്‍ വരുന്ന അഞ്ച് താരങ്ങള്‍,’ വില്യംസണ്‍ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനോടകം തന്നെ വലിയ ഇംപാക്ട് ഉണ്ടാക്കിയ താരങ്ങളാണ് ഈ അഞ്ച് പേരും. ഭാവിയില്‍ ഫാബ് ഫോറിന്റെ യഥാര്‍ത്ഥ പിന്‍ഗാമികളായി ഉയര്‍ന്നുവരാനുള്ള എല്ലാ പൊട്ടെന്‍ഷ്യലും ഇവര്‍ക്കുണ്ട്.

Content Highlight: Kane Williamson predicts the future Fab Five of international cricket

Latest Stories

We use cookies to give you the best possible experience. Learn more