ഒടുവില്‍ ഏകദിനത്തില്‍ കെയ്ന്‍ വില്യംസണും ഗോള്‍ഡന്‍ ഡക്കായി പുറത്തായി. ഇംഗ്ലണ്ടിന്റെ ന്യൂസിലാന്‍ഡ് പര്യടനത്തിലെ ആദ്യ ഏകദിനത്തിലാണ് മുന്‍ നായകന്‍ നേരിട്ട ആദ്യ പന്തില്‍ തിരിച്ചുനടന്നത്. ബ്രൈഡന്‍ കാര്‍സിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറിന് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.
ഇതോടെ ഏകദിനത്തിലെ ആദ്യ ഗോള്‍ഡന്‍ ഡക്കിന് മുമ്പ് ഏറ്റവുമധികം ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്ത താരങ്ങളുടെ പട്ടികയില്‍ അഞ്ചാമനായും വില്യംസണ്‍ ഇടം നേടി. 165 ഏകദിന ഇന്നിങ്‌സുകളാണ് ആദ്യ ഗോള്‍ഡന്‍ ഡക്കിന് മുമ്പ് വില്യംസണ്‍ കളിച്ചത്.
(താരം – ടീം – ഇന്നിങ്‌സ് എന്നീ ക്രമത്തില്‍)
എ.ബി. ഡി വില്ലിയേഴ്‌സ് – സൗത്ത് ആഫ്രിക്ക – 211
സ്റ്റീഫന്‍ ഫ്‌ളെമിങ് – ന്യൂസിലാന്‍ഡ് – 208
മാര്‍ക് വോ – ഓസ്‌ട്രേലിയ – 207
സ്റ്റീവ് വോ – ഓസ്‌ട്രേലിയ – 193
കെയ്ന്‍ വില്യംസണ്‍ – ന്യൂസിലാന്‍ഡ് – 165*
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. ഇന്നിങ്‌സിലെ ആദ്യ പന്തില്‍ ജെയ്മി സ്മിത്തിനെ നഷ്ടപ്പെട്ട ഇംഗ്ലണ്ടിന് രണ്ട് ഓവര്‍ പൂര്‍ത്തിയാകും മുമ്പേ ബെന്‍ ഡക്കറ്റിനെയും ജോ റൂട്ടിനെയും കൂടി നഷ്ടപ്പെട്ടു. രണ്ട് റണ്‍സ് വീതമാണ് ഇരുവരും നേടിയത്.
ടീം സ്‌കോര്‍ പത്തില്‍ നില്‍ക്കവെ ജേകബ് ബേഥലും പുറത്തായി. 12 പന്തില്‍ രണ്ട് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്.
ഒരുവശത്ത് ടീം തകര്‍ന്നടിയുമ്പോള്‍ മറുവശത്ത് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് ഉറച്ചുനിന്നു. അഞ്ചാം നമ്പറില്‍ ക്രീസിലെത്തിയ താരം സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. പരിചയ സമ്പന്നരായ ജോസ് ബട്‌ലറും സാം കറനും ഒറ്റയക്കതിന് മടങ്ങിയപ്പോള്‍ ജെയ്മി ഓവര്‍ടണെ ഒപ്പം കൂട്ടി ബ്രൂക്ക് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.
ഏഴാം വിക്കറ്റില്‍ ഇവര്‍ ചേര്‍ന്ന് പടുത്തുയര്‍ത്തിയ 87 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇംഗ്ലണ്ടിനെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. 54 പന്ത് നേരിട്ട താരം 46 റണ്‍സ് നേടി. ഇംഗ്ലണ്ട് നിരയില്‍ ബ്രൂക്കിന് പുറമെ ഇരട്ടയക്കം കണ്ട ഏക ബാറ്ററും ഓവര്‍ട്ടണ്‍ ആയിരുന്നു.
ഒടുവില്‍ 36ാം ഓവറിലെ രണ്ടാം പന്തില്‍ പത്താം വിക്കറ്റായി ഹാരി ബ്രൂക്കും പുറത്തായി. 101 പന്ത് നേരിട്ട താരം 135 റണ്‍സ് നേടി. 11 സിക്‌സറും ഒമ്പത് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ആറ് റണ്‍സ് നേടിയ സാം കറനാണ് ഇംഗ്ലണ്ട് നിരയിലെ മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍. 17 റണ്‍സ് എക്‌സ്ട്രാസ് ഇനത്തിലും സന്ദര്‍ശകരുടെ എക്കൗണ്ടിലെത്തി. 224 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇംഗ്ലണ്ട് ന്യൂസിലാന്‍ഡിന് മുമ്പില്‍ ഉയര്‍ത്തിയത്.
കിവികള്‍ക്കായി സാക്രി ഫോള്‍ക്‌സ് നാല് വിക്കറ്റ് വീഴ്ത്തി. ജോകബ് ഡഫി മൂന്ന് വിക്കറ്റെടുത്തപ്പോള്‍ മാറ്റ് ഹെന്‌റി രണ്ടും ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ ഒരു വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ബ്ലാക് ക്യാപ്‌സിനും തുടക്കം പാളി. രണ്ട് ഓവറിനിടെ വില്‍ യങ്ങും (ഏഴ് പന്തില്‍ അഞ്ച്), കെയ്ന്‍ വില്യംസണും കൂടാരം കയറി. 17 റണ്‍സടിച്ച രചിന്‍ രവീന്ദ്രയും പുറത്തായതോടെ കിവീസ് 24/3 എന്ന നിലയിലെത്തി.
എന്നാല്‍ ഡാരില്‍ മിച്ചല്‍, മൈക്കല്‍ ബ്രേസ്വെല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികള്‍ ടീമിന് തുണയായി. മിച്ചല്‍ 91 പന്ത് നേരിട്ട് പുറത്താകാതെ 78 റണ്‍സ് നേടി. 51 പന്തില്‍ 51 റണ്‍സടിച്ചാണ് ബ്രേസ്വെല്‍ മടങ്ങിയത്.
27 പന്തില്‍ 25 റണ്‍സടിച്ച ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറിന്റെയും 24 പന്തില്‍ 24 റണ്‍സ് നേടിയ ടോം ലാഥമിന്റെയും ഇന്നിങ്‌സുകള്‍ ടീമിന് തുണയായി. ഒടുവില്‍ നാല് വിക്കറ്റും 80 പന്തും ശേഷിക്കെ ബ്ലാക് ക്യാപ്‌സ് വിജയലക്ഷ്യം മറികടന്നു.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ട് 1-0ന് മുമ്പിലാണ്. ഒക്ടോബര്‍ 29നാണ് പരമ്പരയിലെ രണ്ടാം മത്സരം. സെഡണ്‍ പാര്‍ക്കാണ് വേദി.
Content Highlight: Kane Williamson out for golden duck in first time in his ODI career