| Wednesday, 5th November 2025, 9:08 am

ഷൂട്ട് പകുതിയായപ്പോ തന്നെ 110 കോടി, പ്രീ റിലീസ് ബിസിനസിലൂടെ ബജറ്റ് തിരിച്ചുപിടിച്ച് കാഞ്ചന 4

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആദ്യമൊക്കെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയെങ്കിലും പിന്നീട് ആവര്‍ത്തന വിരസതയുടെ പേരില്‍ ട്രോളുകളേറ്റുവാങ്ങിയ തമിഴ് സിനിമാ ഫ്രാഞ്ചൈസിയാണ് കാഞ്ചന. 2007ല്‍ പുറത്തിറങ്ങിയ മുനി എന്ന ചിത്രത്തിലൂടെയാണ് ഈ ഫ്രാഞ്ചൈസി ആരംഭിച്ചത്. മുനിയുടെ തുടര്‍ഭാഗമായി കാഞ്ചനയും പിന്നാലെ കാഞ്ചനയുടെ രണ്ടും മൂന്നും ഭാഗങ്ങളും പുറത്തിറങ്ങി.

രാഘവ ലോറന്‍സ് സംവിധാനം ചെയ്ത് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന കാഞ്ചനയുടെ നാലാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ഷൂട്ട് പകുതിയാകുന്നതിന് മുമ്പ് തന്നെ 110 കോടിയുടെ ബിസിനസ് നടന്നു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ചിത്രത്തിന്റെ ഹിന്ദി ഡബ്ബ് റൈറ്റ്‌സ്, സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്‌സ് എന്നിവയിലൂടെയാണ് ഇത്രയും വലിയ തുക കാഞ്ചന 4 സ്വന്തമാക്കിയത്.

ബോളിവുഡിലെ മുന്‍ നിര പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നായ ഗോള്‍ഡ് മൈന്‍ ടെലിഫിലിംസാണ് ഹിന്ദി റൈറ്റ്‌സ് സ്വന്തമാക്കിയത്. പുഷ്പ, അല വൈകുണ്ഠപുരംലോ തുടങ്ങി വമ്പന്‍ സിനിമകളുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്‌സ് സ്വന്തമാക്കിയ ഗോള്‍ഡ്‌മൈന്‍സ് കാഞ്ചന 4 ഹിന്ദി ബെല്‍റ്റില്‍ ഗ്രാന്‍ഡ് റിലീസാണ് പ്ലാന്‍ ചെയ്യുന്നത്.

ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ്- ഡിജിറ്റല്‍ റൈറ്റ്‌സ് സണ്‍ പിക്‌ചേഴ്‌സ് സ്വന്തമാക്കി. 50 കോടിക്കാണ് കാഞ്ചനയുടെ സ്ട്രീമിങ് റൈറ്റ്‌സ് സണ്‍ പിക്‌ചേഴ്‌സ് നേടിയത്. ഷൂട്ട് പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ പ്രീ റിലീസ് ബിസിനസിലൂടെ ബജറ്റ് തിരിച്ചുപിടിച്ചിരിക്കുകയാണ് കാഞ്ചന 4. മുന്‍ ഭാഗങ്ങളിലേത് പോലെ കോമഡിക്കും ഹൊററിനും പ്രാധാന്യം കൊടുത്തുകൊണ്ട് തന്നെയാണ് കാഞ്ചന 4 ഒരുങ്ങുന്നത്.

രണ്ട് നായികമാരാണ് ചിത്രത്തിലുള്ളത്. പൂജ ഹെഗ്‌ഡേയും നോറ ഫത്തേഹിയുമാണ് ഇത്തവണ രാഘവയുടെ നായികമാരായി വേഷമിടുന്നത്. മുന്‍ ഭാഗങ്ങളിലെ താരങ്ങളായ ശ്രീമന്‍, കോവൈ സരള, ദേവദര്‍ശിനി എന്നിവര്‍ കാഞ്ചന 4ലും ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ക്കൊപ്പം ആനന്ദ് രാജ്, റെഡിന്‍ കിങ്സ്ലി എന്നിവരും ചിത്രത്തിലുണ്ട്.

ചെന്നൈ, ഹൈദരബാദ് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ട്. മുമ്പ് പുറത്തിറങ്ങിയ കാഞ്ചന 3 ബോക്‌സ് ഓഫീസില്‍ നിന്ന് 100 കോടിയോളം നേടിയിരുന്നെങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ ട്രോള്‍ മെറ്റീരിയലായി മാറി. കഴിഞ്ഞ സിനിമയിലെ നെഗറ്റീവുകളെല്ലാം ഇതില്‍ പരിഹരിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. 2026 ഏപ്രിലില്‍ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Kanchana 4 satellite and Hindi rights sold for 110 crores

We use cookies to give you the best possible experience. Learn more