കോഴിക്കോട്: എഴുത്തുകാരന്‍ ടി.ടി. ശ്രീകുമാര്‍ പങ്കുവെച്ച ഫലസ്തീന്‍ വിപ്ലവകാരി ഗസ്സാന്‍ കനഫാനിയുടെ വീഡിയോ ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. 1970 ഒക്ടോബറില്‍ എ.ബി.സി ന്യൂസിന്റെ ലേഖകന്‍ റിച്ചാര്‍ഡ് കാള്‍ട്ടന് കനഫാനി നല്‍കിയ അഭിമുഖത്തിന്റെ വീഡിയോയാണ് ശ്രീകുമാര്‍ പങ്കുവെച്ചത്.
ഈ അഭിമുഖത്തിലെ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇസ്രഈലികളുമായി എന്തുകൊണ്ട് ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ല എന്ന കാള്‍ട്ടന്റെ ചോദ്യത്തിന്, ചര്‍ച്ചകള്‍ കൊണ്ട് സമാധാനമല്ലല്ലോ അടിയറവും കീഴടങ്ങലുമല്ലേ ഉദ്ദേശിക്കുന്നതെന്നാണ് കനഫാനി മറുപടി നല്‍കുന്നത്.
വെറുതെയെങ്കിലും ഇസ്രഈലി നേതാക്കളുമായി സംസാരിച്ചൂടെ എന്ന ചോദ്യത്തോടുള്ള കനഫാനിയുടെ പ്രതികരണവും നിശ്ചയദാര്‍ഢ്യത്തിന്റെതാണ്.
‘വാളും കഴുത്തും തമ്മിലുള്ള സംഭാഷണമാണോ ഉദ്ദേശിക്കുന്നത്’ എന്നായിരുന്നു ഗസ്സാന്‍ കനഫാനിയുടെ മറുപടി. താന്‍ ഒരിക്കലും ഒരു കൊളോണിയലിസ്റ്റ് ശക്തിയും ഒരു ദേശീയ വിമോചന പ്രസ്ഥാനവും തമ്മില്‍ സംഭാഷണം നടത്തുന്നതായി കണ്ടിട്ടില്ലെന്നും കനഫാനി പറയുന്നുണ്ട്.
യുദ്ധം ചെയ്യാതിരിക്കേണ്ടത് എന്തിന് വേണ്ടിയാണെന്ന കനഫാനിയുടെ മറുചോദ്യത്തോട്, ഒന്നിനും വേണ്ടിയും യുദ്ധം ചെയ്യാതിരിക്കാന്‍ എന്നായിരുന്നു ലേഖകന്‍ പ്രതികരിച്ചത്.
കഴിഞ്ഞ 20 വര്‍ഷമായി കൂട്ടക്കൊല ചെയ്യപ്പെടുന്ന, സ്വന്തം മണ്ണില്‍ നിന്ന് വേരോടെ പിഴുതെറിയപ്പെട്ട, അഭയാര്‍ത്ഥി ക്യാമ്പുകളിലേക്ക് തള്ളപ്പെട്ട, പട്ടിണിയില്‍ കഴിയുന്ന, ഫലസ്തീനികള്‍ എന്ന പേര് പോലും ഉപയോഗിക്കാന്‍ വിലക്കപ്പെട്ട ഫലസ്തീന്‍ ജനതയുടെ ദുരിതമവസാനിക്കാന്‍ ഇസ്രഈലിന് മുന്നില്‍ അടിയറവ് പറയണമെന്നാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നതാണെന്നും കനഫാനി ചോദിക്കുന്നുണ്ട്.
ഇതിനുള്ള മറുപടിയെന്ന നിലയില്‍ റിച്ചാര്‍ഡ് പറഞ്ഞത് ‘ഇത്തരത്തില്‍ ജീവിക്കുന്നതിനേക്കാള്‍ ഭേദം അവര്‍ മരിക്കുന്നതല്ലേ’ എന്നായിരുന്നു. പക്ഷെ, നിങ്ങള്‍ക്ക് അങ്ങെയായിരിക്കാമെന്നാണ് കനഫാനി മറുപടി നല്‍കിയത്.
ഫലസ്തീനെ സ്വതന്ത്രമാക്കുക, അന്തസ് ഉണ്ടായിരിക്കുക, ആത്മാഭിമാനം ഉണ്ടായിരിക്കുക, തങ്ങളുടെ കേവലമായ മനുഷ്യാവകാശങ്ങള്‍ അംഗീകരിക്കപ്പെടുക എന്നിവ കൊക്കിലെ ജീവന്‍പോലെ തന്നെ അനിവാര്യമായ കാര്യമാണെന്നും കനഫാനി പറയുന്നുണ്ട്.
അതേസമയം 1972 ജൂലൈ എട്ടിന് ബെയ്‌റൂട്ടിലുണ്ടായ കാര്‍ ബോംബാക്രമണത്തിലാണ് കനഫാനി കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ അദ്ദേഹത്തിന്റെ മരുമകളും കൊല്ലപ്പെട്ടിരുന്നു. പിന്നീട് ഈ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്രഈല്‍ രഹസ്യാന്വേഷണ ഏജന്‍സിയായ മൊസാദ് ഏറ്റെടുക്കുകയും ചെയ്തു.
ഫലസ്തീനിലെ പ്രധാന വിപ്ലവ സംഘടനകളില്‍ ഒന്നായ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പാര്‍ട്ടിയായ ‘പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് ഫലസ്തീന്‍’ എന്ന സംഘടനയെ പൂര്‍ണമായും പിന്തുണച്ചിരുന്ന നേതാവ് കൂടിയായിരുന്നു കനഫാനി.
അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍
റിച്ചാര്‍ഡ്: നിങ്ങളുടെ സംഘടന ഇസ്രായേലികളുമായി സമാധാന ചര്‍ച്ചകളില്‍ ഏര്‍പ്പെടാത്തത് എന്തുകൊണ്ടാണ്?
കനഫാനി: സമാധാന ചര്‍ച്ചകള്‍ എന്നല്ലല്ലോ നിങ്ങള്‍ ഉദ്ദേശിച്ചത്, അടിയറവ്, കീഴടങ്ങല്‍ എന്നല്ലേ ഉദ്ദേശിക്കുന്നത്?
റിച്ചാര്‍ഡ്: എന്തുകൊണ്ട് വെറുതെയെങ്കിലും സംസാരിച്ചുകൂട?
കനഫാനി: ആരോടാണ് സംസാരിക്കേണ്ടത്?
റിച്ചാര്‍ഡ്: ഇസ്രായേലി നേതാക്കളോട് സംസാരിക്കണം
കനഫാനി: വാളും കഴുത്തും തമ്മിലുള്ള സംഭാഷണമാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്?
റിച്ചാര്‍ഡ്: ശരി, മുറിയില്‍ വാളുകളോ തോക്കുകളോ ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് സംസാരിക്കാമല്ലോ
കനഫാനി: ഇല്ല. ഒരു കൊളോണിയലിസ്റ്റ് ശക്തിയും ഒരു ദേശീയ വിമോചന പ്രസ്ഥാനവും തമ്മില്‍ ഒരു സംഭാഷണവും ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല
റിച്ചാര്‍ഡ്: എന്നാലും വെറുതെ ഒന്ന് സംസാരിച്ചൂടെ?
കനഫാനി: എന്തിനെക്കുറിച്ചാണ് സംസാരിക്കേണ്ടത്?
റിച്ചാര്‍ഡ്: യുദ്ധം ചെയ്യാതിരിക്കാനുള്ള സാധ്യതയെക്കുറിച്ച് സംസാരിക്കാമല്ലോ
കനഫാനി: യുദ്ധം ചെയ്യാതിരിക്കേണ്ടത് എന്തിന് വേണ്ടിയാണ്?
റിച്ചാര്‍ഡ്: എന്തിനുവേണ്ടി ആണെങ്കിലും യുദ്ധം ചെയ്യാതിരിക്കാന്‍
കനഫാനി: സാധാരണയായി ആളുകള്‍ പോരാടുന്നത് ഒരു ലക്ഷ്യത്തിനുവേണ്ടിയാണ്,. അപ്പോള്‍ താങ്കള്‍ക്ക് എന്നോട് എന്തുകൊണ്ട് ഞങ്ങള്‍, എന്തിനെക്കുറിച്ച് സംസാരിക്കണം എന്നുപോലും പറയാന്‍ കഴിയുന്നില്ല. അല്ലെങ്കില്‍ പറയു, എന്തിനാണ് യുദ്ധം നിര്‍ത്തുന്നതിനെക്കുറിച്ച് സംസാരിക്കുന്നത്? എന്തിന്?
റിച്ചാര്‍ഡ്: യുദ്ധം നിര്‍ത്താന്‍ സംസാരിക്കാമല്ലോ, മരണം, ദുരിതം, നാശം, വേദന എല്ലാം അവസാനിപ്പിക്കാന്‍.
കനഫാനി: ആരുടെ ദുരിതവും, നാശവും, വേദനയും മരണവും?
റിച്ചാര്‍ഡ്: ഫലസ്തീനികളുടെ, അറബികളുടെ, ഇസ്രായേലികളുടെ
കനഫാനി: കഴിഞ്ഞ 20 വര്‍ഷമായി കൂട്ടക്കൊല ചെയ്യപ്പെടുന്ന, സ്വന്തം മണ്ണില്‍നിന്ന് വേരോടെ പിഴുതെറിയപ്പെട്ട, അഭയാര്‍ഥിക്യാമ്പുകളിലേക്ക് തള്ളപ്പെട്ട, പട്ടിണിയില്‍ കഴിയുന്ന, പലസ്തീനികള്‍ എന്ന പേര് പോലും ഉപയോഗിക്കാന്‍ വിലക്കപ്പെട്ട പലസ്തീന്‍ ജനതയുടെയാണോ?
റിച്ചാര്‍ഡ്: അവര്‍ അങ്ങനെ കഴിയുന്നതല്ലേ മരിക്കുന്നതിനെക്കാള്‍ ഭേദം?
കനഫാനി: നിങ്ങള്‍ക്ക് അങ്ങനെയായിരിക്കാം. പക്ഷേ ഞങ്ങള്‍ക്ക് അങ്ങനെയല്ല. ഞങ്ങള്‍ക്ക്, ഞങ്ങളുടെ രാജ്യത്തെ സ്വതന്ത്രമാക്കുക, അന്തസ്സ് ഉണ്ടായിരിക്കുക, ആത്മാഭിമാനം ഉണ്ടായിരിക്കുക, ഞങ്ങളുടെ കേവലമായ മനുഷ്യാവകാശങ്ങള്‍ അംഗീകരിക്കപ്പെടുക എന്നിവ കൊക്കിലെ ജീവന്‍പോലെതന്നെ അനിവാര്യമായ കാര്യമാണ്.
Content Highlight: Kanafani’s video shared by TT Sreekumar is under discussion