ഐ.സി.സി ചാമ്പ്യൻസ് ട്രോഫിയിൽ ആതിഥേയരായ പാകിസ്ഥാൻ മോശം പ്രകടനമാണ് പുറത്തെടുത്തത്. സ്വന്തം മണ്ണിൽ കിരീടം നിലനിർത്തുകയെന്ന ലക്ഷ്യത്തോടെ എത്തിയ മെൻ ഇൻ ഗ്രീൻ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ ടൂർണമെന്റിൽ നിന്ന് പുറത്തായിരുന്നു. ഇന്ത്യയോടും ന്യൂസിലാൻഡിനോടും പരാജയപ്പെട്ട് നാണംകെട്ടാണ് റിസ്‌വാനും സംഘവും മടങ്ങിയത്.
പാകിസ്ഥാന്റെ പ്രകടനത്തിൽ പല കോണിൽ നിന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ മുഹമ്മദ് ഹഫീസ് പാകിസ്ഥാൻ കളിക്കുന്നത് പണത്തിന് വേണ്ടി മാത്രമാണ് പറഞ്ഞിരുന്നു. താരത്തിന്റെ പ്രസ്താവനക്ക് പിന്നാലെയുണ്ടായ വിവാദങ്ങളിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് പരിശീലകനും മുൻ പാകിസ്ഥാൻ ക്രിക്കറ്ററുമായ കമ്രാൻ അക്മൽ.
1990കളിലെ കളിക്കാർക്ക് എപ്പോഴും പരസ്പരം കുറ്റം പറയുന്നതിലാണ് ശ്രദ്ധയെന്നും അതിന് പകരം അന്ന് ഐ.സി.സി ടൂർണമെന്റിൽ കപ്പുകൾ സ്വന്തമാക്കിയിരുന്നെങ്കിൽ പാകിസ്ഥാൻ ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും നിലവാരത്തിലേക്ക് എത്തുമായിരുന്നെന്നും അക്മൽ പറഞ്ഞു.
അതോടൊപ്പം തന്നെ മുഹമ്മദ് ഹഫീസിന്റെ പ്രസ്താവനയെ പോസിറ്റീവായി എടുക്കുന്നതിന് പകരം ചില കളിക്കാരിൽ നിന്ന് സോഷ്യൽ മീഡിയ ട്വീറ്റുകൾ വന്നിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടികാണിച്ചു. മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ബാസിത് അലിയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കവെയാണ് പ്രതികരണമറിയിച്ചത്.
‘1990-കളിലെ കളിക്കാർ ഇപ്പോഴും പരസ്പരം എതിർത്ത് സംസാരിക്കുന്നു. അന്നും ഇതുതന്നെയായിരുന്നു സംഭവിച്ചിരുന്നത്. ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. ആ സമയത്ത് നമ്മൾ കൂടുതൽ ടൂർണമെന്റുകൾ ജയിക്കേണ്ടതായിരുന്നു.
അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ, പാകിസ്ഥാൻ ഓസ്‌ട്രേലിയയുടെയും ഇന്ത്യയുടെയും അതേ നിലവാരത്തിലാകുമായിരുന്നു. നിങ്ങൾ ഇവയെ പോസിറ്റീവായി എടുക്കണം. ഇപ്പോൾ പോലും എല്ലാം നിങ്ങളുടെ മുന്നിലുണ്ട്, ഇരുവശത്തുനിന്നും വന്ന ട്വീറ്റുകൾ; അന്നും അത് അങ്ങനെ തന്നെയായിരുന്നു,’ അക്മൽ പറഞ്ഞു.
പാകിസ്ഥാൻ ടീമിന്റെ ഭാഗമാവുന്നതിൽ ഒരു ബുദ്ധിമുട്ടില്ലെന്നും മൂല്യത്തിന്റെ അടിസ്ഥാനത്തിലല്ല ടീമിലേക്ക് താരങ്ങളെ തെരഞ്ഞെടുക്കുന്നതെന്നും അക്മൽ കൂട്ടിച്ചേർത്തു.
‘പാകിസ്ഥാൻ ടീമിന്റെ ഭാഗമാകുന്നതിൽ ഒരു ബുദ്ധിമുട്ടോ മൂല്യമോ ഇല്ല. എല്ലാവരും അവർക്ക് ഇഷ്ടമുള്ള മൂന്ന്-മൂന്ന് കളിക്കാരെ തിരഞ്ഞെടുത്ത് ടീമിനെ ഉണ്ടാക്കിയിട്ടുണ്ട്.
പാകിസ്ഥാൻ ക്രിക്കറ്റിലെ തീരുമാനമെടുക്കുന്നവർ അവരുടെ ക്വാട്ടകൾ സെലക്ഷൻ കമ്മിറ്റിക്ക് നൽകിയിട്ടുണ്ട്. ടീമുകളെ മെറിറ്റിന്റെ അടിസ്ഥാനത്തിലല്ല തിരഞ്ഞെടുത്തത്, ഇത് വളരെക്കാലമായി തുടരുന്നു,’ നാല്പത്തിമൂന്നുകാരനായ താരം പറഞ്ഞു.
Content Highlight: Kamran Akmal replied to Muhammed Hafeez’s statement after Pakistan’s performance in Champions Trophy