| Tuesday, 14th July 2026, 2:47 pm

വിദ്യാ ബാലൻ പിന്മാറാൻ കാരണം രാഷ്ട്രീയം തന്നെയായിരുന്നു, മതം മാറിയ മാധവിക്കുട്ടിയെ ഉത്തരേന്ത്യയിലെ സംഘപരിവാറുകാർക്ക് പേടിയാണല്ലോ: കമൽ

നന്ദന. ടി

മലയാള സിനിമയിലെ ജീവചരിത്ര ചിത്രങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമകളായിരുന്നു കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡ്, ആമി എന്നിവ. പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ ആമി, പുറത്തിറങ്ങിയ വേളയിൽ വലിയ രീതിയിലുള്ള രാഷ്ട്രീയ-സാമൂഹിക വിമർശനങ്ങളാണ് നേരിട്ടത്. സിനിഗ്രാം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആ വിമർശനങ്ങളെക്കുറിച്ച് സംസാരിക്കുന്നു സംവിധായകൻ കമൽ.

കമൽ.photo.screen grab/youtube

ആമി നേരിട്ട പ്രധാന വെല്ലുവിളി, ചിത്രത്തിൽ ആദ്യം അഭിനയിക്കേണ്ടിയിരുന്നത് വിദ്യാ ബാലൻ ആയിരുന്നു എന്നതാണ്. എന്നാൽ അവസാന നിമിഷം അവർ മാറിയപ്പോൾ പകരം വന്ന മഞ്ജു വാര്യർക്ക് നേരെ ഒരുപാട് കുറ്റപ്പെടുത്തലുകൾ ഉണ്ടായി. മഞ്ജുവിന്റെ അഭിനയം ശരിയായില്ല എന്ന രീതിയിലുള്ള പ്രചാരണം പല കാരണങ്ങൾ കൊണ്ട് പല കോണുകളിൽ നിന്നും ഉയർന്നു വന്നിരുന്നു.

മാധവിക്കുട്ടി കമല സുരയ്യ യായി മതം മാറിയത് വലിയൊരു വിവാദമാക്കി മാറ്റാൻ ചിലർ ശ്രമിച്ചു. ഒപ്പം, മാധവിക്കുട്ടിയെ ഓരോരുത്തരും മനസിലാക്കി വെച്ചിരിക്കുന്നത് ഓരോ രീതിയിലാണ്. അപ്പോൾ പ്രേക്ഷകർ അവരുടെ മനസിൽ കാണുന്ന മാധവിക്കുട്ടിയെ ആയിരിക്കില്ല ഞാൻ സിനിമയിൽ അവതരിപ്പിച്ചത്. ആ ഒരു അഭിപ്രായവ്യത്യാസം അവിടെയുണ്ടായിരുന്നു. കൂടാതെ, സ്ത്രീകൾ ഒക്കെ ധരിച്ചുവെച്ചിരുന്നത് മാധവിക്കുട്ടി അവരുടെ മാത്രം സ്വന്തമാണെന്നാണ്. അപ്പോൾ ഒരു പുരുഷനായ ഞാൻ അത് സംവിധാനം ചെയ്തപ്പോൾ ചില ബുദ്ധിജീവികളായ സ്ത്രീകൾക്ക് ‘ഞങ്ങളുടെ മാധവിക്കുട്ടി അങ്ങനെയല്ല’ എന്നൊരു വിയോജിപ്പ് തോന്നി.

ഞാൻ അവരോട് പറഞ്ഞത്, നിങ്ങളുടെ മനസ്സിലെ മാധവിക്കുട്ടി അവരുടെ എന്റെ കഥ എന്ന പുസ്തകത്തിലുള്ളതാണ്, എന്നാൽ ഞാൻ സിനിമ ചെയ്തത് ആ എന്റെ കഥ എഴുതിയ മാധവിക്കുട്ടിയെക്കുറിച്ചാണ് . അവർക്ക് വളരെ വ്യക്തിപരമായ കാര്യങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ജീവിതം കൂടിയുണ്ട്. അവരും സാധാരണ ഒരു സ്ത്രീയായിരുന്നു, ഗൃഹാതുരത്വമുള്ള, ഒരുപാട് സ്വപ്നങ്ങൾ കാണുന്ന ഒരു സ്ത്രീ. അതേസമയം തന്നെ വളരെ ബോൾഡ് ആയിട്ടുള്ള അവരുടെ വ്യക്തിത്വത്തെയും സിനിമയിൽ ഞാൻ അവതരിപ്പിച്ചിട്ടുണ്ട്.

അതുപോലെ അവർ മതം മാറാൻ തീരുമാനിച്ചതിനെ പല രീതിയിലാണ് ആളുകൾ വ്യാഖ്യാനിക്കുന്നത്. അതിന്റെ യഥാർത്ഥ സത്യാവസ്ഥ നമുക്കറിയില്ല. മതം എന്നത് ഒരു വസ്ത്രം മാറ്റി മറ്റൊന്ന് ഇടുന്നത് പോലെയാണ് എന്ന് അവർ തന്നെ പറഞ്ഞിട്ടുള്ളതുമാണ്. അവർ അങ്ങനെയാണ് മതത്തെ കണ്ടിട്ടുള്ളത്, അത് അവരുടെ കംഫർട്ട് ആയിരിക്കാം. സിനിമയിലും ഞാൻ ആ ഒരു രീതിയിൽ തന്നെയാണ് പറഞ്ഞുപോയിട്ടുള്ളത്. ഒരു വിഭാഗത്തെ കുറ്റപ്പെടുത്താനോ, മറ്റൊരു വിഭാഗത്തെ പിന്തുണയ്ക്കാനോ ഞാൻ ശ്രമിച്ചിട്ടില്ല. എനിക്ക് ശരിയെന്ന് തോന്നിയതാണ് ഞാൻ അവിടെ ചെയ്തത്.

പിന്നെ വിദ്യാ ബാലൻ ആ കഥാപാത്രത്തിൽ നിന്നും പിന്മാറാൻ കാരണം രാഷ്ട്രീയം തന്നെയായിരുന്നു. മതം മാറിയ മാധവിക്കുട്ടിയെ ഉത്തരേന്ത്യയിലെ സംഘപരിവാറുകാർക്ക് പേടിയാണല്ലോ. അപ്പോൾ ഹിന്ദി സിനിമകളിൽ ഒക്കെ നിറഞ്ഞുനിൽക്കുന്ന വിദ്യാ ബാലനെപ്പോലെയുള്ള ഒരു അഭിനേത്രി അങ്ങനെയൊരു സിനിമയിൽ അഭിനയിച്ചാൽ അത് അവരുടെ കരിയറിനെ ബാധിക്കുമോ എന്നൊരു ഭയം അവസാന നിമിഷത്തിൽ അവർക്ക് തോന്നിയിരിക്കാം. ആമി സാമ്പത്തികമായി വലിയ നഷ്ടം വരുത്തിയ ഒരു സിനിമയായിരുന്നു. ആ രീതിയിൽ ചിത്രത്തിന്റെ നിർമാതാവിനോട് പൂർണമായി നീതി പുലർത്താൻ കഴിഞ്ഞില്ല എന്നൊരു വിഷമം എനിക്ക് ഇപ്പോഴുമുണ്ട്,’ കമൽ പറഞ്ഞു.

ആമി.photo.AOF

Content Highlight: Kamal talks about the  political controversies, casting challenges and other  criticisms faced by his biopic Aami
നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more