മലയാളത്തിലെ ക്യാമ്പസ് ചിത്രങ്ങളിൽ എക്കാലത്തെയും വലിയ സൂപ്പർഹിറ്റുകളാണ് കമൽ സംവിധാനം ചെയ്ത നിറം (1999), നമ്മൾ (2002) എന്നിവ. കുഞ്ചാക്കോ ബോബൻ – ശാലിനി കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘നിറം’ അന്നത്തെ യുവതലമുറയ്ക്കിടയിൽ ഒരു തരംഗമായി മാറിയപ്പോൾ, ജിഷ്ണു, സിദ്ധാർത്ഥ്, ഭാവന, രേണുക മേനോൻ തുടങ്ങിയ പുതിയ മുഖങ്ങളെ അണിനിരത്തി കൊണ്ട് നമ്മൾ എന്ന ചിത്രത്തിലൂടെ കമൽ ക്യാമ്പസ് ആവേശം വീണ്ടും തിരികെ കൊണ്ടുവന്നു. സൗഹൃദവും പ്രണയവും മനോഹരമായ പാട്ടുകളും കോർത്തിണക്കിയ ഈ രണ്ട് ചിത്രങ്ങളും ഇന്നും പ്രേക്ഷകമനസുകളിൽ മായാതെ കിടക്കുന്നവയാണ്. ഇപ്പോഴിതാ ഇന്നത്തെ സിനിമയിൽ സംഭവിച്ചിട്ടുള്ള കാലമാറ്റത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറയുകയാണ് കമൽ. സിനിഗ്രാം എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കമൽ.photo.screen grab/youtube
‘സിനിമയിൽ കാലത്തിനനുസരിച്ച് കഥയുടെ രൂപം മാറുന്നുണ്ട്. കഥയ്ക്കനുസരിച്ചാണല്ലോ കഥാപാത്രങ്ങൾ ഉണ്ടാകുന്നത്, ആ രീതിയിലുള്ള മാറ്റങ്ങൾക്കൊപ്പം തന്നെ സിനിമ കാണുന്ന പ്രേക്ഷകന്റെ അഭിരുചിയും മാറും. ഉദാഹരണത്തിന്, നമ്മൾ ഒരു പത്തോ ഇരുപതോ വർഷം മുൻപ് ചെയ്ത സിനിമയിലെ കഥയും കഥാപാത്രങ്ങളും ഒന്നും ഇപ്പോഴത്തെ ജെൻ സി പിള്ളേർക്ക് ഇഷ്ടപ്പെടണമെന്നില്ല.
ഞാൻ അന്നത്തെ തലമുറയിലെ പിള്ളേരെ വെച്ച്, അല്ലെങ്കിൽ അവർക്ക് വേണ്ടി ചെയ്ത സിനിമകളാണ് നിറവും നമ്മളും ഒക്കെ. നിറം സിനിമയിലെ ആണും പെണ്ണും തമ്മിലുള്ള സൗഹൃദം അക്കാലത്ത് പുതിയൊരു കാര്യമായിരുന്നു. എന്നാൽ ഇന്നത് വളരെ സാധാരണമായ ഒന്നാണ്. ഇന്നത്തെ കുട്ടികൾ ബെസ്റ്റി എന്ന് പറയുന്ന സംഭവം അന്നൊന്നുമില്ല. ആ സമയത്താണ് നിറം വരുന്നത്. അന്ന് ചിത്രത്തിലെ എല്ലാ ഗാനങ്ങൾ പോലും വലിയ ഹിറ്റായിരുന്നു, ഇന്നുമത് ആളുകൾ പാടിനടക്കുന്നുണ്ട്.
ഇന്ന് നമ്മൾ കാണുന്ന ആ ബെസ്റ്റി എന്ന സങ്കൽപ്പം പിന്നീട് നിറം സിനിമയിലൂടെയാണ് ഒരുപാട് ചിത്രങ്ങളിലേക്ക് കടന്നുവരുന്നത്. അക്കാലത്ത് അന്നത്തെ യൂത്തിന് വേണ്ടിയുള്ള സിനിമകളാണ് ഉണ്ടായത്. ഇപ്പോൾ ആ യൂത്ത് മാറി അവരെല്ലാം നാൽപ്പതുകളിലേക്ക് പ്രായമെത്തിയവരായി മാറി. ഇപ്പോൾ പുതിയ യൂത്ത് വന്നു, അപ്പോൾ അവരുടെ അഭിരുചിക്കനുസരിച്ചുള്ള സിനിമകളാണ് ഉണ്ടാകുന്നത് അത് കൊണ്ട് കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ സിനിമകളിലും ഒപ്പം കഥാപാത്രങ്ങൾക്കും സംഭവിക്കും,’കമൽ പറഞ്ഞു.
നിറം.photo.screen grab/youtube