| Wednesday, 14th October 2026, 4:30 pm

ആ ക്യാരക്ടര്‍ മഞ്ജുവിന് ചെയ്യാന്‍ പറ്റുമോ എന്ന് ആര്‍ക്കും അറിയില്ലായിരുന്നു: കമല്‍

അശ്വിന്‍ രാജേന്ദ്രന്‍

ലേഡി സൂപ്പര്‍സ്റ്റാറാണെന്ന് പ്രേക്ഷകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന അഭിനേത്രിയാണ് മഞ്ജു വാര്യര്‍. 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് അരങ്ങേറ്റം കുറിച്ച മഞ്ജു വാര്യര്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച നായിക നടിമാരിലൊരാളായി പ്രേക്ഷക ഹൃദയങ്ങളില്‍ സ്ഥാനം നേടിയെടുക്കുകയായിരുന്നു.

മഞ്ജു വാര്യര്‍. Photo: X.com

ലാല്‍ ജോസ് സംവിധാനം ചെയ്ത് 1996ല്‍ പുറത്തിറങ്ങിയ സല്ലാപം എന്ന ചിത്രമാണ് താരത്തെ മലയാളത്തില്‍ ശ്രദ്ധേയയാക്കുന്നത്. സമാനമായി മഞ്ജുവിന്റെ കരിയറില്‍ വഴിത്തിരിവായ മറ്റൊരു ചിത്രമായിരുന്നു അതേ വര്‍ഷം പുറത്തിറങ്ങിയ ഈ പുഴയും കടന്ന്. ശത്രുഘ്‌നന്‍ തിരക്കഥയെഴുതി കമല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപ്, ബിജു മേനോന്‍, ചിപ്പി, സുധീഷ്, മോഹിനി തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു.

ചിത്രത്തിലെ അഞ്ജലി എന്ന ബോള്‍ഡായിട്ടുള്ള കഥാപാത്രത്തെ മഞ്ജു വാര്യര്‍ക്ക് ചെയ്യാന്‍ സാധിക്കുമോ എന്ന് പലര്‍ക്കും സംശയം ഉണ്ടായിരുന്നുവെന്ന് പറയുകയാണ് സംവിധായകന്‍ കമല്‍. ദി ഷോസ്‌കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഞ്ജലി എന്ന കഥാപാത്രം അന്നുവരെ മഞ്ജു ചെയ്തിട്ടില്ലായിരുന്നു. മഞ്ജുവിന് അങ്ങനെ ചെയ്യാന്‍ പറ്റുമോ എന്ന് വരെ ആര്‍ക്കും അറിയില്ലായിരുന്നു. ഇപ്പോഴെല്ലാം സെല്‍ഫ് സഫിഷെന്റായി ജീവിക്കുന്ന പെണ്‍കുട്ടികളെ കുറിച്ചെല്ലാം നമ്മള്‍ പറയുന്നുണ്ടല്ലോ.

ഈ പുഴയും കടന്ന്.Photo: District

ചിത്രത്തില്‍ അഞ്ജലി അത്തരത്തിലൊരു കഥാപാത്രമാണ്. കഷ്ടപ്പെട്ട് ജോലി ചെയ്ത് ഈ രണ്ട് ചേച്ചിമാരോടും ഇങ്ങനെ ജീവിക്കണം എന്ന് പറയുന്ന രീതിയിലുള്ള ബോള്‍ഡായിട്ടുള്ള ക്യാരക്ടറാണ് അവള്‍. ഇതിനെല്ലാം ഇടയിലും ഒരുപാട് നര്‍മം അവളുടെ ക്യാരക്ടറിലുണ്ട്. ദിലീപിനെ കാണുന്ന ആദ്യത്തെ സീനില്‍ തന്നെ ബാക്കി കൊടുക്കാന്‍ പൈസ ഇല്ലാതാകുമ്പോള്‍ കടയില്‍ പോയി സിഗററ്റ് വാങ്ങിച്ച് അയാള്‍ക്ക് കൊടുത്തിട്ട് ബാക്കി വെച്ചോ എന്ന് പറഞ്ഞിട്ട് പോകുന്ന ക്യാരക്ടറാണ്. ഇത്തരത്തിലൊരു ബോള്‍ഡായിട്ടുള്ള ക്യാരക്ടറിലേക്ക് മഞ്ജുവിനെ മാറ്റിയെടുക്കുകയായിരുന്നു,’ കമല്‍ പറഞ്ഞു.

Content Highlight: Kamal talks about Manju warrier’s role in Ee puzhayum Kadann

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more