| Tuesday, 13th October 2026, 10:17 pm

മോഹന്‍ലാല്‍ അഭിനയിക്കുമ്പോള്‍ അതിനൊരു പുതുമ ഇല്ല, മമ്മൂട്ടി ചെയ്യുമ്പോഴാണ് പുതുമ വരുന്നത്: കമല്‍

അശ്വിന്‍ രാജേന്ദ്രന്‍

കാക്കൊത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, ഉള്ളടക്കം, മഴയെത്തും മുമ്പേ, ഈ പുഴയും കടന്ന്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, നിറം, നമ്മള്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനും തിരക്കഥാകൃത്തുമാണ് കമല്‍. കറുത്ത പക്ഷികള്‍, പെരുമഴക്കാലം, സെല്ലുലോയ്ഡ് എന്നീ ചിത്രങ്ങളിലൂടെ ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിലും സംവിധായകന്‍ വലിയ നേട്ടം സ്വന്തമാക്കിയിരുന്നു.

കമലിന്റെ ഫിലിമോഗ്രാഫിയിലെ ഒട്ടേറെ പേരുടെ പ്രിയപ്പെട്ട ചിത്രമാണ് ശ്രീനിവാസന്‍ തിരക്കഥയെഴുതി 1996ല്‍ പുറത്തിറങ്ങിയ അഴകിയ രാവണന്‍. മമ്മൂട്ടി, ഭാനുപ്രിയ, കൊച്ചിന്‍ ഹനീഫ, ശ്രീനിവാസന്‍, ബിജുമേനോന്‍, രാജന്‍ പി. ദേവ് തുടങ്ങി വലിയ താരനിര അണിനിരന്ന ചിത്രത്തിന് ഇന്നും വലിയ റിപ്പീറ്റ് വാല്യൂവാണുള്ളത്.

അഴകിയ രാവണന്‍. Photo: X.com

ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ശങ്കര്‍ദാസ് താരത്തിന്റെ കരിയറിലെ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളിലൊന്നാണ്. മമ്മൂട്ടി ശങ്കര്‍ ദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനെ കുറിച്ച് കമല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വേദനിക്കുന്ന കോടീശ്വരനെ മമ്മൂട്ടി അവതരിപ്പിക്കുമ്പോഴാണ് അതിലൊരു പുതുമ തോന്നുന്നതെന്ന് സംവിധായകന്‍ ദി ഷോ സ്‌കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

‘അഴകിയ രാവണിനിലെ ശങ്കര്‍ ദാസിനെ മോഹന്‍ലാല്‍ അവതരിപ്പിക്കുമ്പോള്‍ അതിലൊരു പുതുമയില്ല. മമ്മൂട്ടി അവതരിപ്പിച്ചതുകൊണ്ടാണ് അതിലൊരു പുതുമ വരുന്നത്. പൊങ്ങച്ചക്കാരനായിട്ടുള്ള താനാണ് വലുതെന്ന് വിചാരിക്കുന്ന കഥാപാത്രമായിരുന്നു അത്. ആ കാലത്ത് മമ്മൂട്ടിയുടെ ഒരു ഇമേജ് അങ്ങനെയാണെന്ന് എല്ലാവരും പറഞ്ഞുണ്ടാക്കിയിട്ടുണ്ടായിരുന്നു.

കമല്‍. Photo: X.com

അതൊരു പരദൂഷണമായിട്ടാണ് എനിക്ക് തോന്നുന്നത്. യഥാര്‍ത്ഥത്തില്‍ പുള്ളി അങ്ങനെയൊന്നുമല്ല. അദ്ദേഹം വളരെ ശുദ്ധനായിട്ടുള്ള ഒരു മനുഷ്യനാണ്. വേദനിക്കുന്ന കോടീശ്വരനായിട്ട് അദ്ദേഹം അഭിനയിക്കുകയായിരുന്നു. ഞങ്ങള്‍ ഈ കഥ ഉണ്ടാക്കി ആദ്യം കേള്‍പ്പിച്ചത് പ്രൊഡ്യൂസറെ ആയിരുന്നു. ഈ കഥാപാത്രത്തിന് നല്ലത് മോഹന്‍ലാല്‍ അല്ലേ എന്ന് അദ്ദേഹം ചോദിച്ചു. മമ്മൂട്ടിയെ ആ ക്യാരക്ടറായിട്ട് ആര്‍ക്കും ആക്‌സെപ്റ്റ് ചെയ്യാന്‍ പറ്റിയിരുന്നില്ല,’ കമല്‍ പറഞ്ഞു.

Content Highlight: Kamal talks about Mammootty’s character in Azhakiya Ravanan

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more