| Sunday, 27th July 2025, 3:52 pm

കൈതപ്രം എനിക്കായി എഴുതിയ പാട്ടുകളില്‍ ഏറ്റവും ഇഷ്ടപ്പെട്ടത് ആ മമ്മൂട്ടി ചിത്രത്തിലേത്: കമല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് കമല്‍. നിരവധി മികച്ച സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. കമലിന്റെ സംവിധാനത്തില്‍ 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മഴയെത്തും മുന്‍പെ.

മമ്മൂട്ടി, ശ്രീനിവാസന്‍, ശോഭന, ആനി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് മുരളി ഫിലിംസിന്റെ ബാനറില്‍ വി.പി. മാധവന്‍ ആണ് ഈ സിനിമ നിര്‍മിച്ചത്. ശ്രീനിവാസന്‍ രചന നിര്‍വഹിച്ച ചിത്രത്തിലെ ‘ആത്മാവിന്‍ പുസ്തകത്താളില്‍’ എന്ന പാട്ടിന് വരികള്‍ എഴുതിയത് കൈതപ്രം ആയിരുന്നു.

ഇപ്പോള്‍ കൈതപ്രത്തെ കുറിച്ചും ഈ പാട്ടിനെ കുറിച്ചും പറയുകയാണ് സംവിധായകന്‍ കമല്‍. ആത്മാവിന്‍ പുസ്തകത്താളില്‍ എന്ന പാട്ടിന്റെ ഈണം റെഡിയായെങ്കിലും വരികള്‍ കൈതപ്രം എഴുതിയിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

തനിക്കാണെങ്കില്‍ അന്നുതന്നെ തിരിച്ച് കൊടുങ്ങല്ലൂരേക്ക് പോകണമായിരുന്നുവെന്നും ‘കുഴപ്പമില്ല. ഞാന്‍ എഴുതി എത്തിക്കാം’ എന്ന് കൈതപ്രം ഉറപ്പുതന്നുവെന്നും കമല്‍ പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഞാന്‍ കൊടുങ്ങല്ലൂരിലെ വീട്ടിലിരിക്കുമ്പോള്‍ രാത്രി തിരുമേനിയുടെ ഫോണ്‍കോള്‍ വന്നു. ഫോണിലൂടെ പാട്ടുപാടി കേള്‍പ്പിച്ചു. അതിശയിച്ചു പോയി. അതിഗംഭീരം. സിനിമയുടെ കഥ മുഴുവന്‍ ആ പാട്ടിലുണ്ടായിരുന്നു.

‘കഥയറിയാതിന്ന് സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈവെടിഞ്ഞു’. അദ്ദേഹം എനിക്കുവേണ്ടി എഴുതിയതില്‍ ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളില്‍ ഒന്നാണത്. ‘ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍പ്പീലി പിടഞ്ഞു’ എന്ന് ആദ്യം കേള്‍ക്കുമ്പോള്‍ പൈങ്കിളിയായി തോന്നിയേക്കാം.

പക്ഷേ ആ വരികളില്‍ ആത്മാവുണ്ട്. അതുകൊണ്ടാണ് എന്റെ പുസ്തകത്തിന് ആത്മാവിന്‍ പുസ്തകത്താളില്‍ എന്ന് ഞാന്‍ തലക്കെട്ട് ചാര്‍ത്തിയത്,’ കമല്‍ പറയുന്നു.

Content Highlight: Kamal Talks About kaithapram and Mazhayethum Munpe Movie

We use cookies to give you the best possible experience. Learn more