| Sunday, 26th July 2026, 8:00 pm

കൊറിയൻ ചിത്രങ്ങളിലെ വയലൻസ് അതേപടി അനുകരിക്കേണ്ടതില്ല മലയാള സിനിമയ്ക്ക് അതിന്റേതായ ഒരു ഭാവുകത്വമുണ്ട് : കമൽ

നന്ദന. ടി

മലയാളികൾ നെഞ്ചിലേറ്റിയ നിരവധി പ്രണയ-കുടുംബ ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഒരു ഇടം കണ്ടെത്തിയ സംവിധായകനാണ് കമൽ. ഇപ്പോഴിതാ, പുതിയ തലമുറയിലെ സിനിമകളിൽ തന്നെ ആകർഷിച്ചതും ആശങ്കപ്പെടുത്തിയതുമായ കാര്യങ്ങളെക്കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം. സിനിഗ്രാം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കമൽ.

കമൽ.photo.screen grab/yotube

‘എന്നെ ആകർഷിച്ച പുതിയ തലമുറയിൽപ്പെട്ട ഒരുപാട് സിനിമകൾ ഉണ്ട്. ആശങ്കപ്പെടുത്തിയത് എന്ന് പറഞ്ഞാൽ ഇപ്പോഴത്തെ സിനിമകളിലെ വയലൻസ് ആണ്. ഒരു ഘട്ടത്തിൽ മലയാള സിനിമയിൽ ഒരുപാട് വയലൻസ് വന്നിട്ടുണ്ടായിരുന്നു. സിനിമയിൽ വയലൻസ് കൊണ്ടുവരുന്നതുകൊണ്ട് പ്രശ്നമൊന്നുമില്ല, എന്നാൽ അതിന് കൃത്യമായ ഒരു ലക്ഷ്യം വേണം. അല്ലാതെ വെറുതെ വയലൻസ് കാണിക്കാൻ വേണ്ടിയാവരുത് അത്. ഉദാഹരണത്തിന്, ഒരാളുടെ കഴുത്തറത്ത് കഷണങ്ങളാക്കി വെട്ടിമുറിക്കുന്നത് പച്ചയായി കാണിക്കുന്നതിനേക്കാൾ അത് ധ്വനിപ്പിക്കാൻ പറ്റിയാൽ അതല്ലേ കല. അവിടെയാണ് അതിന്റെ വ്യത്യാസം. അപ്പോൾ സിനിമയിൽ ഇങ്ങനെ ചോര ചീറ്റുന്നതൊക്കെ കാണിക്കേണ്ടതുണ്ടോ എന്നാണ് ചോദ്യം.

ഒരു സിനിമയിൽ ഒരു ശത്രുവിനെ കൊല്ലണമെന്നോ അല്ലെങ്കിൽ പ്രതികാരം ചെയ്യണമെന്നോ ഉണ്ടെങ്കിൽ അത് സിനിമയിൽ വേണം. പക്ഷെ അത് പച്ചയായി മുഴുവൻ കാണിച്ചുതന്നെ ചെയ്യണമെന്നില്ലല്ലോ. അപ്പോൾ അത് സൂചിപ്പിക്കാൻ കഴിയുന്നിടത്താണ് ഒരു കലാകാരൻ ഉണ്ടാവുന്നത്. അല്ലാത്തത് ഒരു കലാപ്രവർത്തനമായിട്ടല്ല, മറിച്ച് കച്ചവടവൽക്കരണമായിട്ടാണ് എനിക്ക് തോന്നുന്നത്. എങ്ങനെയെങ്കിലും ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റാനും കയ്യടി നേടാനുമുള്ള കാര്യങ്ങളൊക്കെ ഇപ്പോൾ രൂക്ഷമായി എല്ലാ ഭാഷയിലെ സിനിമകളിലും കണ്ടുവരുന്നുണ്ട്.

അത് വിദേശ സിനിമകളുടെ, പ്രത്യേകിച്ച് കൊറിയൻ പോലുള്ള സിനിമകളുടെ സ്വാധീനത്തിൽ നിന്ന് ഉണ്ടായതാണ്. അത് ചിലപ്പോൾ ആ രാജ്യങ്ങളിലെ അന്തരീക്ഷത്തിൽ കാണിക്കുന്നതായിരിക്കാം. പക്ഷെ അത് അതേപടി അനുകരിച്ച് മലയാള സിനിമയിൽ ചെയ്യേണ്ട കാര്യമില്ലല്ലോ. കാരണം മലയാള സിനിമയ്ക്ക് അതിന്റേതായ ഒരു ഭാവുകത്വമുണ്ട്. അതനുസരിച്ചുള്ള, രക്തം ചിന്താത്ത മനോഹരമായ പ്രതികാര സിനിമകൾ ഇവിടെ ഉണ്ടായിട്ടുമുണ്ട്.

അപ്പോൾ അതിനോട് മാത്രമേ എനിക്കൊരു വിയോജിപ്പുള്ളൂ. അതല്ലാതെ പുതിയ തലമുറ ചെയ്യുന്ന സിനിമകളോട് യോജിപ്പുള്ള ആളാണ് ഞാൻ. കാരണം അവർ കുറച്ചുകൂടി രാഷ്ട്രീയപരമായി ബോധ്യമുള്ളവരാണ്,’ കമൽ പറഞ്ഞു.

കമൽ.photo.screen grab/youtube

Content Highlight: Kamal talks about increasing violence in new malayalam movies

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more