| Tuesday, 3rd November 2026, 2:06 pm

മമിതയെ വെച്ച് സിനിമ ചെയ്യണമെന്നുണ്ടായിരുന്നു, പ്രൊഡ്യൂസറും നായകനും സമ്മതിച്ചില്ല: കമൽ

അനുപമ കെ. സീത

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സംവിധായകനാണ് കമൽ. ഇപ്പോഴത്തെ തലമുറയിൽ തനിക്കേറ്റവും ഇഷ്ടപെട്ട നായിക മമിത ബൈജുവാണെന്നും താരത്തെ വെച്ച് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും അത് നടക്കാതെ പോയതിനെക്കുറിച്ചും പറയുകയായിരുന്നു അദ്ദേഹം. പോർട്രെയൽസ് ബൈ ഗദ്ദാഫി എന്ന പോഡ്‌കാസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പങ്ക് വെച്ചത്.

‘പുതിയ ജനറേഷനിൽ എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ട ഒരു ആർട്ടിസ്റ്റ് ആണ് മമിത. അതിപ്പോഴല്ല എന്റെ ഒരു നടക്കാതെ പോയ ഒരു സിനിമ ഉണ്ട്. അത് നടക്കണമെന്ന് ആഗ്രഹിച്ചിട്ട് അടുത്ത കാലത്ത് വേറെ ചില കാരണങ്ങൾ കൊണ്ട് മാറിപ്പോയതാണ്. അന്ന് മമിത അഭിനയിച്ച ഖോ ഖോ കണ്ട് എനിക്ക് ആ പടത്തിലെ മമിതയുടെ ക്യാരക്ടർ  ഭയങ്കരായിട്ട് ഇഷ്ടപ്പെട്ടിരുന്നു. അസലായിട്ട് ചെയ്തിട്ടുണ്ട് ആ കുട്ടി.

ഖോ ഖോ കണ്ടിട്ട് ഞാൻ ഈ കുട്ടിയെ നമ്മുടെ ക്യാരക്ടറായിട്ട് നായികയായിട്ട് അഭിനയിപ്പിക്കണം എന്ന് വിചാരിച്ചു. പിന്നെ തീരുമാനിച്ച് ഹീറോയോടും പ്രൊഡ്യൂസറോടൊക്കെ പറഞ്ഞു. പക്ഷേ അവർക്ക് അത്ര പുതുമുഖമായിട്ടുള്ള നായിക പോരാ കുറച്ചുകൂടി വലിയ നായിക വേണം എന്ന് ഹീറോ അടക്കം പറഞ്ഞു. ഞാൻ പറഞ്ഞു ഈ കുട്ടി നാളെ ഭാവിയിൽ വലിയൊരു നായികയാവും നിങ്ങൾ നോക്കിക്കോ എന്ന്,’ അദ്ദേഹം വ്യക്തമാക്കി.

അതിനുശേഷമാണ് താൻ സൂപ്പർ ശരണ്യ കാണുന്നതെന്നും തനിക്ക് മമിതയെ തന്നെ നായികയായിട്ട് മതിയെന്നുള്ള രീതിയിൽ പ്രൊഡ്യൂസറുടെ അടുത്ത് വീണ്ടും പറഞ്ഞുവെന്നും നമുക്ക് നായകനോട് കൺവിൻസ് ചെയ്യിക്കാം എന്ന് അദ്ദേഹം പറയുകയും ചെയ്തുവെന്നാണ് കമൽ പറയുന്നത്. അങ്ങനെ താൻ മമിതയെ വിളിക്കുകയും അവരോട് ക്യാരക്ടറിനെ കുറിച്ച് പറയുകയും അവർക്കത് ഇഷ്ടപ്പെടുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

കമല്‍. Photo: Youtube.com

‘വേറെ ഒന്ന് രണ്ട് നായികമാരുടെ അടുത്ത് പറഞ്ഞിട്ട് അവർക്ക് വർക്കായില്ല. കുറച്ച് നെഗറ്റീവ് ഷേഡ് ഒക്കെയുള്ള ഒരു ക്യാറക്റ്ററാണ്. പക്ഷേ ഈ കുട്ടിക്ക് അത് ഭയങ്കരമായിട്ട് വർക്കാവുകയും ഭയങ്കര കൗതുകത്തോടുകൂടി കേൾക്കുകയുമായിരുന്നു. ഞാൻ കഥ പറയുമ്പോഴും നറേറ്റ് ചെയ്യുമ്പോഴും അവരുടെ മുഖത്തെ എക്സ്പ്രഷൻ എനിക്കിപ്പോഴും ഓർമ്മയുണ്ട്. ഞാൻ അവരോട് നിങ്ങളെ തന്നെയാണ് ഞാൻ ഉദ്ദേശിക്കുന്നതെന്ന് പറഞ്ഞു.

അങ്ങനെ പറഞ്ഞ് പിരിയുകയും ഡേറ്റ് ഒക്കെ നേരത്തെ പറയണമെന്ന് അവരുടെ അമ്മ പറയുകയും ചെയ്തു. അതിനുശേഷം വീണ്ടും നായകനും പ്രൊഡ്യൂസറും അവർ പോരാ വലിയ നായിക വേണമെന്ന് പറഞ്ഞ് ഇവരെ വേണ്ട എന്ന് വെയ്ക്കുകയായിരുന്നു. എനിക്ക് വിഷമം തോന്നി കാരണം എന്റെ ജീവിതത്തിൽ അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

മമിത ബൈജു.Photo: Facebook.com

എന്തുകൊണ്ട് മമിതയെ അവർ വേണ്ടെന്ന് പറഞ്ഞുവെന്നും അതിനുശേഷം മൂന്നാലു മാസം കഴിഞ്ഞപ്പോഴാണ് പ്രേമലു ഇറങ്ങുകയും നടി വലിയ താരമായ് മാറുകയും ചെയ്തതെന്നും കമൽ വ്യക്തമാക്കി. ഇപ്പോൾ ആ പ്രൊഡ്യൂസർക്ക് മമിതയെ വെച്ചിട്ട് ചെയ്യാമായിരുന്നുവെന്ന് തോന്നുന്നുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘നായകനെക്കാളും പ്രാധാന്യം നായികക്കായിരുന്നു ആ ക്യാരക്‌ടർ. നായകന് കംപാരറ്റീവ്‌ലി ചെറിയ റോളാണ് ആ സിനിമയിലുള്ളത്. സ്ക്രീൻ സ്പേസും ക്യാരക്ടർ നോക്കുമ്പോഴും നായികക്ക് വളരെ പ്രാധാന്യമുള്ള സിനിമയായിരുന്നു. അതെനിക്ക് ചെയ്യാൻ പറ്റില്ല എന്നുള്ളതാണ് സത്യം. സ്റ്റിൽ ചെയ്യണമെന്ന് ആഗ്രഹിച്ചുകൊണ്ടിരിക്കുന്ന ഒരു സിനിമയാണത്,’ അദ്ദേഹം പറഞ്ഞു.

Content Highlight: Kamal stated that he had wanted to make a movie with Mamitha, but the producer and the lead actor did not agree.

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more