മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. മിഴിനീര്‍പൂക്കള്‍ മുതല്‍ ഓരോ സിനിമയും പ്രേക്ഷകര്‍ക്ക് വ്യത്യസ്ത അനുഭവമാക്കാന്‍ കമലിന് സാധിച്ചു. നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കമലിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നാണ് രാപ്പകല്‍.
മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രം അന്നത്തെ കാലത്ത് സൂപ്പര്‍ഹിറ്റായിരുന്നു. കൃഷ്ണന് എന്ന കഥാപാത്രമായി മമ്മൂട്ടിയുടെ മികച്ച പെര്‍ഫോമന്‍സ് രാപ്പകലില്‍ കാണാന്‍ സാധിച്ചു. എന്നാല്‍ കൊവിഡിന് ശേഷം ചിത്രം ട്രോള്‍ പേജുകളുടെ ഇരയായി മാറി. കുടുംബത്തിലെ ആവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങളില്‍ കയറി തലയിടുന്ന കൃഷ്ണനെ ഇപ്പോഴും ട്രോള്‍ പേജുകള്‍ വെറുതെ വിടുന്നില്ല.
രാപ്പകലിനെക്കുറിച്ചുള്ള ട്രോളുകളില്‍ പ്രതികരിക്കുകയാണ് സംവിധായകന് കമല്‍. മമ്മൂട്ടിയുടെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളിലൊന്ന് രാപ്പകലിലാണ് കണ്ടതെന്നും പലര്‍ക്കും ആ കഥാപാത്രം കണക്ടായെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോഴത്തെ തലമുറക്ക് ആ കഥാപാത്രത്തെ കണക്ടാക്കാന്‍ സാധിച്ചില്ലെന്നും അതുകൊണ്ടാണ് ട്രോള്‍ മെറ്റീരിയലായതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. പോര്‍ട്രയല്‍ ബൈ ഗദ്ദാഫിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘രാപ്പകലിന്റെ റോസ്റ്റ് വീഡിയോ ഞാനും കാണാറുണ്ട്. ചില വീഡിയോ കണ്ട് നല്ലവണ്ണം ചിരിച്ചു. ആ കഥാപാത്രം മോശമാണെന്നോ അയാളെ ട്രോളിയവര്‍ മോശക്കാരാണെന്നോ എനിക്ക് അഭിപ്രായമില്ല. രണ്ട് തലമുറയില്‍ പെട്ട ആളുകള്‍ രണ്ട് രീതിയിലാണ് കൃഷ്ണന് എന്ന കഥാപാത്രത്തെ കാണുന്നത്. അത് അവരാരുടെയും കുറ്റമല്ല.
ഞങ്ങളുടെ കാലത്ത് ഇത്തരത്തില്‍ ഒരുപാട് കൃഷ്ണന്മാര് ഉണ്ടായിരുന്നു. എന്റെ വീട്ടില്‍ അതുപോലെ ഒരു കാര്യസ്ഥനുണ്ട്. വീട്ടിലെ എല്ലാ കാര്യത്തിലും കയറി ഇടപെടുക, ആവശ്യമില്ലാത്ത സ്ഥലത്ത് കയറി അഭിപ്രായം പറയുക എന്നൊക്കെയായിരുന്നു അവരുടെ ശീലം. അത് ഒരിക്കലും ഓവറാക്കുന്നതല്ല. ആ വീട്ടില്‍ അവര്‍ക്ക് അതൊക്കെ ചെയ്യാനുള്ള അവകാശമുണ്ടെന്ന ചിന്ത കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്,’ കമല്‍ പറയുന്നു.
സ്വന്തം വീട് പോലെയും അവിടെയുള്ളവര്‍ എല്ലാം തങ്ങളുടെ ആളാണെന്ന് കരുതിയാണ് അത്തരത്തില്‍ അധികാരം കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ തലമുറയിലുള്ളവര്‍ക്ക് അത് പ്രശ്നമല്ലെന്നും ഇപ്പോഴുള്ള തലമുറക്ക് അത് ശരിയല്ലെന്ന ചിന്തയാണെന്നും കമല്‍ പറഞ്ഞു. രണ്ട് തലമുറകള്‍ തമ്മിലുള്ള ചിന്താഗതിയുടെ വ്യത്യാസമാണിതെന്നും അദ്ദേഹം പറയുന്നു.
Content Highlight: Kamal shares his opinion on trolls about Rappakal movie