| Thursday, 29th October 2026, 8:52 pm

ഡയലോഗിനിടക്ക് കണ്ണ് ചിമ്മുന്നത് അസിന് കണ്‍ട്രോള്‍ ചെയ്യാനായില്ല, രണ്ട് തവണ ഓഡിഷന്‍ ചെയ്തിട്ടും ശരിയാകാത്തതുകൊണ്ട് അവരെ മാറ്റേണ്ടി വന്നു: കമല്‍

അമര്‍നാഥ് എം.

മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ ഒരുപിടി നല്ല സിനിമകള്‍ സമ്മാനിച്ച സംവിധായകനാണ് കമല്‍. മിഴിനീര്‍പൂക്കള്‍ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ അദ്ദേഹം നിരവധി ചിത്രങ്ങള്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. മികച്ച സംവിധായകനും തിരക്കഥാകൃത്തിനുമുള്ള സംസ്ഥാന അവാര്‍ഡുകള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.

എല്ലാതരം ഴോണറിലുള്ള സിനിമയും ചെയ്യാനുള്ള കഴിവാണ് മറ്റ് സംവിധായകരില്‍ നിന്ന് കമലിനെ വേറിട്ട് നിര്‍ത്തുന്നത്. ഏത് തരം പ്രേക്ഷകരെയും അട്രാക്റ്റ് ചെയ്യാനുള്ള കഥപറച്ചിലും കമലിന്റെ സവിശേഷതയാണ്. മലയാളത്തിലെ മികച്ച ക്യാമ്പസ് സിനിമകളായ നിറം, നമ്മള്‍ എന്നിവ കമലിന്റെ ഓള്‍ ടൈം ഫേവറെറ്റുകളാണ്.

കുഞ്ചാക്കോ ബോബന്‍- ശാലിനി കോമ്പോയിലൊരുങ്ങിയ നിറം അന്നത്തെ കാലത്ത് സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് കമല്‍. നായകനായി കുഞ്ചാക്കോ ബോബന്‍ തന്നെയായിരുന്നു മനസിലെന്നും എന്നാല്‍ നായികയായി ശാലിനിയുടെ ഡേറ്റ് കിട്ടിയില്ലായിരുന്നെന്നും കമല്‍ പറഞ്ഞു. പോര്‍ട്രയല്‍സ് ബൈ ഗദ്ദാഫി ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശാലിനിയുടെ ഡേറ്റ് കിട്ടാന്‍ ആ സമയത്ത് പ്രയാസമായിരുന്നു. അവര്‍ ആ സമയത്ത് തമിഴില്‍ നല്ല തിരക്കുള്ള നടിയായിരുന്നു. പക്ഷേ, ഞങ്ങള്‍ പ്രതീക്ഷ കൈവിട്ടില്ല. സോന എന്ന ക്യാരക്ടറിലേക്ക് വേറെ ചിലരെ ഓഡിഷന്‍ ചെയ്തു. അതിലൊരാളായിരുന്നു അസിന്‍. അന്ന് അവര്‍ സിനിമയിലെത്തിയിട്ടില്ല. ഓഡിഷന്‍ ചെയ്തപ്പോള്‍ എനിക്ക് ഓക്കെയായില്ല.

കാരണം, ഡയലോഗ് പറയുമ്പോഴൊക്കെ കണ്ണ് അടിക്കടി ബ്ലിങ്ക് ചെയ്യുന്നുണ്ടായിരുന്നു. ഒരുതവണയോ രണ്ട് തവണയോ അല്ല, തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുകയാണ്. അത് ശരിയാക്കിയിട്ട് നോക്കാമെന്ന് ഞാന്‍ പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞ് വീണ്ടും ഓഡിഷന്‍ ചെയ്തപ്പോഴും ഇതേ പ്രശ്‌നമായിരുന്നു. എത്ര ശ്രമിച്ചിട്ടും അത് അവര്‍ക്ക് കണ്‍ട്രോള്‍ ചെയ്യാനായില്ല. അക്കാരണം കൊണ്ട് അസിനെ ഒഴിവാക്കേണ്ടി വന്നു,’ കമല്‍ പറഞ്ഞു.

പിന്നീട് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന ചിത്രത്തില്‍ അസിന്‍ സെക്കന്‍ഡ് ഹീറോയിന്‍ ആയെന്നും ആ സിനിമയിലും ഇതേ പ്രശ്‌നം ഉണ്ടെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. മലയാളം വിട്ട് തമിഴിലെത്തിയപ്പോള്‍ ഈയൊരു പ്രശ്‌നം അസിന്‍ കണ്‍ട്രോള്‍ ചെയ്‌തെന്നും വലിയ തിരക്കുള്ള നടിയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Kamal saying he auditioned Asin for Niram movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more