| Tuesday, 27th November 2018, 10:45 pm

തമിഴ്‌നാട് സ്തംഭിച്ചിരിക്കുകയാണ്, സഹായിക്കണം; പിണറായിക്ക് കമല്‍ഹാസന്റെ കത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഗജ ചുഴലിക്കാറ്റില്‍ തകര്‍ന്ന തമിഴ്‌നാടിനായി സഹായമഭ്യര്‍ഥിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയന് തമിഴ് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ ഹാസന്‍ കത്തെഴുതി. രാഷ്ട്രീയത്തിന് അതീതമായി പ്രവര്‍ത്തിക്കണമെന്നും തമിഴ് ജനതയ്ക്ക് പിന്തുണ പ്രഖ്യാപിക്കണമെന്നും കത്തിലൂടെ ആവശ്യപ്പെട്ടു.

” തമിഴ്‌നാട് സ്തംഭിച്ചിരിക്കുകയാണ്. ജനജീവിതം ദുസ്സഹമായി. കാര്‍ഷികവിളകള്‍ തകര്‍ന്നു. മത്സ്യബന്ധനബോട്ടുകള്‍ തകര്‍ന്നു. ഇത് സാധാരണക്കാരായ കര്‍ഷകരുടേയും മത്സ്യത്തൊഴിലാളികളുടേയും ജീവിതം തകര്‍ത്തിരിക്കുകയാണ്. അതിനാല്‍ മനുഷ്യത്വത്തിലൂന്നി സഹായിക്കണം. അങ്ങനെ പ്രവര്‍ത്തിക്കുന്നതാണ് മനുഷ്യരായിരിക്കുന്നതിലെ മൂല്യവും-കമല്‍ പിണറായി വിജയനു എഴുതിയ കത്തില്‍ കുറിച്ചു.

ALSO READ: സൂപ്പർഹീറോ ചിത്രം ‘അക്വാമാന്’ വൻ പ്രേക്ഷക പ്രതികരണം

ഗജമൂലമുണ്ടായ നാശനഷ്ടങ്ങള്‍ മറികടക്കാന്‍ തമിഴ്‌നാടിന് നാളുകള്‍ കഴിയും അത്‌കൊണ്ട് കേരളം കൂടെനില്‍ക്കണമെന്നും കമല്‍ഹാസന്‍ അഭ്യര്‍ഥിച്ചു.

തമിഴ്‌നാട്ടിലെ തഞ്ചാവൂര്‍, തിരുവാരൂര്‍, നാഗപ്പട്ടണം, പുതുക്കോട്ടൈ തുടങ്ങിയ ഇടങ്ങളിലാണ് ഗജ ചുഴലിക്കാറ്റ്് ഏറെയും ബാധിച്ചത്. 63 പേര്‍ മരിച്ചെന്നാണ് കണക്കുകള്‍. ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീട് നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്്.

ഓഗസ്റ്റില്‍ കേരളം വന്‍പ്രളയം നേരിട്ടപ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ കോടികണക്കിന് രൂപയുടെ സഹായമാണ് പ്രഖ്യാപിച്ചിരുന്നത്. ഇതിന് പുറമെ സിനിമ-കലാ-സാംസ്‌കാരിക മേഖലയില്‍ നിന്നും നിരവധി സഹായങ്ങളാണ് കേരളത്തിന് ലഭിച്ചത്.

We use cookies to give you the best possible experience. Learn more