| Thursday, 7th August 2025, 11:09 pm

അടുത്ത വര്‍ഷം ഇത്രയധികം ഡോക്ടര്‍മാരുണ്ടാകണമെന്നില്ല; അഗരത്തിന്റെ വേദിയില്‍ നീറ്റിനെതിരെയും കമല്‍ ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: സ്വേച്ഛാധിപത്യത്തിന്റെ ചങ്ങലകള്‍ പൊട്ടിക്കാന്‍ കഴിയുന്ന ഒരേയൊരു ആയുധം വിദ്യാഭ്യാസമാണെന്ന് നടനും രാജ്യസഭാ എം.പിയുമായ കമല്‍ ഹാസന്‍. വിദ്യാഭ്യാസമല്ലാതെ മറ്റൊരു ആയുധം നിങ്ങള്‍ കൈയില്‍ എടുക്കരുതെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്‍ സൂര്യയുടെ ചാരിറ്റി സംഘടനായ അഗരത്തിന്റെ 15ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടന്ന പരിപാടിയിലാണ് കമല്‍ ഹാസന്‍ ഇക്കാര്യം പറഞ്ഞത്.

‘സ്വേച്ഛാധിപത്യത്തിന്റെയും സനാതനവാദത്തിന്റെയും ചങ്ങലകള്‍ പൊട്ടിച്ചെറിയാന്‍ കഴിയുന്ന ഒരേയൊരു ആയുധം വിദ്യാഭ്യാസമാണ്. മറ്റൊരു ആയുധവും നിങ്ങള്‍ കൈയില്‍ എടുക്കരുത്,’ കമല്‍ ഹാസന്‍ പറഞ്ഞു.

2006ലാണ് സൂര്യ അഗരം ഫൗണ്ടേഷന്‍ സ്ഥാപിച്ചത്. കഴിഞ്ഞ 15 വര്‍ഷത്തിനിടയില്‍ 8000 കുട്ടികള്‍ക്ക് അഗരത്തിലൂടെ സൗജന്യ വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. ഇതില്‍ 51 പേര്‍ പഠിച്ച് ഡോക്ടറാകുകയും 1500ലധികം പേര്‍ എഞ്ചിനീയറാകുകയും ചെയ്തു.

ഇവരെല്ലാവരും അഗരം ഫൗണ്ടേഷന്റെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കുകയും ചെയ്തു. എന്നാല്‍ ഇനിയങ്ങോട്ട് ഒരുപക്ഷെ ഇത്രയധികം ഡോക്ടര്‍മാരെ സൃഷ്ടിക്കാന്‍ അഗരത്തിന് സാധിക്കില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു. നീറ്റിനെ മുന്‍നിര്‍ത്തിക്കൊണ്ടായിരുന്നു കമല്‍ ഹാസന്റെ പരാമര്‍ശം.

ഈ വര്‍ഷം അഗരത്തിന്റെ വേദിയിലെത്തിയ അത്രയും ഡോക്ടര്‍മാര്‍ ഒരുപക്ഷെ അടുത്ത വര്‍ഷം ഇവിടെയുണ്ടാകില്ലെന്നാണ് കമല്‍ ഹാസന്‍ പറഞ്ഞത്. 2017 മുതല്‍ ഡോക്ടര്‍മാരെ സൃഷ്ടിക്കുക എന്ന അഗരം ഫൗണ്ടേഷന്റെ ലക്ഷ്യം പ്രതിസന്ധിയിലാണെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

ഈ പ്രതിസന്ധിക്ക് ഒരു കാരണം നീറ്റ് പരീക്ഷയാണ്. 2017 മുതല്‍ മെഡിക്കല്‍ വിദ്യാഭ്യാസം ആഗ്രഹിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അതിന് അവസരം കിട്ടാതിരുന്നുട്ടുണ്ടെങ്കിൽ അതിന് കാരണം നീറ്റെന്ന ചട്ടമാണ്. അഗരത്തിനും അതിനുമേല്‍ ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും കമല്‍ ഹാസന്‍ പറഞ്ഞു.

നിയമം മാറ്റപ്പെടേണ്ടതുണ്ടന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു. അതിനുള്ള അവസരം അഗരത്തിന്റെ വേദിയിലൂടെ രൂപപ്പെടട്ടെ എന്നും കമല്‍ ഹാസന്‍ പറഞ്ഞു.

നമ്മുടെ കുഞ്ഞാണ് സൂര്യ. എതിര്‍വശത്തുള്ള വ്യക്തിയാണെങ്കില്‍ കൂടി നല്ലത് ചെയ്താല്‍ അംഗീകരിക്കപ്പെടണം. സൂര്യയുടെ പ്രവര്‍ത്തനങ്ങളിലൂടെ ഇത്തരത്തിലുള്ള അനേകം പദ്ധതികള്‍ ഉണ്ടാകുകയാണെങ്കില്‍ ഭരണകൂടത്തിന് അതൊരു നാണക്കേടല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം കമല്‍ ഹാസന്റെ സനാതന ധർമ പരാമര്‍ശത്തിനെതിരെ തമിഴ്നാട്ടിലെ ബി.ജെ.പി രംഗത്തെത്തിയിരുന്നു. കമല്‍ ഹാസന്റെ സിനിമകള്‍ ഓ.ടി.ടിയില്‍ ആണെങ്കില്‍ കൂടി കാണരുതെന്ന് ബി.ജെ.പി ആഹ്വാനം ചെയ്യുകയായിരുന്നു. നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു ഉള്‍പ്പെടെ കമല്‍ ഹാസനെതിരെ രംഗത്തെത്തിയിരുന്നു.

Content Highlight: Kamal Haasan against NEET on Agaram’s stage

We use cookies to give you the best possible experience. Learn more