മധുര: അവസാന ശ്വാസംവരെ ഇനി ജനങ്ങള്‍ക്കൊപ്പമെന്ന് നടന്‍ കമല്‍ഹാസന്‍. “മക്കള്‍ നീതി മയ്യം” എന്ന തന്റെ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനവേളയില്‍ അനുയായികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മള്‍ ഇടതാണോ, വലതാണോ എന്നാണ് ചോദ്യം. അതിനാലാണ് പാര്‍ട്ടി പതാകയില്‍ കേന്ദ്രം എന്നര്‍ത്ഥം വരുന്ന “മയ്യം” എന്ന വാക്ക് സ്വീകരിച്ചത്. എന്റെ ശിഷ്ട ജീവിതം നിങ്ങള്‍ക്കായുള്ളതാണ്. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ റജിസ്റ്റര്‍ ചെയ്ത ഈ പാര്‍ട്ടി എന്നോടൊപ്പം അവസാനിക്കില്ലെന്നും മൂന്നോ നാലോ തലമുറ ഇത് നിലനില്‍ക്കുമെന്നും കമല്‍ പറഞ്ഞു.
നല്ല വിദ്യാഭ്യാസം എല്ലാവരിലും എത്തുകയെന്നതാണ് തന്റെ ലക്ഷ്യം. വര്‍ഗീയവും മതപരവുമായ താല്‍പര്യങ്ങള്‍ക്ക് അന്ത്യമുണ്ടാകണം. നമുക്കതിനാകും, അതിന്റെ മാതൃക കാണിച്ചുകൊടുക്കാനും നമുക്കു സാധിക്കും. അഴിമതി അവസാനിപ്പിക്കാനായാല്‍ സേവനങ്ങള്‍ എല്ലാവരിലും യഥാസമയം എത്തിക്കാനാകുമെന്നും കമല്‍ പറഞ്ഞു.
വോട്ടിനായി നോട്ട് നല്‍കാന്‍ ഞാനില്ല. യുവജനങ്ങള്‍ സ്വന്തം കഴിവുകള്‍ വര്‍ധിപ്പിക്കാന്‍ ശ്രമിക്കണം. പണ്ടത്തെ കാര്യങ്ങള്‍ക്ക് വിട നല്‍കണം, ഇത് പുതിയ യുഗമാണ്. പരസ്പര സംഭാഷണത്തിലൂടെ എല്ലാ പ്രശ്‌നങ്ങളും രമ്യമായി പരിഹരിക്കാനാകുമെന്ന് കാവേരി നദീജല വിഷയം പരാമര്‍ശിച്ച് കമല്‍ പറഞ്ഞു.
“നിങ്ങള്‍ ഇതുവരെ എവിടെയായിരുന്നുവെന്നാണ് ചിലരുടെ ചോദ്യം. നിങ്ങളുടെ ഹൃദയത്തില്‍ ഉണ്ടായിരുന്ന ഞാന്‍ ഇനി നിങ്ങളുടെ വീടുകളിലുണ്ടാകും. താരമല്ല ഞാന്‍, ദയവായി എന്നെ നിങ്ങളുടെ വീട്ടിലെ വിളക്കായി കരുതൂ” കമല്‍ പറഞ്ഞു.
ഗാന്ധി, പെരിയാര്‍, കാമരാജ് ഇവരെയെല്ലാം തനിക്കിഷ്ടമാണ്. വേദിയില്‍ ഇരിക്കുന്ന കെജരിവാളിനെയും പിണറായി വിജയനെയും തനിക്ക് ഇഷ്ടമാണെന്നും കമല്‍ഹാസന്‍ പറഞ്ഞു.