| Wednesday, 28th May 2025, 11:25 am

ഡി.എം.കെ പിന്തുണയില്‍ കമല്‍ ഹാസന്‍ രാജ്യസഭയിലേക്ക്; സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തി മക്കള്‍ നീതി മയ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ കമല്‍ ഹാസനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് മക്കള്‍ നീതി മയ്യം. ഭരണകക്ഷിയായ ഡി.എം.കെയുടെ പിന്തുണയോടെയായിരിക്കും കമല്‍ ഹാസന്‍ മത്സരിക്കുക.

പാര്‍ട്ടിയുടെ നാല് രാജ്യസഭാ സീറ്റുകളിലൊന്ന് മക്കള്‍ നീതി മയ്യത്തിന് അനുവദിക്കാന്‍ ഡി.എം.കെ തീരുമാനിക്കുകയായിരുന്നു.

നിലവില്‍ രാജ്യസഭയില്‍ ഒഴിവുവന്ന എട്ട് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 19നാണ് തെരഞ്ഞെടുപ്പ് നടക്കുക. അന്നേ ദിവസം തന്നെ വോട്ടെണ്ണും.

തമിഴ്നാട്ടിലെ ആറ് സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇതില്‍ നാല് സീറ്റുകള്‍ ഡി.എം.കെ മുന്നണിക്കായിരിക്കും ലഭിക്കുക. ഈ നാല് സീറ്റുകളില്‍ ഒന്നാണ് ഡി.എം.കെ മക്കള്‍ നീതി മയ്യത്തിന് അനുവദിച്ചിരിക്കുന്നത്. മിച്ചമുള്ള രണ്ട് സീറ്റുകള്‍ ബി.ജെ.പി ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ പിന്തുണയോടെ എ.ഐ.എ.ഡി.എം.കെയും നേടും.

2018ല്‍ ബദല്‍ ഭരണം എന്ന ലക്ഷ്യത്തോടെയാണ് കമല്‍ ഹാസന്‍ മക്കള്‍ നീതി മയ്യം പാര്‍ട്ടി രൂപീകരിച്ചത്. ഇപ്പോള്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒപ്പുവെച്ച ധാരണയുടെ അടിസ്ഥാനത്തിലാണ് കമല്‍ ഹാസന് ഡി.എം.കെ രാജ്യസഭാ സീറ്റ് അനുവദിച്ചിരിക്കുന്നത്.

ഇന്നലെ (ചൊവ്വ) ഡി.എം.കെയും തങ്ങളുടെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ പി. വില്‍സണ്‍, കവിയും എഴുത്തുകാരിയുമായ സല്‍മ, മുന്‍ മന്ത്രി എസ്.ആര്‍. ശിവലിംഗം എന്നിവരാണ് ഡി.എം.കെയുടെ സ്ഥാനാര്‍ത്ഥികള്‍.

Content Highlight: Kamal Haasan to contest Rajya Sabha with DMK support; Makkal Needhi Maiam announces candidacy

We use cookies to give you the best possible experience. Learn more