ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച നടനും ടെക്‌നീഷ്യനുമാണ് കമല്‍ ഹാസന്‍. 71 വര്‍ഷത്തെ ജീവിതത്തില്‍ 64 വര്‍ഷവും സിനിമക്ക് വേണ്ടി മാറ്റിവെച്ച കമല്‍ ഹാസന്‍ സ്വന്തമാക്കാത്ത പുരസ്‌കാരങ്ങളോ പകര്‍ന്നാടാത്ത വേഷങ്ങളോ ബാക്കിയില്ല. സിനിമയിലെ സകല മേഖലയിലും പ്രവര്‍ത്തിക്കുകയും അവിടെയെല്ലാം തന്റെ കയ്യൊപ്പ് പതിപ്പിക്കാനും കമല്‍ ഹാസന് സാധിച്ചു.
കഴിഞ്ഞദിവസം തെലുങ്ക് ചിത്രമായ സിങ് ഗീതത്തിന്റെ പ്രീ റിലീസ് ഇവന്റില്‍ കമല്‍ ഹാസന്‍ പറഞ്ഞ വാക്കുകളാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച. ഇന്ത്യന്‍ സിനിമ കണ്ട ഇതിഹാസ സംവിധായകന്‍ സിംഗിതം ശ്രീനിവാസ റാവു തന്റെ 94ാം വയസില്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് സിങ് ഗീതം. അനൗണ്‍സ്‌മെന്റ് മുതല്‍ പല വമ്പന്മാരും ഈ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു.
കമല്‍ ഹാസന്‍ Photo: Screen grab/ YouWe Media
സിംഗിതം ശ്രീനിവാസ റാവു എന്ന സംവിധായകന്‍ ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സംഭാവനകളെക്കുറിച്ച് കമല്‍ ഹാസന്‍ വാതോരാതെ സംസാരിച്ചിരുന്നു. 94ാമത്തെ വയസിലും സിനിമയോടുള്ള പാഷന്‍ കൈവിടാതെ കാത്തുസൂക്ഷിക്കുന്ന സിംഗിതം പലര്‍ക്കും പ്രചോദനമാണെന്ന് കമല്‍ ഹാസന്‍ പറയുന്നു. ഈ ചിത്രം ഇന്ത്യന്‍ സിനിമയില്‍ ചരിത്രമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഇങ്ങനെയൊരു സിനിമ നിര്‍മിച്ച പ്രൊഡക്ഷന്‍ ഹൗസിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സിംഗിതം ഇന്ത്യന്‍ സിനിമക്ക് നല്‍കിയ സംഭാവനകള്‍ ആര്‍ക്കും മറക്കാനാകില്ല. ഈയൊരു സിനിമ സിംഗിതത്തിന് മാത്രമല്ല, സിനിമാലോകത്തിന് തന്നെ അഭിമാനിക്കാവുന്ന ഒന്നാണ്. നാഗു (നാഗ് അശ്വിന്‍), സ്വപ്‌ന (സ്വപ്‌ന ദത്ത) എന്നിവര്‍ ഈ ചിത്രത്തിലൂടെ ചരിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്.
എന്റെ പ്രൊഡക്ഷന്‍ ഹൗസായ രാജ് കമല്‍ ഈ പ്രൊജക്ട് പ്രൊഡ്യൂസ് ചെയ്തതുപോലെയാണ് എനിക്ക് തോന്നുന്നത്. പക്ഷേ, ഒരു കാര്യത്തില്‍ എനിക്ക് നിരാശയുണ്ട്. മൂന്ന് മാസം മുമ്പ് നാഗ് അശ്വിന്‍ ഈ പ്രൊജക്ടിനെക്കുറിച്ച് പറഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ ഈ വേദിയില്‍ ഞാന്‍ ഗസ്റ്റായി നില്‍ക്കില്ലായിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍മാരുടെ നിരയില്‍ ഞാനും ഉണ്ടായേനെ,’ കമല്‍ ഹാസന്‍ പറയുന്നു.
ഇന്ത്യന്‍ സിനിമയിലെ ആദ്യ പാന്‍ ഇന്ത്യന്‍ സംവിധായകനാണ് സിംഗിതം ശ്രീനിവാസ് റാവു. തമിഴ്, തെലുങ്ക്, മലയാളം കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി 60 സിനിമകള്‍ സിംഗിതം ശ്രീനിവാസ് അണിയിച്ചൊരുക്കിയിട്ടുണ്ട്. പുതിയ ചിത്രമായ സിങ് ഗീതവും പുതിയൊരു പരീക്ഷണമാണ്. ഡയലോഗുകള്‍ക്ക് പകരം പാട്ടിലൂടെയാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍ പരസ്പരം കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്. രാജമൗലിയടക്കം പല വമ്പന്മാരും കാത്തിരിക്കുന്ന ചിത്രം ജൂണ്‍ 11ന് തിയേറ്ററുകളിലെത്തും.
Content Highlight: Kamal Haasan saying he wished to assist Singitam Srinivas Rao
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ