| Wednesday, 28th October 2026, 7:59 pm

രജിനിയുടെ ധര്‍മനടക്കം മൂന്ന് സിനിമക്കും കൂടി 350 കോടി, റിലീസിന് മുന്നേ ലാഭമുണ്ടാക്കിയ ഒ.ടി.ടി ഡീലുമായി കമല്‍ ഹാസന്‍

അമര്‍നാഥ് എം.

വിക്രം എന്ന ഇന്‍ഡസ്ട്രി ഹിറ്റിന് ശേഷം തുടര്‍ച്ചയായി രണ്ട് ബോക്‌സ് ഓഫീസ് പരാജയം നേരിട്ടിരിക്കുകയാണ് കമല്‍ ഹാസന്‍. ഇന്ത്യന്‍ 2വും തഗ് ലൈഫും ബോക്‌സ് ഓഫീസില്‍ പരാജയത്തിനപ്പുറം വലിയ ട്രോള്‍ മെറ്റീരിയലായി മാറി. എന്നാല്‍ പരാജയത്തില്‍ തളരാതെ ബാക്ക് ടു ബാക്ക് പ്രൊജക്ടുകളുമായി സിനിമാലോകത്ത് താരം കളംനിറഞ്ഞ് നില്‍ക്കുന്നുണ്ട്.

നായകനായ പ്രൊജക്ടുകള്‍ വൈകുകയാണെങ്കിലും നിര്‍മാതാവെന്ന നിലയില്‍ മൂന്ന് ബിഗ് ബജറ്റ് ചിത്രങ്ങള്‍ അണിയറയിലൊരുങ്ങുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം രജിനിയുമൊത്ത് ഒന്നിക്കുന്ന ധര്‍മനാണ് ഇതില്‍ ഏറ്റവും ഹൈപ്പേറിയ പ്രൊജക്ട്. ഒരുപാട് പ്രതിസന്ധികള്‍ക്കൊടുവില്‍ ആരംഭിച്ച ധര്‍മന്‍ അവസാനഘട്ട ഷൂട്ടിലാണ്. അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കമല്‍ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലാണ്.

ഇപ്പോഴിതാ ധര്‍മനടക്കം മൂന്ന് സിനിമകളുടെ ഒ.ടി.ടി ഡീല്‍ കമല്‍ ഹാസന്‍ ജിയോ ഹോട്‌സ്റ്റാറിന് നല്‍കിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. ശിവകാര്‍ത്തികേയനെ നായകനാക്കി ശിവകുമാര്‍ മുരുകേശന്‍ സംവിധാനം ചെയ്യുന്ന സെയോണ്‍, കമല്‍ ഹാസനെ നായകനാക്കി എസ്.യു അരുണ്‍കുമാര്‍ സംവിധാനം ചെയ്യുന്ന KH 233 എന്നീ സിനിമകള്‍ 350 കോടിക്കാണ് വിറ്റുപോയത്.

ധര്‍മനാണ് ഇതില്‍ ഏറ്റവുമുയര്‍ന്ന റൈറ്റ്‌സ്. 150 കോടിക്കാണ് ധര്‍മനെ ജിയോ ഹോട്‌സ്റ്റാറിന് നല്‍കിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡോക്ടറുടെ വേഷത്തില്‍ രജിനി പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ഷൂട്ട് വളരെ വേഗത്തില്‍ പൂര്‍ത്തിയാവുകയാണ്. തെലുങ്ക് താരം റാം പൊത്തിനേനിയാണ് ചിത്രത്തിലെ വില്ലന്‍. സിമ്രന്‍, രാഷി ഖന്ന, നയന്‍താര തുടങ്ങി വലിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. 2027 പൊങ്കല്‍ റിലീസായി അനൗണ്‍സ് ചെയ്ത ചിത്രം മാറ്റിവെക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമകളിലൊന്നായ തായ് കിഴവിക്ക് ശേഷം ശിവകുമാര്‍ മുരുകേശന്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് സെയോണ്‍. അമരന് ശേഷം ബാക്ക് ടു ബാക്ക് ഫ്‌ളോപ്പുകളുമായി പ്രതിസന്ധിയിലായിരിക്കുന്ന ശിവകാര്‍ത്തികേയന് സെയോണ്‍ ഹിറ്റാകേണ്ടത് വളരെ അത്യാവശ്യമാണ്. ദീപാവലിക്ക് റിലീസ് ചെയ്യുമെന്നറിയിച്ച ചിത്രം പൊങ്കലിലേക്ക് മാറ്റിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തഗ് ലൈഫിന് ശേഷം അനൗണ്‍സ് ചെയ്ത പല സിനിമകളും ഡ്രോപ്പായ കമല്‍ ഹാസന്‍ ഏറ്റവുമൊടുവില്‍ എസ്.യു അരുണ്‍ കുമാറിന് കൈകൊടുത്തിരിക്കുകയാണ്. ചിത്താ, വീര ധീര സൂരന്‍ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ അരുണ്‍ കുമാറിനൊപ്പം കമല്‍ ഹാസന്‍ കൈകോര്‍ക്കുമ്പോള്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്.

ഷൂട്ട് തുടങ്ങുന്നതിന് മുന്നേ 125 കോടിക്ക് ചിത്രത്തിന്റെ ഒ.ടി.ടി റൈറ്റ്‌സ് വിറ്റുപോയത് ചര്‍ച്ചയായിരിക്കുകയാണ്. ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ കമല്‍ ഹാസന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിടുമെന്നാണ് പ്രതീക്ഷ. മൂന്ന് സിനിമകളുടെയും റിലീസിന് മുന്നേ കമല്‍ ഹാസന്‍ ലാഭം നേടിയെന്നാണ് സിനിമാപേജുകളുടെ റിപ്പോര്‍ട്ട്.

Content Highlight: Kamal Haasan’s three movies as producer including Dharman sold for 350 crores to Jio Hotstar

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more