സോഷ്യല്‍ മീഡിയ മുഴുവന്‍ നിറഞ്ഞുനില്‍ക്കുകയാണ് ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത കളങ്കാവല്‍. വിനായകനും മമ്മൂട്ടിയും പ്രധാനവേഷങ്ങളിലെത്തിയ ചിത്രം കഴിഞ്ഞദിവസമാണ് ഒ.ടി.ടിയില്‍ സ്ട്രീമിങ് ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം സിനിമാപ്രേമികളെ ഞെട്ടിച്ച പ്രകടനമായിരുന്നു കളങ്കാവലില്‍ മമ്മൂട്ടി കാഴ്ചവെച്ചത്. സയനൈഡ് മോഹന്‍ എന്ന സൈക്കോ കില്ലറുടെ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ജിതിന്‍ കളങ്കാവല്‍ ഒരുക്കിയത്.
ഇതുവരെ കാണാത്ത ഗംഭീര പ്രകടനമാണ് മമ്മൂട്ടി കളങ്കാവലില്‍ കാഴ്ചവെച്ചത്. സ്റ്റാന്‍ലി ദാസ് എന്ന സൈക്കോ കില്ലറായി മമ്മൂട്ടി വിസ്മയിപ്പിച്ചു. സ്ത്രീകളെ വശീകരിച്ച് കൊലപ്പെടുത്തി അതില്‍ ആനന്ദം കണ്ടെത്തുന്ന സ്റ്റാന്‍ലി ദാസ് ഇന്ത്യന്‍ സിനിമയെ ഞെട്ടിച്ചു. യാതൊരു ന്യായീകരണവുമില്ലാത്ത സൈക്കോ കൊലപാതകിയായുള്ള മമ്മൂട്ടിയുടെ പ്രകടനം ഇന്‍ഡസ്ട്രിയിലെ സംസാരവിഷയമാണ്.
കളങ്കാവല്‍ Photo: Mammootty Kampany/ Facebook
ഒരു മുന്‍നിര നടനും ചെയ്യാന്‍ ധൈര്യപ്പെടാത്ത കഥാപാത്രമാണ് സ്റ്റാന്‍ലി ദാസെന്ന് പലരും പുകഴ്ത്തുമ്പോള്‍ ചര്‍ച്ചയാകുന്ന മറ്റൊരു ചിത്രമുണ്ട്. കമല്‍ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ഭാരതിരാജ സംവിധാനം ചെയ്ത് 1978ല്‍ പുറത്തിറങ്ങിയ സിഗപ്പ് റോജാക്കള്‍ എന്ന ചിത്രം കളങ്കാവലിനോട് ചേര്‍ത്ത് വെക്കാവുന്ന ഒന്നാണ്. അന്നത്തെ കാലഘട്ടത്തില്‍ തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം സൂപ്പര്‍താരമായി തിളങ്ങിനിന്ന കമല്‍ ഹാസന്‍ നടത്തിയ ധീരമായ പരീക്ഷണമായിരുന്നു സിഗപ്പ് റോജാക്കള്‍.
കളങ്കാവലിലേത് പോലെ പ്രതിനായകന്റെ കഥയാണ് സിഗപ്പ് റോജാക്കളും പറഞ്ഞത്. ഇന്‍ഡസ്ട്രിയലിസ്റ്റായ ദിലീപ് എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സ്ത്രീകളെ വശീകരിച്ച് അവരുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും പിന്നീട് നിഷ്ഠൂരമായി കൊല്ലുകയും ചെയ്യുന്ന ക്രൂരനാണ് സിഗപ്പ് റോജാക്കളിലെ ദിലീപ്. ഓരോ സ്ത്രീകളെയും കൊന്നതിന് ശേഷം അവരെ കുഴിച്ചുമൂടി അതിന് മുകളില്‍ റോസാച്ചെടി നടുന്ന ദിലീപ് ആ ചെടിയിലുണ്ടാകുന്ന പൂവ് കോട്ടില്‍ ചൂടാറുണ്ട്.
സിഗപ്പ് റോജാക്കള്‍ Photo: IMDB
കളങ്കാവലില്‍ തന്റെ ഇരകള്‍ മരിച്ചെന്നറിയുമ്പോള്‍ വേട്ടക്കാരന്റെ ആനന്ദമാണ് സ്റ്റാന്‍ലി ദാസിന്റെ മുഖത്ത്. സിഗപ്പ് റോജാക്കളില്‍ ഓരോ പൂക്കളും വിരിയുമ്പോള്‍ ദിലീപിന്റെ മുഖത്തും ഇത്തരത്തില്‍ ഒരു നിഗൂഢമായ ചിരി കാണാനാകും. സിഗപ്പ് റോജാക്കളില്‍ ദിലീപ് ഒടുവില്‍ പൊലീസിന്റെ പിടിയിലാകുന്നതായാണ് കാണിക്കുന്നത്. കളങ്കാവലില്‍ സ്റ്റാന്‍ലിയെ നത്ത് തലക്കടിച്ച് കൊല്ലുമ്പോള്‍ പ്രേക്ഷകര്‍ക്ക് സംതൃപ്തി ലഭിക്കുകയാണ്.
രണ്ട് സിനിമകളും തമ്മില്‍ മറ്റൊരു സാമ്യത കൂടിയുണ്ട്. സ്റ്റാര്‍ഡത്തിന്റെ ഉയരത്തില്‍ നില്‍ക്കുന്ന സമയത്തായിരുന്നു കമല്‍ ഹാസന്‍ ദിലീപ് എന്ന പ്രതിനായകന്റെ വേഷം ചെയ്തത്. അന്നത്തെ കാലത്ത് പലരും അത്ഭുതത്തോടെയായിരുന്നു കമലിന്റെ ഈ തെരഞ്ഞെടുപ്പിനെ കണ്ടത്. മമ്മൂട്ടിയാകട്ടെ, ഇന്ത്യന്‍ സിനിമയിലെ ചര്‍ച്ചാവിഷയമായി നില്‍ക്കുമ്പോഴാണ് സ്റ്റാന്‍ലി ദാസ് എന്ന കഥാപാത്രം ചെയ്യാമെന്ന് തീരുമാനിച്ചത്.
കളങ്കാവല്‍ Photo: Screen grab/ Mammootty Kampany
തങ്ങളുടെ സ്റ്റാര്‍ഡത്തിന് വെല്ലുവിളിയായേക്കാവുന്ന ഇത്തരം കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പാണ് മറ്റ് നടന്മാരില്‍ നിന്ന് കമല്‍ ഹാസനെയും മമ്മൂട്ടിയെയും വേറിട്ട് നിര്‍ത്തുന്നത്. യാതൊരു ന്യായീകരണവുമില്ലാത്ത ഇത്തരം പ്രതിനായക വേഷങ്ങള്‍ അവരിലെ നടന് വെല്ലുവിളിയാണ്. അതില്‍ ഇരുവരും വിജയിച്ചെന്ന് തന്നെ പറയാനാകും.
Content Highlight: Kamal Haasan’s Sigappu Rojakkal movie is similar to Kalamkaval