| Thursday, 28th August 2025, 4:42 pm

എ.ഐ വന്നാല്‍ പണി പോകുമോ എന്ന ചോദ്യത്തിന് എന്റെ അണ്ണന്‍ ഇളയരാജ മറുപടി പറഞ്ഞിട്ടുണ്ട്, എന്റെ കാര്യത്തിലും അത് തന്നെ: കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയിലെ വിസ്മയമാണ് കമല്‍ ഹാസന്‍ എന്ന നടന്‍. ബാലതാരമായി സിനിമയിലേക്കെത്തിയ താരം കൈവെക്കാത്ത മേഖലകളൊന്നും ബാക്കിയില്ല. പകര്‍ന്നാടാന്‍ വേഷങ്ങളും സ്വന്തമാക്കാന്‍ പുര്‌സകാരങ്ങളും ഇനി അദ്ദേഹത്തിന് വേറെയില്ല. ഇന്ത്യന്‍ സിനിമയുടെ എന്‍സൈക്ലോപീഡിയയെന്ന് കണ്ണുംപൂട്ടി കമല്‍ ഹാസനെ വിളിക്കാനാകും.

സിനിമാജീവിതം ആറ് പതിറ്റാണ്ട് പിന്നിടുമ്പോഴും പുതിയ കാര്യങ്ങള്‍ പഠിച്ച് അപ്‌ഡേറ്റായി നില്‍ക്കാന്‍ അദ്ദേഹം താത്പര്യം കാണിക്കാറുണ്ട്. ഈയിടെ എ.ഐയെക്കുറിച്ച് പഠിക്കാനുള്ള ആറ് മാസത്തെ കോഴ്‌സിനായി കമല്‍ ഹാസന്‍ ചേര്‍ന്നത് വലിയ വാര്‍ത്തയായിരുന്നു. ഇപ്പോഴിതാ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യരുടെ ജോലി ഇല്ലാതാക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് കമല്‍ ഹാസന്‍.

‘എ.ഐ കൂടുതലായി വന്നാല്‍ മനുഷ്യരുടെ പണി പോകുമോ എന്ന് പലര്‍ക്കും സംശയമുണ്ട്. ഈ ചോദ്യത്തിന് എന്റെ അടുത്ത നാട്ടുകാരന്‍ മറുപടി പറഞ്ഞിട്ടുണ്ട്. വേറെ ആരുമല്ല, എന്റെ അണ്ണന്‍ ഇളയരാജയാണ് അത്. ഞാന്‍ ഈയടുത്ത് എ.ഐയെക്കുറിച്ചുള്ള കോഴ്‌സൊക്കെ കഴിഞ്ഞ് വന്നതിന് ശേഷം എന്നോട് പലരും എ.ഐയെക്കുറിച്ച് ചോദിക്കുകയും ഞാനതിന് മറുപടി പറയുകയും ചെയ്തു.

നിങ്ങളെല്ലാം ചെയ്യുന്നത് പോലെ യൂട്യൂബില്‍ എ.ഐയെക്കുറിച്ചുള്ള ഒരു വീഡിയോ ഞാന്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഇളയരാജയുടെ ഒരു ഇന്റര്‍വ്യൂ എന്റെ ഫീഡില്‍ വന്നു. അതില്‍ പുള്ളി പറയുന്ന കാര്യം രസകരമാണ്. ‘ഞാന്‍ തന്നെ ഒരു എ.ഐയാണ്. ഇപ്പോള്‍ വന്നത് പുതിയ വേര്‍ഷനാണ്. അതിന് പഠിപ്പിച്ചുകൊടുക്കേണ്ട ചുമതല എനിക്കാണ്,’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

അത് ഈ വേദിയില്‍ തന്നെ പറയണമെന്നായിരുന്നു എന്റെ ആഗ്രഹം. അദ്ദേഹത്തിനെ കണ്ടിട്ട് കുറച്ചായി. കണ്ടിരുന്നെങ്കില്‍ ഇതിനെപ്പറ്റി നേരിട്ട് പറഞ്ഞേനെ. ‘അണ്ണാ, ഗണപതിയെപ്പോലെ ചെയ്തല്ലോ. മുരുകന്‍ പതിനാല് ലോകവും കറങ്ങി വന്നപ്പോള്‍ അതിനെ മറികടന്ന് ഗണപതി ചെയ്ത കാര്യം നിങ്ങളും ആവര്‍ത്തിച്ചല്ലോ’ എന്ന് ഇളയരാജയോട് പറയണമെന്നുണ്ടായിരുന്നു.

മെയ് മാസത്തിലാണ് കമല്‍ ഹാസന്‍ എ.ഐയെക്കുറിച്ച് പഠിക്കാനായി അമേരിക്കയിലെ ഇന്‍സ്റ്റിറ്റിയൂഷനില്‍ ചേര്‍ന്നത്. 70ാം വയസിലും സിനിമയോടുള്ള ആത്മാര്‍ത്ഥതയും പുതിയ കാര്യങ്ങള്‍ പഠിക്കാനുള്ള മനസും പലരും അഭിനന്ദിച്ചിരുന്നു. താരത്തിന്റെ പുതിയ കമന്റും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

Content Highlight: Kamal Haasan’s hilarious reply on AI’s influence in society

We use cookies to give you the best possible experience. Learn more