| Monday, 17th November 2025, 3:24 pm

ഏത് രാജമൗലി വിചാരിച്ചാലും ഈ റേഞ്ച് കിട്ടില്ല, വാരണാസി ഫസ്റ്റ് ലുക്കിനെ മരുതനായകവുമായി താരതമ്യം ചെയ്ത് ആരാധകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യന്‍ സിനിമയുടെ റേഞ്ച് മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തുന്ന പ്രൊജക്ടായാണ് പലരും വാരണാസിയെ കണക്കാക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ബ്രാന്‍ഡായ രാജമൗലി തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് കഴിഞ്ഞദിവസം നടന്നിരുന്നു. ഇന്ത്യന്‍ സിനിമ ഇന്നേവരെ കാണാത്ത വിഷ്വല്‍ ട്രീറ്റാകും വാരണാസിയെന്നാണ് സിനിമാപ്രേമികള്‍ കണക്കാക്കുന്നത്.

ചിത്രത്തിലെ നായകനായ മഹേഷ് ബാബുവിനെ അവതരിപ്പിച്ച രീതിയാണ് സിനിമാലോകത്തെ ചര്‍ച്ചാവിഷയം. കാളപ്പുറത്ത് കൈയില്‍ ശൂലവുമായെത്തുന്ന മഹേഷ് ബാബുവിന്റെ പോര്‍ഷന്‍ ആരാധകരെ ആവേശത്തിലാഴ്ത്തി. രുദ്ര എന്ന കഥാപാത്രം മഹേഷ് ബാബുവിന്റെ കരിയര്‍ ബെസ്റ്റാകുമെന്ന് പലരും അഭിപ്രായപ്പെടുന്നുണ്ട്.

എന്നാല്‍ ഈ സീന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു നടന്‍ ചെയ്തുവെച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരവിഷയം. കമല്‍ ഹാസന്റെ സ്വപ്‌ന പ്രൊജക്ടായ മരുതനായകത്തിലെ രംഗവും വാരണാസിയിലെ രംഗവും താരതമ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകള്‍ ഇതിനോടകം വൈറലായി. സാങ്കേതികവിദ്യ അത്രകണ്ട് വളരാത്ത കാലഘട്ടത്തില്‍ കമല്‍ ഹാസന്‍ മരുതനായകത്തില്‍ കാളപ്പുറത്ത് കയറുന്ന രംഗം ഇന്നും കോരിത്തരിപ്പിക്കുന്നുണ്ടെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

60 ദിവസത്തോളം നീണ്ടുനിന്ന പരിശീലത്തിലൂടെയാണ് കമല്‍ ഈ ടേക്ക് ഓക്കെയാക്കിയത്. മൂന്ന് കാളകളെ വെച്ചാണ് കമല്‍ ഹസന്‍ ഈ രംഗം പരിശീലിച്ചത്. കാളപ്പുറത്തേക്ക് ചാടിക്കയറി കൊമ്പില്‍ പിടിച്ച് പോകുന്ന കമല്‍ ഹാസന്റെ വീഡിയോ ഇതിനോടകം വൈറലായി. ഗ്രാഫിക്‌സൊന്നും അധികം പ്രചാരത്തിലില്ലാത്ത കാലത്തായിരുന്നു കമല്‍ മരുതനായകത്തില്‍ ഈ രംഗം ചെയ്തത്.

ഗ്രാഫിക്‌സും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും സിനിമാലോകത്ത് വലിയ സ്വാധീനമുണ്ടാക്കുന്ന കാലത്ത് രാജമൗലിക്ക് കമലിന്റെ അതേ പെര്‍ഫക്ഷന്‍ കൊണ്ടുവരാന്‍ സാധിക്കുന്നില്ലെന്നാണ് പ്രധാന വിമര്‍ശനം. ഒരു വര്‍ഷത്തോളം സമയമെടുത്താണ് വാരണാസിയുടെ ടൈറ്റില്‍ ലോഞ്ചിന്റെ വീഡിയോ ഉണ്ടാക്കിയെടുത്തതെന്ന് അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. ഉലകനായകനെന്നും ആണ്ടവരെന്നും കമല്‍ ഹാസനെ വിളിക്കുന്നത് വെറുതേയല്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്.

എന്നാല്‍ വാരണാസി എന്ന സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് ഇത്തരമൊരു താരതമ്യം ആവശ്യമില്ലെന്നാണ് തെലുങ്ക് സിനിമാപ്രേമികളിലെ ചിലര്‍ വാദിക്കുന്നത്. സിനിമയില്‍ ഈ രംഗം പരമാവധി പെര്‍ഫക്ഷനോടെയാകും അവതരിപ്പിക്കുകയെന്നും അതുവരെ കാത്തിരിക്കണമെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. പകുതിമാത്രം ഷൂട്ട് ചെയ്ത് നിന്നുപോയ മരുതനായകം ഇന്നും ചര്‍ച്ചയാകുന്നതാണ് സിനിമാപ്രേമികള്‍ക്കിടയിലെ സംസാരവിഷയം.

Content Highlight: Kamal Haasan’s bull scene in Marudhanayagam discussing after Varanasi Title teaser

We use cookies to give you the best possible experience. Learn more