| Friday, 9th May 2025, 1:25 pm

'സംയമനത്തോടെയും ഐക്യദാര്‍ഢ്യത്തോടെയും പ്രതികരിക്കേണ്ടത് നമ്മുടെ കടമ' തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റിവെച്ച് കമല്‍ ഹാസന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇന്ത്യ – പാക്കിസ്ഥാന്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് തഗ് ലൈഫ് സിനിമയുടെ ഓഡിയോ ലോഞ്ച് മാറ്റിവെച്ച് കമല്‍ ഹാസന്‍. മെയ് 16ന് നടത്താനിരുന്ന പരിപാടിയാണ് മാറ്റിവെച്ചത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് നടന്‍ ഈ കാര്യം അറിയിച്ചത്.

മാതൃരാജ്യത്തിന്റെ പ്രതിരോധത്തില്‍ നമ്മുടെ സൈനികര്‍ അചഞ്ചലമായ ധൈര്യത്തോടെ മുന്‍നിരയില്‍ ഉറച്ചുനില്‍ക്കുമ്പോള്‍ ആഘോഷിക്കാനുള്ള സമയമല്ലെന്നും നിശബ്ദ ഐക്യദാര്‍ഢ്യത്തിനുള്ള സമയമാണിതെന്നും കമല്‍ ഹാസന്‍ തന്റെ സ്‌റ്റേറ്റ്‌മെന്റില്‍ പറയുന്നു.

രാജ്യത്തിന്റെ അതിര്‍ത്തിയിലെ സംഭവവികാസങ്ങളും നിലവിലെ ജാഗ്രതാ നിര്‍ദ്ദേശവും കണക്കിലെടുത്താണ് തഗ് ലൈഫിന്റെ ഓഡിയോ ലോഞ്ച് പുനഃക്രമീകരിക്കാന്‍ തീരുമാനിച്ചത്. ഓഡിയോ ലോഞ്ചിന്റെ പുതിയ തീയതി പിന്നീട് കൂടുതല്‍ ഉചിതമായ സമയത്ത് പ്രഖ്യാപിക്കും.

ഈ സമയത്ത് നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനായി ജാഗ്രതയോടെ നിലകൊള്ളുന്ന നമ്മുടെ സായുധ സേനയിലെ ധീരരായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒപ്പമാണ് നമ്മുടെ ചിന്തകളെന്നും കമല്‍ ഹാസന്‍ പറഞ്ഞു. പൗരന്മാര്‍ എന്ന നിലയില്‍ സംയമനത്തോടെയും ഐക്യദാര്‍ഢ്യത്തോടെയും പ്രതികരിക്കേണ്ടത് നമ്മുടെ കടമയാണെന്നും അദ്ദേഹം പറയുന്നു.

തഗ് ലൈഫ് – Thug Life:

സിനിമാലോകം ഇപ്പോള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് തഗ് ലൈഫ്. 37 വര്‍ഷത്തിന് ശേഷം മണിരത്‌നവും കമല്‍ ഹാസനും ഒന്നിക്കുന്ന ചിത്രമെന്ന നിലയില്‍ അനൗണ്‍സ്‌മെന്റ് മുതല്‍ക്കു തന്നെ വന്‍ ഹൈപ്പാണ് തഗ് ലൈഫിന് ലഭിച്ചത്.

10 വര്‍ഷത്തിന് ശേഷം കമല്‍ ഹാസന്‍ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്ന ഗ്യാങ്സ്റ്ററായാണ് കമല്‍ തഗ് ലൈഫില്‍ പ്രത്യക്ഷപ്പെടുന്നത്. പൊന്നിയിന്‍ സെല്‍വന് ശേഷം മണിരത്‌നം അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തില്‍ മലയാളികളായ ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, അഭിരാമി എന്നിവരും അഭിനയിക്കുന്നുണ്ട്.

Content Highlight: Kamal Haasan Postpones Thug Life Audio Launch

We use cookies to give you the best possible experience. Learn more