ചെന്നൈ: ഇന്ത്യൻ കയറ്റുമതി ഉത്പന്നങ്ങൾക്ക് 50 ശതമാനം താരിഫ് ഏർപ്പെടുത്തിയ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻറെ നടപടിയെ വിമർശിച്ച് രാജ്യസഭാ എംപിയും നടനുമായ കമൽ ഹാസൻ. ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള വെല്ലുവിളിയാണിതെന്ന് കമൽ ഹാസൻ പറഞ്ഞു.
‘നൂറ്റാണ്ടുകളായി, ഇന്ത്യ സാമ്രാജ്യത്വത്തിന്റെ കൊള്ളയടിക്കലുകൾ സഹിച്ചു. പക്ഷേ നമ്മൾ തകർന്നില്ല. ഇപ്പോൾ തീരുവകൾ പുതിയ സാമ്രാജ്യത്വ ഉപകരണമായി ഉപയോഗിക്കപ്പെടുന്നു.’ കമൽ ഹസൻ പറഞ്ഞു.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കയറ്റുമതിക്കാർക്ക് അടിയന്തര സഹായം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.എസ്.എം.ഇ വായ്പകളുടെ തിരിച്ചടവിന് രണ്ട് വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിക്കാനും, പ്രത്യേക അടിയന്തര വായ്പാ പദ്ധതികൾ ആരംഭിക്കാനും സർക്കാരുകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഗ്യാരണ്ടി കവറേജ് വർധിപ്പിക്കുക, കുറഞ്ഞ പലിശ നിരക്കിലുള്ള കയറ്റുമതി വായ്പകൾ പുനഃസ്ഥാപിക്കുക, തീർപ്പാക്കാത്ത ജി.എസ്.ടി, കയറ്റുമതി ഉത്പന്നങ്ങൾക്ക് മേലുള്ള നികുതി, റീഫണ്ടുകൾ എന്നിവ സമയബന്ധിതമായി നൽകുക, കൂടുതൽ പ്രതിസന്ധിയിലായ കയറ്റുമതി ഉൽപ്പന്നങ്ങൾക്ക് പ്രത്യേക നിരക്ക് വർദ്ധിപ്പിക്കുക, താത്കാലിക വൈദ്യുതി താരിഫ് ഇളവുകൾ നൽകുക, പുതിയ വിപണികൾ കണ്ടെത്താൻ ചരക്ക് ഗതാഗതത്തിന് പിന്തുണ നൽകുക, സിന്തറ്റിക് നൂലുകളുടെ ഇറക്കുമതി മാനദണ്ഡങ്ങൾ ഉദാരമാക്കുക,കയറ്റുമതി നടപടികളും റീഫണ്ടുകളും വേഗത്തിലാക്കാൻ സിംഗിൾ-വിൻഡോ സംവിധാനം ഒരുക്കുക എന്നിവയാണ് ഇന്ത്യൻ കയറ്റുമതി മേഖലയെ സഹായിക്കുന്നതിനായി അദ്ദേഹം മുന്നോട്ടുവെച്ച പ്രധാന നിർദേശങ്ങൾ.
ഈ പ്രതിസന്ധിയെ കേവലം ഒരു താൽക്കാലിക പ്രശ്നമായി കാണരുതെന്നും, മറിച്ച് ഭാവിയിലെ ആഗോള വിതരണ ശൃംഖലകളിൽ ഇന്ത്യക്ക് സുരക്ഷിതമായ സ്ഥാനം ഉറപ്പാക്കാനുള്ള ദൗത്യമായി ഇതിനെ കാണണമെന്നും കമൽ ഹാസൻ പറഞ്ഞു.
അപൂർവ ലോഹങ്ങൾ, സെമികണ്ടക്ടറുകൾ, ബാറ്ററികൾ, പവർ ഇലക്ട്രോണിക്സ്, നൂതന തുണിത്തരങ്ങൾ തുടങ്ങിയ മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
കയറ്റുമതി ഉത്പന്നങ്ങൾക്ക് നേരെ യു.എസ് ഏർപ്പെടുത്തിയ 50 ശതമാനം താരിഫ് വെറും വ്യാപാര വിഷയമോ ഉക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ടതോ അല്ല. ഇത് നമ്മുടെ രാജ്യത്തിന്റെ നിശ്ചയദാർഢ്യത്തെ ദുർബലപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ നീക്കമാണ്.
ഇന്ത്യൻ ജനതയുടെ ഉപജീവനമാർഗം വെല്ലുവിളിക്കപ്പെടുമ്പോൾ രാജ്യം ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും കമൽ ഹാസൻ പറഞ്ഞു. ഗാന്ധിജി ഓർമ്മിപ്പിച്ചതുപോലെ ‘ആത്മനിർഭരത’ എന്നത് വെറുമൊരു മുദ്രാവാക്യമല്ല, തന്ത്രപരമായ സുരക്ഷാ കവചമാണ്.
തിരുപ്പൂർ, സൂറത്ത്, നോയിഡ എന്നിവിടങ്ങളിലെ കയറ്റുമതിക്കാരും ആന്ധ്രാപ്രദേശിലെ ചെമ്മീൻ കർഷകരും ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും രത്ന, ആഭരണ വ്യവസായികളും സ്റ്റീൽ തൊഴിലാളികളും ഈ ഭാരം താങ്ങേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Kamal Haasan has criticized US President Donald Trump’s action of imposing a 50 percent tariff on Indian exports.