അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് & സയന്‍സസില്‍ ചേരാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ക്ഷണം. ക്ഷണിക്കപ്പെട്ട 534 വ്യക്തികളില്‍ കമല്‍ ഹാസന്‍, ആയുഷ്മാന്‍ ഖുറാന എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അരിയാന ഗ്രാന്‍ഡെ, സെബാസ്റ്റ്യന്‍ സ്റ്റാന്‍, ജെറമി സ്‌ട്രോങ് എന്നിവരോടൊപ്പം ഓസ്‌കര്‍ അക്കാദമിയില്‍ ഇരുവരും എത്തും.
കമല്‍ ഹാസനെയും ആയുഷ്മാന്‍ ഖുറാനയും കൂടാതെ ഇന്ത്യന്‍ സിനിമയെ പ്രതിനിധീകരിച്ച് കാസ്റ്റിങ് ഡയറക്ടര്‍ കരണ്‍ മാലി, ഛായാഗ്രാഹകന്‍ രണബീര്‍ ദാസ്, കോസ്റ്റിയൂം ഡിസൈനന്‍ മാക്‌സിമ ബസു, ഡോക്യുമെന്ററി ഫിലിം മേക്കര്‍ സ്മൃതി മുന്‍ന്ദ്ര, സംവിധായിക പായല്‍ കപാഡിയ തുടങ്ങിയവരും ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്.
ഇവര്‍ക്ക് പുറമെ അന്താരാഷ്ട്ര തലത്തില്‍ നിന്ന് ഡേവ് ബൗട്ടിസ്റ്റ, ജേസണ്‍ മൊമോവ, ഓബ്രി പ്ലാസ, ഡാനിയേല്‍ ഡെഡ്വൈലര്‍, ആന്‍ഡ്രൂ സ്‌കോട്ട് ഗില്ലിയന്‍ ആന്‍ഡേഴ്സണ്‍, നവോമി അക്കി, മോണിക്ക ബാര്‍ബറോ, ജോഡി കോമര്‍, കീരന്‍ കല്‍ക്കിന്‍, ജെറമി സ്‌ട്രോങ് തുടങ്ങിയ പ്രമുഖ താരങ്ങളും മുന്‍ ഓസ്‌കാര്‍ ജേതാവ് മൈക്കി മാഡിസണ്‍, അഡ്രിയാന പാസ്, സെബാസ്റ്റ്യന്‍ സ്റ്റാന്‍ എന്നിവരും പുതുതായി ക്ഷണിക്കപ്പെട്ടവരുടെ പട്ടികയിലുണ്ട്.
അക്കാദമി അംഗങ്ങളെ അവരുടെ പ്രൊഫഷണല്‍ യോഗ്യതകളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്. അവരുടെ കമ്മിറ്റ്‌മെന്റ്, അക്കാദമി അംഗത്വത്തിലേക്കുള്ള പ്രാതിനിധ്യം, തുല്യത എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുന്നത്.
അക്കാദമി അംഗങ്ങളായി ക്ഷണിക്കപ്പെട്ടവര്‍ക്കാണ് ഓസ്‌കറില്‍ വോട്ട് ചെയ്യാന്‍ സാധിക്കുക. ഈ വര്‍ഷം പുതുതായി ക്ഷണം ലഭിച്ച 534 ആളുകളും അംഗത്വം സ്വീകരിച്ചാല്‍ അക്കാദമിയിലെ ആകെ അംഗങ്ങളുടെ എണ്ണം 11,120 ആയി മാറും. ഇവര്‍ വോട്ട് ചെയ്താണ് ഓസ്‌കര്‍ വിജയികളെ കണ്ടെത്തുന്നത്.
2025ല്‍ ക്ഷണിക്കപ്പെട്ടവരില്‍ 41% സ്ത്രീകളും, 45% പ്രാതിനിധ്യം കുറഞ്ഞ സമൂഹങ്ങളില്‍ നിന്നുള്ളവരും, 55% പേര്‍ അമേരിക്കയുടെ പുറത്തുള്ള 60 രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ക്ഷണങ്ങള്‍ സ്വീകരിക്കുന്നവര്‍ മാത്രമായിരിക്കും 2025ല്‍ അക്കാദമിയുടെ അംഗത്വത്തിലേക്ക് പുതുതായി ചേരുന്നവര്‍.
Content Highlight: Kamal Haasan, Ayushmann Khurrana among 534 invited to join the Academy for Oscars voting