സൗത്ത് ഇന്ത്യയിലെ മികച്ച ആക്ഷന്‍ കൊറിയോഗ്രാഫര്‍മാരായ അന്‍പറിവ് ഡ്യൂവോ ആദ്യമായി സംവിധായ കുപ്പായമണിയുന്നതിന്റെ വാര്‍ത്ത സിനിമാലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ഇന്ത്യന്‍ സിനിമയുടെ എന്‍സൈക്ലോപീഡിയ കമല്‍ ഹാസനാണ് നായകന്‍. അനൗണ്‍സ് ചെയ്ത് രണ്ട് വര്‍ഷം പിന്നിട്ടിട്ടും ചിത്രത്തിന്റെ മറ്റ് അപ്‌ഡേറ്റുകളൊന്നും വന്നിരുന്നില്ല.
ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ട് അടുത്ത മാസം ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ തകൃതിയായി നടക്കുകയാണെന്നും നവംബര്‍ പകുതിയോടെ ഷൂട്ട് ആരംഭിക്കുമെന്നും അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. 50 ദിവസത്തോളം നീണ്ടുനില്‍ക്കുന്ന ആദ്യ ഷെഡ്യൂളാണ് അടുത്ത മാസം ആരംഭിക്കുകയെന്നും കേള്‍ക്കുന്നു.
കമല്‍ ഹാസന്റെ പിറന്നാള്‍ ദിനമായ നവംബര്‍ ഏഴിന് ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തിറങ്ങാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായിക്കഴിഞ്ഞല്‍ തെരഞ്ഞെടുപ്പിന്റെ പ്രചരണത്തിനായി കമല്‍ തിരക്കിലായേക്കുമെന്നും പിന്നീട് ബാക്കി പോര്‍ഷനുകള്‍ പൂര്‍ത്തിയാക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്.
ജോണ്‍ വിക് മോഡല്‍ ആക്ഷന്‍ ചിത്രമാകും ഇതെന്നും ഇന്ത്യയിലെ പല സ്ഥലങ്ങളിലായിട്ടാകും ഷൂട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ മുഴുവന്‍ ക്രൂവിനെയടക്കം അനൗണ്‍സ് ചെയ്തുകൊണ്ടുള്ള വീഡിയോ അധികം വൈകാതെ പുറത്തുവിടുമെന്നും കരുതുന്നു. ചിത്രത്തില്‍ സായ് പല്ലവി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ നായികയായി പരിഗണിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മലയാളികളുടെ സ്വന്തം ശ്യാം പുഷ്‌കരനും ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലുണ്ട്. റിയലിസ്റ്റിക് സിനിമകള്‍ക്ക് മാത്രം തൂലിക ചലിപ്പിച്ചിട്ടുള്ള ശ്യാം പുഷ്‌കരന്‍ ആദ്യമായി ആക്ഷന്‍ ചിത്രത്തിനായി സ്‌ക്രിപ്റ്റ് ഒരുക്കുമ്പോള്‍ പ്രതീക്ഷകളേറെയാണ്. KH 237 എന്ന് താത്കാലികമായി ടൈറ്റില്‍ നല്കിയ ചിത്രം 2026ലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.
വിക്രത്തിന് ശേഷം തുടര്‍ച്ചയായി രണ്ട് ഫ്‌ളോപ്പുകള്‍ സമ്മാനിച്ച കമല്‍ ഹാസന്റെ അടുത്ത ചിത്രം ഗംഭീരമാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. KH 237ന് ശേഷമാകും ഇന്ത്യന്‍ സിനിമ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമല്‍ ഹാസന്‍- രജിനി പ്രൊജക്ടിന്റെ വര്‍ക്കുകള്‍ ആരംഭിക്കുക. നെല്‍സനാകും ചിത്രത്തിന്റെ സംവിധായകനെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Kamal Haasan Anbariv movie might kickstart next year