കെ.എസ് സേതുമാധവനടക്കമുള്ള സീനിയര്‍ സംവിധായകരുടെ സഹായിയായി കരിയറാരംഭിച്ച് പിന്നീട് മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായി മാറിയ ആളാണ് കമല്‍. മിഴിനീര്‍പ്പൂക്കളിലൂടെ സ്വതന്ത്ര സംവിധായകനായി മാറിയ കമല്‍ മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപിടി മികച്ച സിനിമകള്‍ സമ്മാനിച്ചു.
മോളിവുഡിലെ ബിഗ് എംസായ മമ്മൂട്ടിക്കും മോഹന്‍ലാലിനൊപ്പം ഒന്നിച്ചപ്പോള്‍ മികച്ച സിനിമകള്‍ മാത്രമാണ് കമല്‍ സമ്മാനിച്ചത്. വിഷ്ണുലോകം, മഴയെത്തും മുമ്പേ, രാപ്പകല്‍, ഉള്ളടക്കം തുടങ്ങിയ ക്ലാസിക്കുകള്‍ അണിയിച്ചൊരുക്കിയത് കമലാണ്. മമ്മൂട്ടിയും മോഹന്‍ലാലും തമ്മിലുള്ള വ്യത്യാസത്തെക്കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.
കമൽ.photo.screen grab/youtube
ഇരുവര്‍ക്കുമൊപ്പം താന്‍ നിരവധി സിനിമകള്‍ ചെയ്തതിനാല്‍ രണ്ടാള്‍ക്കുമുള്ള പ്രത്യേകതകള്‍ കൃത്യമായി തനിക്ക് അറിയാമെന്ന് കമല്‍ പറഞ്ഞു. മോഹന്‍ലാല്‍ എല്ലായ്‌പ്പോഴും ഡയറക്ടേഴ്‌സ് ആക്ടറാണെന്നും ഓരോ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോഴും ഓരോ ശൈലിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എം.ബി ഫോര്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു കമല്‍.
‘ഇപ്പോള്‍ മോഹന്‍ലാലിനെ നോക്കിയാല്‍ അയാള്‍ ഓരോ സംവിധായകരുടെ അടുത്ത് എത്തുമ്പോഴും ഓരോ ശൈലിയാണ്. എന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ കിട്ടുന്ന ഔട്ട്പുട്ടല്ല പ്രിയന്റെ കൂടെ. അതുപോലെയല്ല സത്യന്‍ അന്തിക്കാടിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍. വെള്ളം പോലെയാണ് അയാള്‍. ഓരോ പാത്രത്തിനനുസരിച്ച് ഓരോ ഷെയ്പ്പായിരിക്കും. മമ്മൂക്ക അങ്ങനെയല്ല, പുള്ളി ഒരു ബ്രാന്‍ഡാണ്. നമ്മള്‍ക്ക് എന്താണോ വേണ്ടത്, അത് കൃത്യമായി തരും.
ഞാന്‍ മമ്മൂക്കയെ വെച്ച് ചെയ്ത പടങ്ങളിലെല്ലാം പുള്ളിയെ പരമാവധി ഡീ ഗ്ലാമറൈസ് ചെയ്തിട്ടുണ്ട്. അഴകിയ രാവണന്‍ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. സഫാരി സ്യൂട്ടും കൂളിങ് ഗ്ലാസുമൊക്കെ ധരിച്ച് സ്റ്റൈലായി നടക്കുമ്പോഴും ഉള്ളില്‍ ഒരുപാട് നെഗറ്റീവുള്ള ക്യാരക്ടറാണ് അത്. ആ പടത്തിന്റെ കഥ കേട്ടപ്പോള്‍ ‘എനിക്കൊന്നും ഇത് ചെയ്യാന്‍ വയ്യ, കൊണ്ട് പൊയ്‌ക്കോ’ എന്നാണ് ശ്രീനിയോട് പറഞ്ഞത്.
തൊട്ടടുത്ത ദിവസം മമ്മൂക്ക ശ്രീനിയെ വിളിച്ചിട്ട് ‘ഈ റോള്‍ ഞാന്‍ ചെയ്താല്‍ നന്നാകുമോ’ എന്ന് മമ്മൂക്ക ചോദിച്ചു. ‘നിങ്ങള് ചെയ്താല്‍ നന്നാകും. ഇതിപ്പോള്‍ മോഹന്‍ലാലിന്റെ കൈയില്‍ കൊടുത്താല്‍ അയാള്‍ എല്ലാ ടൈപ്പ് റോളും ചെയ്യുന്നതുപോലെ ഇതും ചെയ്യും. പക്ഷേ, ഈ ക്യാരക്ടര്‍ നിങ്ങളെക്കൊണ്ട് ചെയ്യിക്കുക എന്നതാണ് ഞങ്ങളുടെ ചാലഞ്ച്’ എന്നും ശ്രീനി പറഞ്ഞു. അങ്ങനെയാണ് ആ പടത്തിലേക്ക് മമ്മൂക്ക വരുന്നത്.
Content Highlight: Kamal about the difference between Mammootty and Mohanlal