| Wednesday, 4th November 2026, 4:55 pm

രജിനികാന്തിന്റെയും കമല്‍ ഹാസന്റെയും നായികയായ ഒരാളെ സെക്കന്‍ഡ് ഹീറോയിനാക്കിയത് അന്നത്തെ കാലത്ത് ഞാനെടുത്ത വലിയ റിസ്‌കായിരുന്നു: കമല്‍

അമര്‍നാഥ് എം.

മലയാളത്തിലെ എക്കാലത്തെയും മികച്ച സംവിധായകരിലൊരാളാണ് കമല്‍. മിഴിനീര്‍പൂക്കളിലൂടെ സ്വതന്ത്ര സംവിധായകനായി അരങ്ങേറിയ കമല്‍ മോളിവുഡിന് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന സിനിമകള്‍ സമ്മാനിച്ചു. ഏത് തരം സിനിമകളും പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കാന്‍ കമലിന് പ്രത്യേക കഴിവാണുള്ളത്.

കരിയറില്‍ ചെയ്ത പല സിനിമകളിലും ഒന്നിലധികം നായികമാരെ കാസ്റ്റ് ചെയ്യുന്നത് കമലിന്റെ പതിവാണ്. ആദ്യചിത്രമായ മിഴിനീര്‍പൂക്കള്‍ മുതല്‍ ഈ ട്രെന്‍ഡ് ആരംഭിച്ചിട്ടുണ്ട്. ഇന്‍ഡസ്ട്രിയില്‍ കത്തി നില്‍ക്കുന്ന നായികമാരെയാണ് എപ്പോഴും കമല്‍ തെരഞ്ഞെടുക്കാറുള്ളത്. രണ്ട് നായികമാരെ കാസ്റ്റ് ചെയ്യുമ്പോഴുള്ള വെല്ലുവിളികളെക്കുറിച്ച് സംസാരിക്കുകയാണ് കമല്‍.

ഒരാളെക്കാള്‍ മറ്റൊരാള്‍ക്ക് പ്രാധാന്യം കൂടുമോ എന്ന സംശയം പല നടിമാര്‍ക്കും ഉണ്ടാകാറുണ്ടെന്ന് കമല്‍ പറഞ്ഞു. അവരെ കൃത്യമായി കണ്‍വിന്‍സ് ചെയ്യാന്‍ തനിക്ക് സാധിക്കാറുണ്ടെന്നും അങ്ങനെയാണ് പലരും സിനിമകള്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗ്രാമഫോണില്‍ തന്നെക്കാള്‍ പ്രാധാന്യം മീര ജാസ്മിന് ഉണ്ടാകുമോ എന്ന് നവ്യ പേടിച്ചെന്നും കമല്‍ പറയുന്നു. പോര്‍ട്രയല്‍സ് ബൈ ഗദ്ദാഫിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഗ്രാമഫോണ്‍ ചെയ്യുന്ന സമയത്ത് നവ്യക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു. മീര ജാസ്മിന് കൂടുതല്‍ ഇംപോര്‍ട്ടന്‍സ് ഉണ്ടാകുമോ എന്നായിരുന്നു അവരുടെ ഡൗട്ട്. എന്റെ പല സിനിമകളിലും ഇതുപോലെ രണ്ട് നായികമാരുണ്ട്. മിഴിനീര്‍പൂക്കള്‍ മുതല്‍ ഞാന്‍ അങ്ങനെയാണ്. പെരുമഴക്കാലത്തിന്റെ സമയത്ത് മീരയുടെ ക്യാരക്ടര്‍ സ്‌കോര്‍ ചെയ്യുമോ എന്ന് കാവ്യ സംശയിച്ചു. ഈ പെര്‍ഫോമന്‍സിന് സ്‌റ്റേറ്റ് അവാര്‍ഡ് കിട്ടുമെന്ന് പറഞ്ഞാണ് കാവ്യയെ കണ്‍വിന്‍സ് ചെയ്തത്. പറഞ്ഞതുപോലെ അവര്‍ക്ക് അവാര്‍ഡ് കിട്ടുകയും ചെയ്തു.

മഴയെത്തും മുമ്പേയിലെ മെയിന്‍ നായിക ആനിയാണ്. പക്ഷേ, അവരെക്കാള്‍ കുറച്ച് സീനില്‍ വന്ന് സ്‌കോര്‍ ചെയ്തത് ശോഭനയായിരുന്നു. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികളിലും ഇതുപോലെ രണ്ട് നായികമാരുണ്ടായിരുന്നു. രേവതിയുടെ ആദ്യത്തെ പടമായിരുന്നു അത്. രണ്ടാമത്തെ നായികയായി അന്ന് കാസ്റ്റ് ചെയ്തത് അംബികയെയാണ്.

അംബികയാണെങ്കില്‍ അന്ന് കത്തിനില്‍ക്കുന്ന നായികയാണ്. രജിനികാന്തിന്റെ ഒരു സിനിമയില്‍ നായികയായതിന് ശേഷമാണ് അവര്‍ കാക്കോത്തിക്കാവിലെത്തിയത്. ഈ പടം കഴിഞ്ഞ് അവര്‍ ചെയ്യാന്‍ പോയത് കമല്‍ ഹാസന്റെ നായികയാകാനാണ്. അത്രയും ടോപ്പില്‍ നിന്ന നായികയെ സെക്കന്‍ഡ് ഹീറോയിനാക്കുക എന്ന് പറഞ്ഞാല്‍ അത് വലിയ റിസ്‌കായിരുന്നു,’ കമല്‍ പറഞ്ഞു.

Content Highlight: Kamal about casting Ambika in Kakkothikavile Appooppan thaadikal

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more