| Sunday, 24th August 2025, 9:01 am

രണ്ട് സിനിമയും ഒരുമിച്ച് വരുമെന്ന് വിചാരിച്ചില്ല; അച്ഛന്‍ എന്നോട് ഒരു കാര്യമാണ് പറഞ്ഞത്: കല്യാണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കല്യാണിയുടേതായി രണ്ട് സിനിമകള്‍ ഈ മാസം 28ന് തിയേറ്ററുകളില്‍ എത്തുന്നുണ്ട്. അല്‍ത്താഫ് സലീം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിരയും അരുണ്‍ ഡൊമനിക്ക് ഒരുക്കുന്ന ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്രയും. ഇപ്പോള്‍ ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ വരാന്‍ പോകുന്ന സിനിമകളെ കുറിച്ച് സംസാരിക്കുകയാണ് കല്യാണി.

‘രണ്ട് സിനിമയും ഒരേ സമയത്താണ് റിലീസ് ചെയ്യുന്നത്. അത് ഒരിക്കലും ആ രീതിയില്‍ പ്ലാന്‍ ചെയ്തതല്ല. ആദ്യം ഓടും കുതിര എന്ന സിനിമ കഴിഞ്ഞിട്ട് ലോകയിലേക്ക് പോകാമെന്നാണ് വിചാരിച്ചത്. കുറേ ഡേറ്റ് ഇഷ്യൂസും മറ്റ്കാരണങ്ങള്‍ കൊണ്ടാണ് രണ്ട് സിനിമയും ഒരുമിച്ചായത്. ഞങ്ങള്‍ ഓടും കുതിര കുറേ കാലം ഷൂട്ട് ചെയ്യാതിരുന്നിട്ടുണ്ട്. ഞാന്‍ ഒരിക്കലും രണ്ട് സിനിമയും ഒരുമിച്ച് വരുമെന്ന് വിചാരിച്ചേ ഇല്ല.

അത് അങ്ങനെ സംഭവിച്ചതാണ്. അതുകൊണ്ട് ഞാന്‍ ആ രീതിയിലേക്ക് അഡാപ്റ്റ് ചെയ്യണമായിരുന്നു. പക്ഷേ ഇതെന്നെ ശരിക്കും പറഞ്ഞാല്‍ സഹായിച്ചു. കാരണം ഞാന്‍ വിചാരിച്ചത് എനിക്ക് രണ്ടും കൂടി മാനേജ് ചെയ്യാന്‍ കഴിയില്ലെന്നാണ്. പക്ഷേ ഞാന്‍ ഓക്കെയാണ്. എനിക്ക് പറ്റുന്നുണ്ട്,’ കല്യാണി പറഞ്ഞു.

ലോകയിലെ കഥാപാത്രം കുറച്ച് വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും നിങ്ങള്‍ എത്രത്തോളം നാച്ചുറലായി പെര്‍ഫോം ചെയ്യുന്നുണ്ട് അത്രയും അത് പ്രേക്ഷകര്‍ക്ക് റിലേറ്റ് ചെയ്യാന്‍ കഴിയുമെന്നാണ് അച്ഛന്‍ പറഞ്ഞതെന്നും നടി പറഞ്ഞു. ലോകയിലെ കഥാപാത്രം താനുമായി ഒരു സാമ്യവുമില്ലെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു.

‘അവതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളിലും ഞാന്‍ എന്റെ ഒരു അംശം കൊടുക്കാറുണ്ട്. അരുണ്‍ എന്റെയടുത്ത് പറഞ്ഞത് ലോകയിലെ കഥാപാത്രവും താനും ഒരേ പോലെയല്ല. അതുകൊണ്ട് നമ്മള്‍ പൂര്‍ണമായും വ്യത്യസ്തമായിട്ട് തന്നെ ചെയ്യണം എന്നാണ്.

ആ കഥാപാത്രം വളരെ ബോള്‍ഡാണ്, ഇമോഷണലി ഡിറ്റാച്ച്ഡാണ്. അവളുടെ കണ്ണ് ഒരു ഇമോഷനും കൊടുക്കാത്ത ഒരുപോയ്ന്റ് സിനിമയില്‍ ഉണ്ട്. ഇന്ത്യന്‍ ഓഡിയന്‍സിന് അങ്ങനെയുള്ള കഥാപാത്രങ്ങള്‍ ഒരുപാട് കണ്ട്   പരിചയമുണ്ടെന്ന് തോന്നുന്നില്ല,’ കല്യാണി പറയുന്നു.

Content highlight:  Kalyani says  she didn’t think  the  both films odum kuthira chadum kuthira and lokah would come together

We use cookies to give you the best possible experience. Learn more