കൊച്ചി: തൃപ്പൂണിത്തുറയില്‍ നിന്ന് കാണാതായ മൂന്ന് വയസുകാരി കല്ല്യാണിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് (ചൊവ്വാഴ്ച്ച) പുലര്‍ച്ചെ 2:20 ഓട് കൂടി മൂഴിക്കുളം പാലത്തിന്റെ പരിസരത്തെ മണലില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
തൃപ്പൂണിത്തുറ സ്വദേശികളായ സുഭാഷ്-സന്ധ്യ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് കല്യാണി. ഇന്നലെ വൈകീട്ട് 3:30 ഓട് കൂടിയാണ് കുട്ടിയെ അമ്മ സന്ധ്യ പണിക്കരുപടിയിലുള്ള അങ്കണവാടിയില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയത്.
അമ്മയില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് പൊലീസും സ്‌കൂബ ടീമും പാലത്തിന് സമീപം പരിശോധന നടത്തിയത്. അതേസമയം അമ്മ സന്ധ്യയ്ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. ആദ്യം കുഞ്ഞിനെ ബസില്‍വെച്ച് കാണാതായെന്നാണ് അമ്മ മൊഴി നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് മൂഴിക്കുളം പാലത്തിനടുത്ത് മകളെ ഉപേക്ഷിച്ചതായി പറഞ്ഞു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പാലത്തിന് സമീപം തെരച്ചില്‍ നടത്തിയത്. നിലവില്‍ ചെങ്ങമനാട് പൊലീസ് സ്‌റ്റേഷനിലാണ് അമ്മയുള്ളത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇവരെ ആലുവ പൊലീസ് സ്‌റ്റേഷനിലേക്ക് മാറ്റും. ഉടന്‍ അറസ്റ്റ് രേഖപ്പെടുത്തും.
അതേമയം ഭര്‍തൃവീട്ടിലെ പ്രശ്‌നങ്ങളാണോ സന്ധ്യയെ ഇത്തരമൊരു കൃത്യത്തിലേക്ക് നയിച്ചതെന്നും പരിശോധിക്കും. നിലവില്‍ സന്ധ്യയെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
കല്യാണിയുടെ മൃതദേഹം അങ്കമാലി താലൂക്ക് ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഇന്ന് പോസ്റ്റുമോര്‍ട്ടം നടത്തും.
Content Highlight: Three year old found dead; mother charged with murder