| Sunday, 4th January 2026, 4:50 pm

ഇനി കല്യാണി അങ്ങ് ബോളിവുഡിലാ...;രണ്‍വീര്‍ സിങ്ങിന്റെ നായികയായി 'പ്രാലൈ'യില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

ഐറിന്‍ മരിയ ആന്റണി

നടി കല്യാണി പ്രിയദര്‍ശന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നു. ജയ് മേത്തയുടെ സംവിധാനത്തില്‍ രണ്‍വീര്‍ സിങ് നായകനായെത്തുന്ന സോമ്പി ത്രില്ലര്‍ പ്രാലൈയില്‍ കല്യാണി രണ്‍വീറിന്റെ നായികയായെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര എന്ന ഹിറ്റ് ചിത്രത്തിന് ശേഷം കല്യാണിക്ക് ഇന്‍ഡസ്ട്രിയില്‍ ഉണ്ടായ ഹൈപ്പ് ചെറുതൊന്നുമല്ല. 300 കോടി നേടി ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ലോകഃ മലയാള സിനിമയില്‍ ഒരു പുതു ചരിത്രം തന്നെ സൃഷ്ടിച്ചു. ഇപ്പോള്‍ ബോളിവുഡിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

2026 ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കാനിരിക്കുന്ന സിനിമയില്‍ കല്യാണി നായികയായെത്തുമെന്നാണ് പല സിനിമാ പേജുകളും റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്‍വീര്‍ ഒരു നിര്‍മാതാവെന്ന നിലയില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് പ്രാലൈ. മാ കസം ഫിലിംസിന്റെ ബാനറില്‍ ഹന്‍സല്‍ മേത്തയുടെ ട്രൂ സ്റ്റോറി ഫിലിംസുമായും സമീര്‍ നായരുടെ കമ്പനിയുമായും സഹകരിച്ചാണ് ചിത്രം നിര്‍മിക്കുന്നത്.

സിനിമയെ കുറിച്ചുള്ള കൂടുതല്‍ അപ്‌ഡേറ്റൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും വന്‍ ബജറ്റിലാണ് ‘പ്രാലൈ’ ഒരുങ്ങുന്നതെന്നാണ് സൂചനകള്‍. തെലുങ്ക് മലയാള സിനിമകളുടെ ഭാഗമായിട്ടുള്ള കല്യാണിയെ സംബന്ധിച്ചിടത്തോളം ഇത് പാന്‍ ഇന്ത്യന്‍ തലത്തിലേക്കുള്ള ഒരു ചുവടുമാറ്റമാണ്.

ധുരന്ധറിന്റെ ചരിത്ര വിജയം രണ്‍വീറിലുണ്ടാക്കിയ ഹൈപ്പും ചെറുതല്ല. ആദിത്യ ധര്‍ സംവിധാനത്തില്‍ ഡിസംബര്‍ 5 തിയേറ്ററുകളിലെത്തിയ ചിത്രം 1000 കോടിയെന്ന അപൂര്‍വം നേട്ടം സ്വന്തമാക്കി. വിലക്കുകള്‍ക്കിടയിലും സിനിമ ബോക്‌സ് ഓഫീസില്‍ കുതിപ്പ് തുടര്‍ന്നിരുന്നു.

അതേസമയം 2017ല്‍ അഖില്‍ അക്കിനേനിക്കൊപ്പം ‘ഹലോ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണിയുടെ വെളളിത്തിരയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് ഹൃദയം, വരനെ ആവശ്യമുണ്ട്, ആന്റണി, വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍ ഡൊമിനിക്ക് അരുണിന്റെ സംവിധാനത്തില്‍ 20205ല്‍ പുറത്തിറങ്ങിയ ലോകഃ കല്യാണിക്ക് നോര്‍ത്ത് ഇന്ത്യയിലും ശ്രദ്ധ നേടി കൊടുത്തു.

Content Highlight: Kalyani  priyadarshn to star opposite Ranveer Singh in Bollywood, reports say

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more