നിലവില്‍ മലയാളത്തിലെ നായിക നടിമാരില്‍ തിളങ്ങി നില്‍ക്കുന്ന അഭിനേത്രിയാണ് കല്യാണി പ്രിയദര്‍ശന്‍. ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര എന്ന കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രത്തിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ഡവും താരത്തിന് ലഭിച്ചിരുന്നു. 2017ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഹലോയിലൂടെ സിനിമാ ജീവിതത്തിന് തുടക്കം കുറിച്ച കല്യാണി വരനെ ആവശ്യമുണ്ട് എന്ന ദുല്‍ഖര്‍ ചിത്രത്തിലൂടെയാണ് മലയാളത്തിലേക്കെത്തിയത്. ചിത്രത്തിലെ നിഖിത എന്ന കഥാപാത്രത്തിലൂടെ താരത്തിന് വലിയ പ്രശംസ ലഭിക്കുകയും ചെയ്തിരുന്നു.
ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. Photo: Radio City
പിന്നീട് പുറത്തിറങ്ങിയ ഹൃദയം, ബ്രോ ഡാഡി, തല്ലുമാല, വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ തന്റെതായ സ്ഥാനം സൃഷ്ടിച്ചെടുത്ത കല്യാണി, ഡൊമിനിക്ക് അരുണ്‍ സംവിധാനം ചെയ്ത ലോകഃയിലൂടെ തന്റെ കരുത്ത് തെളിയിക്കുകയായിരുന്നു. ചന്ദ്ര എന്ന അമാനുഷിക ശക്തിയുള്ള കഥാപാത്രമായി എത്തിയ താരം ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൈയടക്കത്തോടെയായിരുന്നു അവതരിപ്പിച്ചത്. ചിത്രം ബോക്‌സ് ഓഫീസില്‍ വന്‍ കുതിപ്പ് നടത്തിയതോടെ മലയാളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രവും കല്യാണിയുടെ പേരില്‍ കുറിക്കപ്പെട്ടിരുന്നു.
അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കല്ല്യാണിയുടെ അമ്മയും മലയാളത്തിലെ മുന്‍ അഭിനേത്രിയുമായ ലിസിയുമായി അഭിനയത്തിലുണ്ടാകുന്ന സാമ്യതയെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. അമ്മയുടെ ചിത്രങ്ങള്‍ കണ്ട് അമ്മയെ പോലെ അഭിനയിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും താന്‍ അഭിനയിക്കുമ്പോള്‍ നാച്ചുറലായി വരുന്നതാണ് അമ്മയുടെ മാനറിസമെന്നും കല്ല്യാണി പറയുന്നു. സംവിധായകനായ ജൂഡ് ആന്തണി ജോസ് തന്റെ അഭിനയത്തിന് അമ്മയുടെ അഭിനയുമായി ബന്ധമുള്ളതിനെ കുറിച്ച് പറഞ്ഞിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
കല്ല്യാണിയും അമ്മ ലിസിയും. Photo: Reddit
1980കളില്‍ മലയാള സിനിമയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന അഭിനേത്രിയായിരുന്നു ലിസി. 1982ല്‍ പുറത്തിറങ്ങിയ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം മലയാളത്തിന് പുറമെ ഹിന്ദി, കന്നട, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും വേഷമിട്ടിരുന്നു. പിന്നീട് സംവിധായകന്‍ പ്രിയദര്‍ശനുമായുള്ള വിവാഹത്തെ തുടര്‍ന്ന് ലിസി അഭിനയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു.
Content Highlight: Kalyani Priyadarshan talks about her similarities in acting with Mother Lissy