| Wednesday, 3rd September 2025, 11:32 am

ഫഹദിനൊപ്പം വര്‍ക്ക് ചെയ്തതോടെ എന്നിലൊരു മാറ്റമുണ്ടായി: കല്യാണി പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിക്രം കുമാര്‍ സംവിധാനം ചെയ്ത ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് കല്യാണി പ്രിയദര്‍ശന്‍. പിന്നീട് തെലുങ്ക്, തമിഴ് സിനിമകളില്‍ ഭാഗമായിരുന്ന നടി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തുന്നത്.

ഇത്തവണ ഓണം റിലീസായി കല്യാണിയുടേതായി എത്തിയ രണ്ട് മലയാള ചിത്രങ്ങളാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര, ഓടും കുതിര ചാടും കുതിര എന്നിവ. ഇതില്‍ അല്‍ത്താഫ് സലിം സംവിധാനം ചെയ്തെത്തിയ ഓടും കുതിരയില്‍ ഫഹദ് ആയിരുന്നു നായകന്‍.

കല്യാണി പ്രിയദര്‍ശന്‍- ഫഹദ് ഫാസില്‍ കോമ്പോ ആദ്യമായാണ് ഒരു സിനിമക്കായി ഒന്നിക്കുന്നത്. ഇപ്പോള്‍ സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ ഫഹദിനൊപ്പം വര്‍ക്ക് ചെയ്തതിന്റെ അനുഭവം പങ്കുവെക്കുകയാണ് കല്യാണി.

‘ഫഹദിന്റെ കൂടെ വര്‍ക്ക് ചെയ്തത് സത്യത്തില്‍ വളരെ അടിപൊളിയായ ഒരു അനുഭവമായിരുന്നു. ഫഫ വര്‍ക്ക് ചെയ്യുന്നത് കണ്ടപ്പോള്‍ ഞാന്‍ എന്റെ ആക്ടിങ്ങിനോടുള്ള അപ്രോച്ച് തന്നെ മാറ്റി. എത്ര സിമ്പിളായ സീനാണെങ്കിലും ചെറിയ കാര്യമാണെങ്കിലും അതിനെ പരമാവധി എലവേറ്റ് ചെയ്യാന്‍ ശ്രമിക്കുന്ന ആളാണ് ഫഫ.

എപ്പോഴും ഓരോ ഷോട്ടിന് വേണ്ടിയും ഫഫ വളരെ ഫോക്കസ്ഡും കമ്മിറ്റഡുമാണ്. ആ ലെവലിലുള്ള ഫോക്കസും കമ്മിറ്റും എന്റെ അപ്രോച്ചില്‍ ഇല്ലെന്ന് എനിക്ക് തോന്നിയിരുന്നു. ഫഹദിനൊപ്പം വര്‍ക്ക് ചെയ്തതോടെ ആ മാറ്റം എനിക്കിപ്പോള്‍ ഉണ്ടായിട്ടുണ്ട്,’ കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.

സംവിധായകനായ അല്‍ത്താഫിനെ കുറിച്ചും കല്യാണി സംസാരിച്ചു. അല്‍ത്താഫ് ഷൂട്ടിനിടയിലൊന്നും തന്നോട് അധികം മിണ്ടിയിട്ടില്ലെന്നും ബ്രീഫ് ചെയ്യാന്‍ വേണ്ടി മാത്രമാണ് ഇതുവരെ സംസാരിച്ചിട്ടുള്ളതെന്നും നടി പറഞ്ഞു.

തനിക്ക് ഓടും കുതിരയുടെ റിഥം കിട്ടാനും സിനിമയുടെ വിഷനും മീറ്ററും മനസിലാക്കാനും കുറച്ച് സമയം വേണ്ടിവന്നിരുന്നുവെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു. അല്‍ത്താഫ് സെറ്റില്‍ വളരെ നിശബ്ദനാണെന്നും അതേസമയം അദ്ദേഹത്തിന്റെ മനസില്‍ സ്വന്തം സിനിമയെ പറ്റി വളരെ ക്ലിയറായ ഒരു പിക്ചറുണ്ടെന്നും കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.

Content Highlight: Kalyani Priyadarshan Talks About Her First Experience With Fahadh Faasil

We use cookies to give you the best possible experience. Learn more