| Thursday, 28th August 2025, 10:51 pm

ഞാന്‍ ഏത് സിനിമയാണ് ചെയ്യുന്നതെന്ന് പോലും അച്ഛന് അറിയില്ല; അമ്മ എനിക്ക് ആ ഒരു ഉപദേശം മാത്രമാണ് തന്നത്: കല്യാണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യയില്‍ വലിയ ശ്രദ്ധ നേടിയ നടിയാണ് കല്യാണി. ഇന്ത്യന്‍ സിനിമയിലെ ഹിറ്റ്മേക്കര്‍മാരിലൊരാളായ പ്രിയദര്‍ശന്റെ മകളായ കല്യാണിയുടെ അരങ്ങേറ്റം തെലുങ്കിലൂടെയായിരുന്നു. പിന്നീട് തമിഴിലും തന്റെ സാന്നിധ്യമറിയിച്ച നടിയുടെ മലയാളത്തിലെ അരങ്ങേറ്റം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയായിരുന്നു. പിന്നീട് ഹൃദയം,വര്‍ഷങ്ങള്‍ക്ക് ശേഷം, തല്ലുമാല എന്നീ സിനിമകളില്‍ അഭിനയിച്ചു.

കല്യാണിയുടേതായി ഇന്ന് തിയേറ്ററുകളില്‍ എത്തിയ ലോക ചാപ്പ്റ്റര്‍ വണ്‍ ചന്ദ്ര എന്ന സിനിമക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ഒരുപാട് ഉപദേശം നല്‍കുന്നവരല്ല തന്റെ മാതാപിതാക്കള്‍ എന്ന് നടി പറയുന്നു. ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു കല്യാണി.

‘അമ്മക്ക് അറിയാമായിരുന്നു ഞാന്‍ സിനിമയിലേക്ക് തന്നെയാകും പോകുക എന്ന്. പിന്നെ എനിക്ക് അറിയില്ല ഞാന്‍ പറയുന്നത് ചിലപ്പോള്‍ കുറച്ച് വിചിത്രമായിട്ട് തോന്നാം, അങ്ങനെ ഉപദേശം തരുന്ന ആളുകള്‍ അല്ല എന്റെ മാതാപിതാക്കള്‍. സിനിമയിലേക്ക് വന്നപ്പോള്‍ എനിക്ക് അവര്‍ ഒരുപാട് ഉപദേശങ്ങളൊന്നും തന്നിട്ടില്ല.

അച്ഛന് പകുതി സമയവും ഞാന്‍ ഏത് സിനിമയാണ് ചെയ്യുന്നതെന്ന് പോലും അറിയില്ല. അല്ലെങ്കില്‍ എന്ത് തരം സിനിമയാണ് ഞാന്‍ ചെയ്യാന്‍ പോകുന്നതെന്ന് അറിയില്ല. അമ്മയാണെങ്കിലും അധികം ഒന്നും പറയാറില്ല. ‘നിനക്ക് ഈ വര്‍ക്കില്‍ സന്തോഷമുണ്ടെങ്കില്‍ നീ അത് പോയി ചെയ്‌തോളൂ. നിനക്ക് അത് പോയി ചെയ്യാം’ എന്നാണ് അമ്മ പറഞ്ഞത്. ആ ഒരു ഉപദേശം മാത്രമേ അമ്മ എനിക്ക് തന്നിട്ടുള്ളു.

ഞാന്‍ കൂടുതല്‍ ഒന്നും പറയുന്നില്ല. സിനിമയുടെ ഒരു പ്രോസസില്‍ നീ എല്ലാം പഠിച്ചോളും എന്നാണ് അച്ഛന്‍ പറഞ്ഞത്. ‘ഞാന്‍ കടന്നുവന്നപ്പോഴുള്ള പോലെയൊന്നും അല്ല ഇപ്പോള്‍ സിനിമയുടെ അന്തരീക്ഷം ഒരുപാട് വ്യത്യാസമുണ്ട്’ എന്നൊക്കെ പറഞ്ഞിരുന്നു. ‘അത് നീ മനസിലാക്കണം കണ്ടെത്തണം എന്നും പറഞ്ഞു,’ കല്യാണി പ്രിയദര്‍ശന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Kalyani Priyadarshan says her parents don’t give her much advice

We use cookies to give you the best possible experience. Learn more