| Wednesday, 8th October 2025, 12:06 pm

കല്യാണിക്കെതിരെയും ഓണ്‍ലൈന്‍ ആങ്ങളമാര്‍, അനിയത്തിയെപ്പോലെയാണ് കണ്ടതെന്ന് കമന്റുകള്‍, ജീനിയിലെ പാട്ടിന് പിന്നാലെ ചര്‍ച്ച

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്രയിലൂടെ പാന്‍ ഇന്ത്യന്‍ സെന്‍സേഷനായി മാറിയിരിക്കുകയാണ് മലയാളികളുടെ സ്വന്തം കല്യാണി പ്രിയദര്‍ശന്‍. ലോകഃക്ക് ശേഷം താരം ഭാഗമാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ജീനി. നവാഗതനായ അര്‍ജുനന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രവി മോഹനാണ് നായകന്‍. ചിത്രത്തിലെ ആദ്യ ഗാനം കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.

ഗ്ലാമറസായാണ് കല്യാണി ഈ ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടത്. കൃതി ഷെട്ടിക്കും രവി മോഹനുമൊപ്പം ഫുള്‍ എനര്‍ജിയിലാണ് കല്യാണിയും. എന്നാല്‍ പാട്ട് പുറത്തിറങ്ങിയതിന് പിന്നാലെ പല തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്. കല്യാണിയില്‍ നിന്ന് ഇത്തരത്തിലൊന്ന് തങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്.

‘ഇത് വേണ്ടായിരുന്നു കല്യാണി, നിന്നെ അനിയത്തിയെപ്പോലെയാണ് കണ്ടിരുന്നത്’ എന്ന പോസ്റ്റ് ഇതിനോടകം വൈറലായി. സിനിമ നിരൂപകന്‍ എന്ന പേജിലാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ‘ഓണ്‍ലൈന്‍ ആങ്ങളമാര്‍ പണി തുടങ്ങി’, ‘ഏത് തരത്തിലുള്ള വേഷം ചെയ്യണമെന്നത് അവരുടെ ചോയ്‌സാണ്, അതില്‍ വേറെ ആരും അഭിപ്രായം പറയണ്ട’ എന്നിങ്ങനെ പോസ്റ്റിനെ എതിര്‍ത്തുകൊണ്ടാണ് ഭൂരിഭാഗം കമന്റുകളും.

കരിയറില്‍ ആദ്യമായി ഗ്ലാമറസായിട്ടുള്ള ഗാനംരംഗം ചെയ്യുന്നതില്‍ താന്‍ എക്‌സൈറ്റഡാണെന്ന് പറഞ്ഞുകൊണ്ട് കല്യാണി പ്രിയദര്‍ശന്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയും ചര്‍ച്ചയായി. ആര്‍ട്ടിസ്‌റ്റെന്ന നിലയില്‍ തനിക്ക് ചെയ്യാന്‍ പറ്റില്ലെന്ന് കരുതുന്ന കാര്യം ചെയ്യുന്നതില്‍ ത്രില്‍ഡാണെന്നായിരുന്നു താരം പറഞ്ഞത്. സംവിധായകന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ താന്‍ അമ്പരന്നെന്നും വളരെ മികച്ച രീതിയില്‍ അദ്ദേഹം ഈ ഗാനം സിനിമയില്‍ പ്ലെയ്‌സ് ചെയ്തിട്ടുണ്ടെന്നും പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്.

എന്നാല്‍ ഈ ഗാനത്തിനെ എതിര്‍ത്തും അനുകൂലിച്ചും ചില പോസ്റ്റുകള്‍ പ്രചരിക്കുന്നുണ്ട്. 2025ലും നായികമാരെ ഒബ്ജക്ടിഫൈ ചെയ്യുന്ന ഇത്തരം പാട്ടുകള്‍ നിര്‍ത്താറായില്ലേ എന്ന് ചിലര്‍ ചോദിക്കുന്നുണ്ട്. മലയാളം ഇന്‍ഡസ്ട്രി കൃതി ഷെട്ടിക്കും കല്യാണിക്കും നല്‍കിയത് എ.ആര്‍.എമ്മും ലോകഃയുമാണെന്നും തമിഴ് സിനിമ അവരെ ഗ്ലാമറൈസ് ചെയ്‌തെന്നും മറ്റൊരു പോസ്റ്റില്‍ ഒരാള്‍ കുറിച്ചു.

‘അബ്ദി അബ്ദി’ എന്ന് പേരിട്ടിരിക്കുന്ന പാട്ടിന് സംഗീതം നല്‍കിയിരിക്കുന്നത് എ.ആര്‍. റഹ്‌മാനാണ്. സമ്മിശ്ര പ്രതികരണമാണ് പാട്ടിന് ലഭിക്കുന്നത്. അനിരുദ്ധിന്റെ സെന്‍സേഷനല്‍ ഹിറ്റായ ‘അറബിക് കുത്ത്’ എന്ന പാട്ടിനെ കോപ്പിയടിക്കാന്‍ റഹ്‌മാന്‍ ശ്രമിച്ചെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ എ.ആര്‍. റഹ്‌മാന്റെ പാട്ടുകള്‍ ഒരിക്കലും ‘ഫസ്റ്റ് ഹിയറിങ് സെന്‍സേഷന്‍’ അല്ലെന്നും പതിയെ എല്ലാവര്‍ക്കും ഇഷ്ടമാകുമെന്നാണ് ആരാധകരുടെ വാദം.

ഇതുവരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് രവി മോഹന്‍ ജീനിയില്‍ പ്രത്യക്ഷപ്പെടുന്നത്. ഈ വര്‍ഷം ജൂണില്‍ റിലീസാകുമെന്നറിയിച്ച ചിത്രം പിന്നീട് മാറ്റിവെക്കുകയായിരുന്നു. ഫാന്റസി കോമഡി ഴോണറിലൊരുങ്ങുന്ന ചിത്രം ഡിസംബറില്‍ തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Kalyani Priyadarshan’s new song discussing in social media

We use cookies to give you the best possible experience. Learn more