മലയാളത്തിലെ കളക്ഷന്‍ റെക്കോഡുകളെല്ലാം തകര്‍ത്ത് മുന്നേറുകയാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ചന്ദ്ര. തരംഗത്തിന് ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. ഓണം റിലീസായെത്തിയ ചിത്രം ഇതിനോടകം 180 കോടിയും കടന്ന് മുന്നേറുകയാണ്. മലയാളത്തിലെ അടുത്ത ഇന്‍ഡസ്ട്രി ഹിറ്റായി ലോകഃ മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
മലയാളത്തിന്റെ സ്വന്തം ദുല്‍ഖര്‍ സല്‍മാനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസ് നിര്‍മിച്ച ചിത്രം പാന്‍ ഇന്ത്യന്‍ ഹിറ്റായി മാറിയിരിക്കുകയാണ്. വേഫറര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യ ഇന്‍സ്റ്റാള്‍മെന്റായാണ് ലോകഃ ചാപ്റ്റര്‍ വണ്‍ ഒരുങ്ങിയത്. ഇത് രണ്ടാം തവണയാണ് കല്യാണിയും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്നത്.
മലയാളത്തില്‍ കല്യാണി പ്രിയദര്‍ശന്റെ ആദ്യചിത്രമായ വരനെ ആവശ്യമുണ്ട് നിര്‍മിച്ചതും ദുല്‍ഖറായിരുന്നു. കരിയറില്‍ എല്ലായ്‌പ്പോഴും തനിക്ക് സപ്പോര്‍ട്ടായി നില്‍ക്കുന്നയാളാണ് ദുല്‍ഖറെന്ന് കല്യാണി അടുത്തിടെ പറഞ്ഞിരുന്നു. ഇപ്പോഴിതാ ലോകഃയുടെ റിലീസിന് മുമ്പുള്ള ദുല്‍ഖറിന്റെ വാക്കുകള്‍ പങ്കുവെക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍.
‘റിലീസിന്റെ തലേദിവസം ദുല്‍ഖര്‍ എനിക്ക് മെസ്സേജയച്ചിരുന്നു. പടം ബോക്‌സ് ഓഫീസില്‍ എങ്ങനെ പെര്‍ഫോം ചെയ്യുമെന്ന കാര്യത്തില്‍ വലിയ ധാരണയില്ലായിരുന്നു. പക്ഷേ ദുല്‍ഖര്‍ പറഞ്ഞത് ‘ഈ സിനിമ കാരണം എന്റെ പൈസ പോയാലും വലിയ വിഷമമൊന്നും തോന്നില്ല. കാരണം നല്ലൊരു സിനിമ ചെയ്തു എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്’ എന്നായിരുന്നു. കാരണം, ഈ സിനിമ പ്രേക്ഷകര്‍ ഏറ്റെടുത്താലും ഇല്ലെങ്കിലും നല്ല സിനിമയാണ് ഇതെന്ന് ഞങ്ങളെല്ലാവരും വിശ്വസിച്ചു.
എന്നേ കാസോ എന്നാണ് ദുല്‍ഖര്‍ വിളിക്കുന്നത്. ‘കാസോ, നീയൊരിക്കലും ഈ സിനിമയുടെ കളക്ഷന്‍ നമ്പറുകള്‍ ഒരിക്കലും നോക്കരുത്. ഈ പടത്തിന്റെ നിര്‍മാതാവെന്ന നിലയില്‍ ഞാന്‍ ഹാപ്പിയാണ്. ഇതിന് വേണ്ടിയാണ് നമ്മള്‍ സിനിമയിലേക്ക് വന്നത്. ചെറിയൊരു കൂട്ടം പ്രേക്ഷകര്‍ മാത്രമേ ഈ സിനിമയെ സ്വീകരിക്കൂവെങ്കിലും അത് ഈ സിനിമയുടെ യഥാര്‍ത്ഥ പ്രേക്ഷകരെ കണ്ടെത്തിയെന്ന് കരുതുക’ എന്നും പറഞ്ഞു. എനിക്കത് വലിയ ധൈര്യം തന്നു,’ കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.
കല്യാണി പ്രിയദര്‍ശനൊപ്പെം നസ്‌ലെനും ലോകഃയില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. രണ്ടാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടാണ് ചിത്രം അവസാനിച്ചത്. മലയാളികള്‍ കേട്ടുശീലിച്ച കഥയെ ഇന്നത്തെ ലോകത്ത് ബ്ലെന്‍ഡ് ചെയ്ത കഥപറച്ചിലായിരുന്നു ലോകഃയുടേത്. കേരളത്തില്‍ 250 സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ചിത്രം 500ലധികം സ്‌ക്രീനുകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്.
Content Highlight: Kalyani Priyadarshan about the message of Dulquer Salmaan before Lokah movie release