| Wednesday, 20th August 2025, 4:34 pm

ഇത്രയും സ്‌നേഹം നീ അര്‍ഹിക്കുന്നുണ്ട് എന്നായിരുന്നു ആ സിനിമ ഹിറ്റായപ്പോള്‍ ദുല്‍ഖര്‍ എന്നോട് പറഞ്ഞത്: കല്യാണി പ്രിയദര്‍ശന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്കില്‍ കരിയര്‍ ആരംഭിച്ച് ഇന്ന് സൗത്ത് ഇന്ത്യയില്‍ നിറസാന്നിധ്യമായി നില്‍ക്കുന്ന താരമാണ് കല്യാണി പ്രിയദര്‍ശന്‍. മലയാളികള്‍ക്ക് ഒട്ടനവധി മികച്ച ചിത്രങ്ങള്‍ സമ്മാനിച്ച പ്രിയദര്‍ശന്റെ മകളാണ് കല്യാണി പ്രിയദര്‍ശന്‍. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറിയ കല്യാണിയുടെ ഏറ്റവും പുതിയ ചിത്രം ലോകാഃ ചാപ്റ്റര്‍ വണ്‍ റിലീസിന് തയാറെടുക്കുകയാണ്.

ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് ലോകാഃ നിര്‍മിക്കുന്നത്. നവാഗതനായ അരുണ്‍ ഡൊമിനിക് സംവിധാനം ചെയ്യുന്ന ചിത്രം വേഫറര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലെ ആദ്യചിത്രമാണ്. കല്യാണി പ്രിയദര്‍ശന്‍ പ്രധാനവേഷത്തിലെത്തുന്ന ചിത്രം പാന്‍ ഇന്ത്യനായാണ് ഒരുങ്ങുന്നത്. കരിയറില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉണ്ടാക്കിയ സ്വാധീനത്തെക്കുറിച്ച് സംസാരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍.

‘എല്ലാ അഭിമുഖത്തിലും ഞാന്‍ ഇത് പറയാറുണ്ട്. വരനെ ആവശ്യമുണ്ട് സിനിമയുടെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ ദുല്‍ഖര്‍ എനിക്ക് മെസേജയച്ചു. കാസോണ്‍ എന്നാണ് എന്നെ വിളിക്കുന്നത്. ‘കാസോണ്‍, നിന്നോടുള്ള സ്‌നേഹമാണ് ഇപ്പോള്‍ വരുന്ന റിവ്യൂ എല്ലാം, ഈ കമന്റെല്ലാം നീ കാണുന്നുണ്ടെന്ന് കരുതന്നു, നീ ഇത് അര്‍ഹിക്കുന്നു,’ എന്നായിരുന്നു ആ മെസേജില്‍,’ കല്യാണി പ്രിയദര്‍ശന്‍ പറഞ്ഞു.

മലയാളത്തിലേക്കുള്ള കല്യാണിയുടെ അരങ്ങേറ്റത്തിലും ദുല്‍ഖറിന്റെ സാന്നിധ്യമുണ്ടായിരുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രം നിര്‍മിച്ചതും ഇന്ന് ലോകാഃ എന്ന സിനിമ നിര്‍മിക്കുന്നതും ദുല്‍ഖറാണ്. എന്ത് പ്രശ്‌നം വന്നാലും താന്‍ ആദ്യം വിളിക്കുന്നത് ദുല്‍ഖറിനെയാണെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു.

‘ കരിയറിലോ അല്ലെങ്കില്‍ അഭിനയത്തിലോ എന്ത് ഇന്‍സെക്യൂരിറ്റീസുണ്ടെങ്കിലും ഞാന്‍ ആദ്യം വിളിക്കുന്നത് ദുല്‍ഖറിനെയാണ്. എന്തെങ്കിലും കാര്യത്തില്‍ ഞാന്‍ അവനോട് തന്നെയാണ് അഡൈ്വസുകള്‍ ചോദിക്കാറുള്ളത്. എനിക്ക് വേണ്ടി എപ്പോഴു അവന്‍ ഉണ്ടാകും. അത് ഇതുവരെ മാറിയിട്ടില്ല. ആദ്യത്തെ സിനിമ മുതല്‍ അത് അങ്ങനെ തന്നെയാണ്,’  കല്യാണി പ്രിയദര്‍ശന്‍ പറയുന്നു.

കല്യാണിക്ക് പുറമെ നസ്‌ലെനും ലോകാഃയില്‍ പ്രധാനവേഷം കൈകാര്യം ചെയ്യുന്നുണ്ട്. രണ്ട് കാലഘട്ടത്തിലായി നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. ചന്ദ്ര എന്ന കഥാപാത്രമായാണ് കല്യാണി വേഷമിടുന്നത്. ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ടൊവിനോ തോമസ്, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ അതിഥിവേഷവും ചിത്രത്തിന്റെ ഹൈപ്പ് കൂട്ടുന്നുണ്ട്.

Content Highlight: Kalyani Priyadarshan about the influence of Dulquer Salmaan in her career

We use cookies to give you the best possible experience. Learn more