| Saturday, 6th June 2026, 3:30 pm

ജോക്കർ ചെയ്യുമ്പോൾ ഞാൻ അമ്മയുടെ വയറ്റിൽ ഉണ്ടായിരുന്നു; സങ്കടത്തെ ഹ്യൂമറാക്കി അവതരിപ്പിച്ച ആ കഥാപാത്രം ഇന്നും പ്രിയപ്പെട്ടത്: കല്യാണി പണിക്കർ

നന്ദന എം.സി

തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ മധുവിധു ഇപ്പോൾ ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും ശ്രദ്ധനേടുകയാണ്. വിഷ്ണു അരവിന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ഷറഫുദ്ദീന്റെ നായികയായാണ് നടി ബിന്ദു പണിക്കറുടെയും സായികുമാറിന്റെയും മകളായ കല്യാണി പണിക്കർ എത്തിയത്.

തുടക്കത്തിൽ തന്നെ അഭിനയരംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന കല്യാണിക്ക് മധുവിധുവിലെ പ്രകടനത്തിലൂടെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

കല്യാണി പണിക്കർ, Photo: X.com

അമ്മ ബിന്ദു പണിക്കറുടെ അഭിനയ ജീവിതത്തെക്കുറിച്ചും തനിക്ക് ഏറെ ഇഷ്ടപ്പെട്ട കഥാപാത്രങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് ഇപ്പോൾ കല്യാണി. അമ്മയുടെ നിരവധി കഥാപാത്രങ്ങൾ ഇഷ്ടമാണെങ്കിലും ജോക്കർ എന്ന ചിത്രത്തിലെ സുശീല എന്ന കഥാപാത്രത്തോടാണ് തനിക്ക് പ്രത്യേക അടുപ്പമെന്ന് കല്യാണി പറയുന്നു.

‘ജോക്കറിലെ സുശീല എന്ന് പറയുന്ന കഥാപാത്രം എനിക്ക് ഭയങ്കര ഇഷ്ടമാണ്. എനിക്കറിയില്ല ഞാൻ എന്തിനാണ് ഇത്രയും ആ പടത്തിനെ പ്രമോട്ട് ചെയ്യുന്നതെന്ന്. ആ പടത്തിൽ ഒക്കെ അമ്മ ആ വാഴക്കുലയൊക്കെ വെട്ടി ബാക്കിൽ വെച്ചിട്ട് അതായത് ആ ഒരു സങ്കടം മാറ്റി അതിനെ ഹ്യൂമർ ആയി പ്ലേസ് ചെയ്യുകയാണ്.

പക്ഷേ അതിന്റെ ഉള്ളിലെ വേദന കാണിക്കണം, എന്നാൽ കാണിക്കാതെ അഭിനയിക്കുക എന്നൊക്കെ പറഞ്ഞാൽ ഇതെങ്ങനെ അഭിനയിക്കും അതിന്റെ ഡെപ്ത് എനിക്ക് ചിന്തിക്കാൻ കഴിയുന്നില്ല. ഞാൻ ആ കാര്യത്തിൽ വളരെ പ്രൗഡ് ആണ്,’ എന്നാണ് കല്യാണി പറഞ്ഞത്.

ജോക്കർ, Photo: YouTube/ Screengrab

സാധാരണ ഹാസ്യരംഗങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിക്കുന്നതിനൊപ്പം കഥാപാത്രത്തിന്റെ ഉള്ളിലുള്ള വേദനയും അതിന്റെ തീവ്രതയും പ്രകടമാക്കുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണെന്നും, ആ കഥാപാത്രത്തിൽ ബിന്ദു പണിക്കർ അത് അസാധാരണമായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും കല്യാണി പറഞ്ഞു. അതുകൊണ്ടുതന്നെയാണ് സുശീല എന്ന കഥാപാത്രം ഇന്നും തന്റെ പ്രിയപ്പെട്ടവയിൽ ഒന്നായി തുടരുന്നതെന്നും താരം വ്യക്തമാക്കി.

അതേസമയം, ആ കഥാപാത്രവുമായി തനിക്കുള്ള മറ്റൊരു വ്യക്തിപരമായ ബന്ധവും കല്യാണി പങ്കുവെച്ചു. ജോക്കർ സിനിമയുടെ ചിത്രീകരണ സമയത്ത് താൻ അമ്മയുടെ വയറ്റിൽ ഉണ്ടായിരുന്നെന്നാണ് താരം പറയുന്നത്.

‘കൂടാതെ ജോക്കർ ചെയ്യുമ്പോൾ അമ്മയുടെ വയറ്റിൽ ഉണ്ട് ഞാൻ. ആറ് മാസം എങ്ങാനും ആണ് അമ്മയ്ക്ക് ആ സമയം. അതുകൊണ്ടാണോ എന്താണെന്ന് അറിയില്ല, എനിക്കെന്തോ ഭയങ്കര ഇഷ്ടമാണ് ആ കഥാപാത്രം,’ എന്നാണ് കല്യാണി പറഞ്ഞത്.

Content Highlight: Kalyani Panicker talks about Bindu Panicker’s performance in the movie Joker

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more