ഷറഫുദ്ദീന്‍ നായകനായ മധുവിധുവിലൂടെ ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റം നടത്തിയ താരമാണ് കല്യാണി പണിക്കര്‍. മലയാളികളുടെ ഇഷ്ടതാരങ്ങളായ സായ് കുമാറിന്റെയും ബിന്ദു പണിക്കരുടെയും മകളാണ് കല്യാണി. ആദ്യചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിദേശത്തെ പഠനത്തിന് ശേഷമാണ് കല്യാണി സിനിമയിലേക്കെത്തിയത്.
കല്യാണി പണിക്കര്‍ Photo: Screen grab/ Movie Man Broadcasting
ചെറുപ്പം മുതല്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നെങ്കിലും അച്ഛന്‍ സമ്മതിക്കാത്തതുകൊണ്ട് പഠനത്തില്‍ ശ്രദ്ധ നല്‍കുകയായിരുന്നെന്ന് കല്യാണി പറഞ്ഞു. ഒരുപാട് ഓഡിഷനുകളില്‍ പങ്കെടുത്തതിന് ശേഷമാണ് മധുവിധുവില്‍ അവസരം ലഭിച്ചതെന്നും ആദ്യ സിനിമ തന്നെ മികച്ച അനുഭവമായിരുന്നെന്നും താരം കൂട്ടിച്ചേര്‍ത്തു. അടുത്തിടെ കണ്ടതില്‍ ഏറ്റവും ഇഷ്ടപ്പെട്ട സിനിമയെക്കുറിച്ചും കല്യാണി സംസാരിച്ചു.
‘ഒരുപാട് പേര്‍ ഈ സിനിമ കണ്ടിട്ടുണ്ടാകും. ഞാന്‍ ഈയടുത്താണ് ഈ സിനിമ മുഴുവന്‍ കണ്ടത്. എന്റെ മനസിനെ വല്ലാതെ ടച്ച് ചെയ്ത സിനിമയാണിത്. പ്രേം കുമാര്‍ സാര്‍ സംവിധാനം ചെയ്ത മെയ്യഴകനാണ് ആ ചിത്രം. അരവിന്ദ് സ്വാമി സാറും കാര്‍ത്തി സാറും അഭിനയിച്ച ആ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഈയടുത്ത് കണ്ടതില്‍ എന്നെ ഇത്രക്ക് ഇന്‍ഫ്‌ളുവന്‍സ് ചെയ്ത സിനിമ വേറെയില്ല,’ കല്യാണി പറയുന്നു.
തനിക്ക് ചെയ്യണമെന്ന് തോന്നിയ കഥാപാത്രങ്ങളെക്കുറിച്ചും കല്യാണി സംസാരിച്ചു. ജോക്കര്‍ എന്ന ചിത്രത്തില്‍ ബിന്ദു പണിക്കര്‍ ചെയ്ത സുശീല എന്ന കഥാപാത്രം തനിക്ക് ചെയ്യണമെന്ന് തോന്നാറുണ്ടെന്ന് താരം പറയുന്നു. തനിക്ക് ഒരുപാട് ഇഷ്ടമുള്ള സിനിമയാണതെന്നും കല്യാണി പറഞ്ഞു. മൂവീ മാന്‍ ബ്രോഡ്കാസ്റ്റിനോട് സംസാരിക്കുകയായിരുന്നു താരം.
‘ജോക്കര്‍ എന്ന സിനിമയില്‍ അമ്മ ചെയ്ത സുശീല എന്ന ക്യാരക്ടര്‍ എനിക്ക് ചെയ്യണമെന്നുണ്ട്. ആ സിനിമയില്‍ ഒരു വാഴക്കുല വെട്ടിയിട്ട് അത് ഒളിപ്പിച്ചുകൊണ്ടുവരുന്ന ഒരു സീനുണ്ട്. വളരെ ഇമോഷണലായിട്ടുള്ള സിറ്റുവേഷനെ ഹ്യൂമറിന്റെ ബാക്ക്ഗ്രൗണ്ടില്‍ പ്രസന്റ് ചെയ്തിരിക്കുകയാണ് ആ സീനില്‍. ആ സീനില്‍ കഥാപാത്രത്തിന്റെ ഉള്ളിലുള്ള വേദന കാണിക്കാതെ കാണിക്കണം.
അത്രക്ക് ഡെപ്തുള്ള ഒരു കഥാപാത്രമാണത്. വേറൊരു കാര്യം എന്താണെന്ന് വെച്ചാല്‍ ആ സീന്‍ ചെയ്യുമ്പോള്‍ ഞാന്‍ അമ്മയുടെ വയറ്റില്‍ ഉണ്ട്. ആറ് മാസമായിരുന്നു അപ്പോള്‍. അതൊക്കെ കൊണ്ട് എനിക്ക് ആ സിനിമ ഫേവറെറ്റാണ്. അതുപോലെ ഓം ശാന്തി ഓശാനയില്‍ നസ്രിയയുടെ കഥാപാത്രവും ചെയ്യണമെന്ന് ആഗ്രഹമുണ്ട്,’ കല്യാണി പറഞ്ഞു.
Content Highlight: Kalyani Panicker saying Meiyazhagan is her favorite movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ