| Saturday, 8th November 2025, 2:13 pm

അവഞ്ചേഴ്‌സോ, വണ്ടര്‍ വുമണോ അല്ലെന്ന് പലപ്പോഴും ഞാന്‍ പറഞ്ഞു; അന്താരാഷ്ട്ര സിനിമകളുമായി ലോകയെ താരതമ്യം ചെയ്യുന്നതില്‍ കല്യാണി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ചിത്രമാണ് കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തിയ ലോക ചാപ്റ്റര്‍ വണ്‍ ചന്ദ്ര. ഡൊമിനിക്ക് അരുണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ഈ ചിത്രം ആഗോളതലത്തില്‍ മുന്നൂറ് കോടി സ്വന്തമാക്കുന്ന ആദ്യ മലയാള സിനിമ എന്ന നേട്ടവും കൈവരിച്ചിരുന്നു.

ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസ് നിര്‍മിച്ച ലോക ഒക്ടോബര്‍ 31നാണ് ഒ.ടി.ടിയില്‍ റിലീസ് ചെയ്തത്. റിലീസ് മുതലേ ചിത്രത്തെ ഹോളിവുഡ് സിനിമകളുമായി പലരും താരതമ്യപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഹിന്ദുസ്ഥാന്‍ ടൈംസുമായുള്ള അഭിമുഖത്തില്‍ ഈ താരതമ്യപ്പെടുത്തലുകളോട് പ്രതികരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍.

‘ഒരു വുമണ്‍ സൂപ്പര്‍ഹീറോ സിനിമ എന്ന് പറയുമ്പോള്‍ ഞങ്ങള്‍ ഭയപ്പെട്ടത് അതിനെ താരതമ്യം ചെയ്യാന്‍ ഇവിടെ മറ്റൊരു സിനിമയില്ലെന്നാണ്. താരതമ്യം ചെയ്യുന്നത് ഞങ്ങള്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ അന്താരാഷ്ട്ര സിനിമകളുമായി താരതമ്യം ചെയ്യുമ്പോള്‍ അതിന്റെ അടുത്ത് ലോക വരുമോ എന്ന ഭയമുണ്ടായി,’ കല്യാണി പറയുന്നു.
മറ്റ് അന്താരാഷ്ട്ര സിനിമകളുടെ അടുത്ത് പോലും തങ്ങള്‍ എത്തില്ലെന്നും തന്റെ ആദ്യ അഭിമുഖങ്ങളില്‍ ഈ കാര്യങ്ങളില്‍ വളരെ ജാഗ്രത പുലര്‍ത്തിയാണ് സംസാരിച്ചിരുന്നതെന്നും കല്യാണി പറഞ്ഞു. ഇത് അവഞ്ചേഴ്സ് അല്ലെന്നും ദയവായി തന്റെ കഥാപാത്രം വണ്ടര്‍ വുമണ്‍ പോലെയാണെന്ന് പ്രതീക്ഷിക്കരുതെന്ന് താന്‍ പറഞ്ഞിരുന്നുവെന്നും കല്യാണി കൂട്ടിച്ചേര്‍ത്തു. എന്നാലും താരതമ്യം ചെയ്യുന്നത് കാണുമ്പോള്‍ സന്തോഷമുണ്ടെന്നും നടി പറഞ്ഞു.

കല്യാണി പ്രധാനവേഷത്തിയ ചിത്രത്തില്‍ നസ്‌ലെന്‍, ചന്തു സലിംകുമാര്‍, അരുണ്‍ കുര്യന്‍, സാന്‍ഡി മാസ്റ്റര്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. നിമിഷ് രവി ഛായാഗ്രഹണം നിര്‍വഹിച്ച ചിത്രത്തിന്റെ മ്യൂസിക് കൈകാര്യം ചെയ്തിരിക്കുന്നത് ജേക്‌സ് ബിജോയ് ആണ്.

Content highlight: Kalyani on comparing Lokah Chapter One Chandra to Hollywood movies

We use cookies to give you the best possible experience. Learn more