മലയാളികള്‍ വായിച്ചു കഴിഞ്ഞ കവിയല്ല ആറ്റൂര്‍. വായിച്ചു തുടങ്ങി എന്നു പോലും പറയാനാവാത്ത കവി. എന്നും വായിക്കാനിടയുള്ള പുതിയ സങ്കല്‍പങ്ങളില്‍ കൂടുതല്‍ വ്യക്തത ആര്‍ജിക്കാനിരിക്കുന്ന കവി. ചൈനീസ് തത്വ ചിന്തകനായ ലാവോത്‌സെ പറയുന്നുണ്ട്, നിങ്ങളെന്നെ നേരില്‍ കണ്ടാല്‍ പോലും തിരിച്ചറിയില്ലായിരുന്നു. ആറ്റൂരിനെ കണ്ടവരില്‍ കുറഞ്ഞ ആളുകളെ ആറ്റൂരിനെ കണ്ടുള്ളൂ.
പ്രത്യക്ഷത്തില്‍ ലളിതമാണ് ആറ്റൂര്‍. സമീപസ്ഥമായ അനുഭവങ്ങളെയാണ് കാവ്യാന്തരം ചെയ്തത്. അതിസാധാരണങ്ങളായവയാണ് ആറ്റൂരില്‍ മിക്കപ്പോഴും അസാധാരണമായി മാറുന്നത്. ഉറക്കത്തില്‍, മറവിയില്‍, ഇരുപ്പില്‍, നടപ്പില്‍, യാത്രയില്‍, നിഴലില്‍, ഒക്കെ ആറ്റൂര്‍ കവിതയാണ്.
ഭാഷ രൂപകാത്മകമാണ്. കവിത തത്വചിന്തകാത്മകമാണ് എന്ന് പറയും. ആറ്റൂരിന്റെ കവിതകള്‍ ഇത് ശരിവെക്കുന്നു. ആറ്റൂരിന്റെ ഓരോ കവിതയിലും ഒരു വെളിപാടുണ്ട്. അതിലേക്ക് ഉണരാന്‍ അനുവാചകനിലും വേണം പ്രതിഭ. അതിന്റെ അഭാവമായിരിക്കാം ആറ്റൂര്‍ അര്‍ഹിക്കുന്ന പ്രശസ്തി കിട്ടാതെ പോയത്. അതില്‍ ഖേദിക്കാനില്ല. ആറ്റൂര്‍ കാലാന്തരത്തില്‍ പുതിയ പുതിയ സന്ദര്‍ഭങ്ങളില്‍ പുതിയ രൂപങ്ങളാര്‍ജിച്ച് തിളങ്ങിക്കൊണ്ടിരിക്കും.
ആറ്റൂര്‍ തന്നെ പറഞ്ഞത് ‘എല്ലാ നിലങ്ങളും പോയാലും ഒരു നിലം. അങ്ങാടിയിലൊക്കെ തോറ്റാലും മടങ്ങി വരാനൊരല്‍പം മണ്ണ് കവിതയില്‍ താന്‍ സൂക്ഷിക്കുന്നുണ്ടെന്നാണ്. മലയാളമെന്ന് ഒരു ആര്‍ഭാടവും കൂടാതെ എഴുതിയ കവിതകളാണ് ആറ്റൂരിന്റെ കവിത.
ആറ്റൂരില്‍ ഇതള്‍ക്കണ്ണുകളല്ല ഇലക്കണ്ണുകളാണ് ഉള്ളത്. ആറ്റൂരിന്റെ ചെടിയില്‍ പൂവ് മാത്രമല്ല ഇലയും തണ്ടും വേരുമുണ്ട്.
‘വേനലറുതിയില്‍ വീട്ടുമുറ്റത്തെ- മൂത്ത മാവില്‍ ഒടുക്കത്തെ- പഴങ്ങള്‍ തപ്പുന്ന ഒരണ്ണാനെ’പറ്റി ആറ്റൂര്‍ എഴുതിയിട്ടുണ്ട്. മലയാളമന്ന് ഏറ്റവും വിളമുണ്ടാക്കിയ നിലങ്ങളില്‍ ആറ്റൂരിന്റെ നിലവും പെടും. നാടന്‍ വിത്തുകള്‍ മാത്രം വിതച്ചിട്ടും രാസവളങ്ങള്‍ ഇടാഞ്ഞിട്ട്, വായിക്കും തോറും ചിലവഴിക്കും തോറും മൂല്യം വര്‍ധിക്കുന്ന കവിതകളിലൂടെ മൂല്യശോഷണത്തെ എതിരിടുക തന്നെയാവും കവി.
സ്ത്രീയെക്കുറിച്ചും മണ്ണിനെക്കുറിച്ചും നഷ്ടപ്പെടുന്ന പ്രകൃതി വിഭവങ്ങളെക്കുറിച്ചും മൂല്യം കുറഞ്ഞു വരുന്ന വാക്കിനെ കുറിച്ചും ഏറ്റവും ഗാഢമായി ഉത്കണ്ഠപ്പെട്ട കവിയാണ് പോയത്.
ആവര്‍ത്തിക്കാന്‍ ലവലേശം ഇഷ്ടമില്ലാത്തതിനാല്‍ മാത്രമാണ് ആറ്റൂരിന്റെ പുസ്തകം ഇത്ര ചെറുതായത്. ഇനിയും വില്‍ക്കാനാവാത്ത ഭാഷയില്‍, ഇനിയും ഒരിക്കലും മറക്കാനാവാത്ത കവിതകളായി ആറ്റൂര്‍ ഭാവിയിലും നിലനില്‍ക്കുകയും ചെയ്യും.