| Monday, 27th October 2025, 8:36 pm

കലൂര്‍ സ്റ്റേഡിയത്തിന്റെ നവീകരണം; സ്പോൺസറുമായുള്ള കരാര്‍ പുറത്തുവിടണം: കോണ്‍ഗ്രസ് നേതാക്കള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌പോണ്‍സറും ജി.സി.ഡി.എ (ഗ്രേറ്റര്‍ കൊച്ചിന്‍ ഡെവലപ്മെന്റ് അതോറിറ്റി)യും ചേര്‍ന്ന് തയ്യാറാക്കിയ കരാര്‍ പുറത്തുവിടണമെന്ന് തൃക്കാക്കര എം.എല്‍.എ ഉമ തോമസ്. ഈ കരാറിലെ വ്യവസ്ഥകള്‍ അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും ഉമ തോമസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഹൈബി ഈഡന്‍ എം.പിയ്ക്കും ടി.ജെ. വിനോദ് എം.എല്‍.എയ്ക്കുമൊപ്പം കലൂര്‍ സ്റ്റേഡിയം സന്ദര്‍ശിച്ച ശേഷമാണ് ഉമ തോമസിന്റെ പ്രതികരണം. എല്ലാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് സര്‍ക്കാര്‍ കലൂര്‍ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ കരാറുകാരന് കൈമാറിയതെന്നും എം.എല്‍.എ ആരോപിച്ചു.

സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷനുമായി ചേര്‍ന്ന് കരാറുണ്ടാക്കിയിട്ടുണ്ടെന്നും നവംബര്‍ 30ന് സ്റ്റേഡിയം നവീകരിച്ച് ജി.സിഡി.എയ്ക്ക് കൈമാറുമെന്നുമാണ് സ്പോണ്‍സറുടെ അവകാശവാദം. കലൂര്‍ സ്റ്റേഡിയത്തില്‍ വെച്ച് അര്‍ജന്റീനയുടെ മത്സരം നടന്നില്ലെങ്കില്‍ താന്‍ മെസിയെയെങ്കിലും കൊണ്ടുവരുമെന്നും സ്‌പോണ്‍സര്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് ഉമ തോമസ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സ്റ്റേഡിയം സന്ദര്‍ശിച്ചത്. നവീകരണത്തിനായി സ്റ്റേഡിയം കൈമാറിയതില്‍ ദുരൂഹതയുണ്ടെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. നടപടിയില്‍ സമഗ്ര അന്വേഷണവും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

നവീകരണവുമായി ബന്ധപ്പെട്ട കരാറിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് ജി.സി.ഡി.എ ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ളയ്ക്ക് ഹൈബി ഈഡന്‍ കത്തും നല്‍കിയിട്ടുണ്ട്. കായികവകുപ്പിന്റെ നിര്‍ദേശമനുസരിച്ചാണ് സ്റ്റേഡിയം സ്‌പോണ്‍സര്‍ക്ക് കൈമാറിയതെന്നും ജി.സി.ഡി.എ അറിയിച്ചു.

ടര്‍ഫിന്റെ ഉള്‍പ്പെടെ നവീകരണമാണ് സ്പോണ്‍സറെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഡിസംബറില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ തന്നെ ഐ.എസ്.എല്‍ മത്സരങ്ങള്‍ നടക്കുമെന്നും കെ. ചന്ദ്രന്‍ പിള്ള പറഞ്ഞു.

സ്റ്റേഡിയത്തിന് മേല്‍ സ്‌പോണ്‍സര്‍ക്ക് അവകാശമില്ലെന്ന് കായികമന്ത്രി വി. അബ്ദുറഹിമാന്റെ ഓഫീസും അറിയിച്ചു. നവീകരണം കഴിഞ്ഞാല്‍ അതായത്, നവംബര്‍ 30ന് ശേഷം സ്റ്റേഡിയത്തിനുമേല്‍ സ്‌പോണ്‍സര്‍ക്ക് യാതൊരു അവകാശവുമുണ്ടാകില്ലെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിച്ചത്.

Content Highlight: Kaloor Stadium renovation; Agreement between sponsor and GCDA should be made public: Congress

We use cookies to give you the best possible experience. Learn more