| Tuesday, 5th August 2025, 6:13 pm

കേസ് അന്വേഷിക്കുന്ന സിൽക്ക്; ഷാജി കൈലാസിന്റെ ആദ്യ സിനിമയുണ്ടായ കഥ പറഞ്ഞ് കലൂർ ഡെന്നീസ്

ഹണി ജേക്കബ്ബ്

മലയാള സിനിമക്ക് മികച്ച സിനിമകൾ സമ്മാനിച്ച എഴുത്തുകാരനാണ് കലൂർ ഡെന്നീസ്. ഒരുകാലത്ത് എഴുത്തുകാരന്റെ പേര് നോക്കി ആളുകൾ സിനിമക്ക് കയറിയിട്ടുണ്ടെങ്കിൽ അത് കലൂർ ഡെന്നീസിന്റെ പേര് നോക്കിയാണ്. കലൂർ ഡെന്നീസിന്റെ പിന്നാലെ കൂടി സിനിമ ചെയ്യിപ്പിച്ച നിർമാതാവാണ് സിംപിൾ ബഷീർ. ചങ്ങനാശ്ശേരിയിലെ കോൺട്രാക്ടറായ ബഷീർ ആദ്യമായി ഡെന്നീസിനെ വിളിക്കുന്നത് അശോകന്റെ അശ്വതിക്കുട്ടി എന്ന സിനിമക്ക് വേണ്ടിയാണ്.

ഒട്ടും താത്പര്യമില്ലെങ്കിലും സുഹൃത്തുക്കളുടെ നിർബന്ധം കാരണം ഡെന്നീസ് ആ സിനിമക്ക് സമ്മതം മൂളി. എന്നാൽ അദ്ദേഹം കരുതിയിരുന്നതുപോലെതന്നെ അശോകന്റെ അശ്വതിക്കുട്ടി തിയേറ്ററുകളിൽ പരാജയപ്പെട്ടു. തകർന്നടിഞ്ഞ ചിത്രം നിർമാതാവിനെ കടക്കാരനാക്കി. ആ കടത്തിൽ നിന്നും രക്ഷപ്പെടാനായി വീണ്ടും ഒരു സിനിമ ചെയ്യാൻ വേണ്ടി സിംപിൾ ബഷീർ കലൂർ ഡെന്നീസിനെ കാണാനെത്തി.

തകർന്ന് നിൽക്കുന്ന തന്നെ കരകയറ്റാൻ സിൽക്ക് സ്മിതയെ വെച്ച് എത്രയും പെട്ടന്നൊരു സിനിമ ചെയ്യാനായിരുന്നു ആ വരവ്. താത്പര്യമില്ലാതെ അതിനും ഡെന്നീസ് സമ്മതം മൂളി. എന്നാൽ തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരുപോലെ തിരക്കുള്ള നടിയായ സിൽക്ക് സ്മിതയെ താൻ തന്നെ വിളിച്ച് ഡേറ്റ് ഒപ്പിക്കണമെന്നും ബഷീർ ഡെന്നീസിനോട് പറഞ്ഞു. എത്ര തിരക്കായാലും ഡെന്നീസ് വിളിച്ചാൽ ഒഴിവാക്കാൻ പറ്റാത്ത അത്രയും അടുപ്പം ഡെന്നീസും സിൽക്ക് സ്മിതയും തമ്മിലുണ്ടായിരുന്നു.

എന്നാൽ പ്രശ്‌നം അവിടെയല്ല, ചിത്രത്തിന് തിരക്കഥാകൃത്തും നിർമാതാവും മാത്രമേ ഉള്ളു. സംവിധായകൻ ആരെന്ന് ഇതുവരെയും തീരുമാനം ആയില്ല. ‘നമുക്ക് വളരെ ചെലവുകുറച്ച് ചെയ്യാൻ പറ്റുന്ന നല്ല ആരെയെങ്കിലും കിട്ടുമോ?’ എന്ന ബഷീറിന്റെ ചോദ്യം കേട്ടപ്പോഴാണ് കുറച്ചുനാളുകൾക്ക് മുമ്പ് ബാലു കിരിയത്ത് പറഞ്ഞ അസോസിയേറ്റ് ഡയറക്ടറായ ഷാജി കൈലാസിന്റെ കാര്യം ഡെന്നീസ് ഓർത്തത്.

അങ്ങനെ ഷാജി കൈലാസിനെ വിളിച്ച് പിറ്റേന്ന് തന്റെ റൂമിലേക്ക് വരാൻ പറഞ്ഞു. പ്രസരിപ്പ് നിറഞ്ഞ ആ പയ്യൻ വന്നയുടനെ പറഞ്ഞത് ‘ഡെന്നിച്ചായന്റെ കൂടെ സിനിമചെയ്യാൻ അവസരം കിട്ടുകയെന്നത് ഭാഗ്യമായിട്ടാണ് എന്നാണ്’. ‘ജോഷി-മമ്മൂട്ടി -കലൂർ ഡെന്നിസ് കൂട്ടുകെട്ടിന്റെ സന്ദർഭം, കഥ ഇതുവരെ, ഇനിയും കഥ തുടരും തുടങ്ങിയ സിനിമകൾ കാണാനായി തിരുവനന്തപുരത്തെ അഞ്ജലി തിയേറ്ററിൽ പോയിട്ടുണ്ട്. ക്യൂവിലെ തിക്കിലും തിരക്കിലും പെട്ട് ടിക്കറ്റ് കിട്ടാതെ ബ്ലാക്കിൽ സംഘടിപ്പിച്ച് സിനിമ കണ്ട് സായൂജ്യമടഞ്ഞിട്ടുള്ളവനാണ് ഞാൻ,’ എന്ന് ഷാജി കൈലാസ് വളരെ ഉത്സാഹത്തോടെ ഒറ്റശ്വാസത്തിൽ ഉരുവിട്ടുകൊണ്ട് ഡെന്നീസിനെയും നോക്കി നിഷ്കളങ്കമായ ചിരിപ്രസാദവും പൊഴിച്ചുനിന്നു.

പിന്നെ സമയംകളയാതെ മറ്റ് ആർട്ടിസ്റ്റുകളും ടെക്നീഷ്യൻസുമൊക്കെ ആരായിരിക്കണമെന്ന ചർച്ചയിലേക്ക് അവർ കടന്നു. രാത്രി വൈകി വീട്ടിലെത്തിയ കല്ലൂർ ഡെന്നീസ് അപ്പോൾ തന്നെ സിൽക്ക് സ്മിതയെ വിളിച്ച് കാര്യം പറഞ്ഞു. എന്നാൽ അടുത്ത നാല് മാസത്തേക്ക് ഒരു ദിവസം പോലും ഒഴിവില്ലാതിരുന്ന ആ നടി കമൽ ഹാസൻ നായകനായ ഒരു സിനിമ ക്യാൻസൽ ആയ ഡേറ്റ് അദ്ദേഹത്തിന് കൊടുത്തു.

പിന്നെ എല്ലാം ദ്രുതഗതിയിലാണ് നടന്നത്. സായികുമാറായിരുന്നു നായകൻ. സൺഡെ 7 PM എന്നാണ് ചിത്രത്തിന് പേരിട്ടത്. സന്തോഷ് ശിവന്റേതായിരുന്നു ക്യാമറ. സിൽക്കിനെ കൂടാതെ രഞ്ജിനി, സുലക്ഷണ, ലാലു അലക്സ്, സിദ്ദിഖ് തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ. തൊടുപുഴയിലായിരുന്നു ഷൂട്ടിങ്.

വളരെ ചുരുങ്ങിയ ദിവസംകൊണ്ടുതന്നെ ഷാജി സൺഡെ 7 PMന്റെ ഷൂട്ടിങ് പൂർത്തീകരിക്കുകയും ചെയ്തു. സൺഡെ 7PM വലിയ വിജയമായില്ലെങ്കിലും ബഷീറിന് ചെറിയൊരു ലാഭം നേടിക്കൊടുത്തു.

Content Highlight: Kaloor Dennis Talks About Shaji Kailas First Movie

ഹണി ജേക്കബ്ബ്

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്‌കമ്യൂണിക്കേഷനില്‍ ബിരുദാനന്തരബിരുദം

We use cookies to give you the best possible experience. Learn more