| Wednesday, 6th August 2025, 8:54 pm

ഒരുപാട് മെഗാഹിറ്റുകള്‍ അവരിൽ നിന്നുണ്ടായി; അവരുടെ വസന്തകാലമായിരുന്നു: കലൂർ ഡെന്നീസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയിലെ തിരക്കഥാകൃത്തും നോവലിസ്റ്റുമാണ് കലൂര്‍ ഡെന്നിസ്. തിരക്കഥ, കഥ, സംഭാഷണം എന്നീ മേഖലകളിൽ പ്രവർത്തിച്ച കലൂർ ഡെന്നീസ് നൂറിലധികം മലയാള സിനിമകളില്‍ ഭാഗമായിട്ടുണ്ട്. ഇപ്പോള്‍ രണ്‍ജി പണിക്കരെക്കുറിച്ചും ഷാജി കൈലാസിനെക്കുറിച്ചും സംസാരിക്കുകയാണ് അദ്ദേഹം.

‘രണ്‍ജി പണിക്കര്‍ എഴുതിയ തലസ്ഥാനം എന്ന സിനിമ സംവിധാനം ചെയ്തതത് ഷാജി കൈലാസ് ആയിരുന്നു. സുരേഷ് ഗോപിയായിരുന്നു ചിത്രത്തിലെ നായകന്‍. ആ ചിത്രം ഷാജിക്ക് നല്ല പേരുണ്ടാക്കിക്കൊടുത്തെങ്കിലും ഷാജിയെത്തേടി പുതിയ പ്രോജ ക്ടൊന്നും വന്നില്ല,’ കലൂര്‍ ഡെന്നീസ് പറയുന്നു.

ഈ സമയത്താണ് ആലപ്പുഴയിലുള്ള ഒരു നിര്‍മാതാവ് ഒരു സിനിമ ചെയ്യണമെന്നും പറഞ്ഞ് തന്നെ കാണാന്‍ വന്നതെന്നും താന്‍ ആ സമയത്ത് രണ്ട് സിനിമകള്‍ കമ്മിറ്റ് ചെയ്തിരിക്കുകയായിരുന്നെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് തനിക്ക് ഉടനെ എഴുതാന്‍ ആവില്ലായിരുന്നെന്നും തന്റെ മനസില്‍ അപ്പോള്‍ ഓര്‍മ വന്നത് ഷാജി കൈലാസിനെയും രണ്‍ജി പണിക്കരുടെയും കാര്യമാണെന്നും കലൂര്‍ ഡെന്നീസ് കൂട്ടിച്ചേര്‍ത്തു.

‘അവരെക്കൊണ്ട് ചെയ്യിക്കാമെന്ന് ഞാന്‍ നിര്‍മാതാവിനോട് പറഞ്ഞു. അദ്ദേഹത്തിനും അവരെ താത്പര്യമായിരുന്നു. ഞാന്‍ ഷാജിയെയും രണ്‍ജിയെയും വിളിച്ചു. നാളെ രാവിലെത്തന്നെ മാതാ ടൂറിസ്റ്റ് ഹോമില്‍ എത്താന്‍ പറഞ്ഞു,’ കലൂര്‍ ഡെന്നീസ് പറഞ്ഞു.

പിറ്റേന്ന് തന്നെ അവര്‍ ആ ടൂറിസ്റ്റ് ഹോമില്‍ എത്തിയെന്നും താന്‍ അവര്‍ക്ക് നിര്‍മാതാവിനെ പരിചയപ്പെടുത്തി കൊടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അവിടെ വെച്ച് തന്നെ ഇരുവര്‍ക്കും അഡ്വാന്‍സ് കൊടുക്കുകയും ചെയ്തുവെന്നും ആ സിനിമയാണ് സ്ഥലത്തെ പ്രധാന പയ്യന്‍സ് എന്നും കലൂര്‍ ഡെന്നിസ് പറഞ്ഞു. ആ ചിത്രം വന്‍ വിജയമായി മാറിയെന്നും അതോടെ ഷാജി കൈലാസ് – രണ്‍ജി പണിക്കര്‍ എന്നൊരു പുത്തന്‍ ടീം തന്നെയുണ്ടായി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പിന്നെ കുറേക്കാലം ഷാജി കൈലാസ് – രണ്‍ജി പണിക്കര്‍ ടീമിന്റെ വസന്തകാലമായിരുന്നുവെന്നും ഒരുപാട് മെഗാഹിറ്റുകള്‍ ഈ യുവത്വങ്ങളില്‍ നിന്ന് ഉണ്ടായെന്നും കലൂര്‍ ഡെന്നീസ് കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ & സ്റ്റൈല്‍ മാഗസിന് കൊടുത്ത അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥലത്തെ പ്രധാന പയ്യന്‍സ്

ഷാജി കൈലാസ് സംവിധാനം ചെയ്ത് രണ്‍ജി പണിക്കര്‍ രചന നിര്‍വഹിച്ച സിനിമയാണ് സ്ഥലത്തെ പ്രധാന പയ്യന്‍സ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രത്തില്‍ ജഗദീഷ് ആണ് പ്രധാന വേഷത്തിലെത്തിയത്. കോമഡി വേഷങ്ങളില്‍ മാത്രം സിനിമകള്‍ ചെയ്തുകൊണ്ടിരുന്ന ജഗദീഷന്റെ കരിയറിലെ വഴിത്തിരിവായിരുന്നു ഈ ചിത്രം. ചിത്രത്തില്‍ അതിഥി വേഷത്തിലെത്തിയത് സുരേഷ് ഗോപിയായിരുന്നു.

Content Highlight: Kaloor Dennis Talking about Shaji Kailas and Ranji Panicker

We use cookies to give you the best possible experience. Learn more