കോഴിക്കോട്: സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പുള്ളതിനാല്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിപ്പിച്ച് കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയിലെ മുഴുവന്‍ ബീച്ചുകളിലേക്കും പ്രവേശനം നിരോധിച്ചതായി കളക്ടര്‍ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ പന്ത്രണ്ട് മുതല്‍ നാളെ (20 ആഗസ്റ്റ്) രാത്രി 12 മണിവരെയാണ് പ്രവേശനം നിരോധിച്ചിരിക്കുന്നത്. വിനോദസഞ്ചാരികള്‍, സന്ദര്‍ശകര്‍, കച്ചവടക്കാര്‍ തുടങ്ങിയവരെ ബീച്ചുകളിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കില്ല.
കടലില്‍ കുളിക്കുന്നതും വെള്ളത്തിന്റെ സമീപത്തേക്ക് പോവുന്നതുമടക്കം നിരോധിച്ചിട്ടുണ്ട്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോവുകയോ ചെറുവള്ളങ്ങളും പരമ്പരാഗത വള്ളങ്ങളും അടക്കം കടലില്‍ ഇറക്കരുതെന്നും ജില്ലയിലെ എല്ലാ തീരപ്രദേശങ്ങളിലും നിര്‍ദേശം ബാധകമാണെന്നും കളക്ടര്‍ അറിയിച്ചു.
കോസ്റ്റല്‍ പോലീസ്, മറൈന്‍ എന്‍ഫോഴ്‌സ്മെന്റ്, ബേപ്പൂര്‍ റീജണല്‍ പോര്‍ട്ട് ഓഫീസര്‍, ഫിഷറീസ് വകുപ്പ് എന്നിവര്‍ തീരപ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കും. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണത്തിലെ വകുപ്പകള്‍ പ്രകാരം നടപടി സ്വീകരിക്കുമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Content Highlight: ‘Kallakkadal’ Phenomenon: Entry Banned at Kozhikode District Beaches