സോഷ്യല്‍ മീഡിയ ഭരിക്കുകയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇപ്പോള്‍. ഓരോ വീഡിയോയും യഥാര്‍ത്ഥത്തിലുള്ളതാണോ എ.ഐ ആണോ എന്ന് തിരിച്ചറിയാനാകാത്ത വിധം പെര്‍ഫക്ഷനോടെയാണ് പുറത്തിറങ്ങുന്നത്. ഇത്തരത്തില്‍ എ.ഐയിലൂടെ നിര്‍മിച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. തെലുങ്ക് ചിത്രം കല്‍ക്കിയുടെ ക്ലൈമാക്‌സ് രംഗത്തിന്റെ എ.ഐ വേര്‍ഷനാണ് ട്രെന്‍ഡായി മാറിയത്.
മഹാഭാരത യുദ്ധത്തിലെ അര്‍ജുനനായി മലയാളി താരം ടൊവിനോയെയാണ് വീഡിയോയില്‍ ചിത്രീകരിച്ചിട്ടുള്ളത്. തെലുങ്ക് വേര്‍ഷനില്‍ വിജയ് ദേവരകൊണ്ട മികച്ചതാക്കിയ അര്‍ജുനന്റെ വേഷം ടൊവിനോക്ക് ഇണങ്ങുന്നുണ്ടെന്നാണ് ഭൂരിഭാഗം കമന്റുകളും. യോദ്ധാവിന്റെ ശരീരപ്രകൃതിയുള്ള ടൊവിനോ വീഡിയോയിലെ ഹൈലൈറ്റായി മാറി.
അര്‍ജുനന്റെ തേരാളിയായ കൃഷ്ണനായി ആസിഫ് അലിയാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ ആസിഫിനെ കൃഷ്ണനായി സങ്കല്പിക്കാനാകുന്നില്ലെന്നും വീഡിയോയില്‍ കുഴപ്പം തോന്നുന്നില്ലെന്നുമൊക്കെയാണ് കമന്റുകള്‍. എന്നാല്‍ ക്ലൈമാക്‌സിലെ കര്‍ണന്റെ എന്‍ട്രിയാണ് എല്ലാവരെയും ഞെട്ടിച്ചത്.
പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍ എന്നിവരില്‍ ആരെങ്കിലുമാകും കര്‍ണനെന്ന് വിചാരിച്ചിടത്ത് മോഹന്‍ലാലിനെയാണ് അവതരിപ്പിച്ചത്. അതുവരെയുണ്ടായിരുന്ന എല്ലാ ഇംപ്രഷനും ഇല്ലാതാക്കിയെന്നാണ് ഭൂരിഭാഗം കമന്റുകളും. ‘ഇത്രയും വലിയ ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല’, ‘ആസിഫ് എയറിലാകുമെന്ന് പ്രതീക്ഷിച്ചു, പക്ഷേ മോഹന്‍ലാല്‍ അതിന് സമ്മതിച്ചില്ല’ എന്നിങ്ങനെയാണ് കമന്റുകള്‍.
‘എല്ലായിടത്തും മോഹന്‍ലാലിനെ തിരുകിയില്ലെങ്കില്‍ സമാധാനമാകില്ല’, ‘ആദ്യം നസ്‌ലെനാണെന്ന് വിചാരിച്ചു’, എന്നിങ്ങനെയുള്ള കമന്റുകളും ആളുകള്‍ പങ്കുവെക്കുന്നുണ്ട്. മോഹന്‍ലാലിനെ മനപൂര്‍വം കളിയാക്കാന്‍ വേണ്ടിയാണോ ഇങ്ങനെയൊരു വീഡിയോ ചെയ്തതെന്നും ചോദ്യമുയരുന്നുണ്ട്. ക്‌സെന്‍ എ.ഐ മീഡിയ എന്ന പേജാണ് ഈ വീഡിയോ പങ്കുവെച്ചത്.
പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു കല്‍ക്കി 2898 എ.ഡി. കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ വിജയമായിരുന്നു ചിത്രം സ്വന്തമാക്കിയത്. രണ്ടാം ഭാഗത്തിന് സൂചന നല്കിക്കൊണ്ടാണ് കല്‍ക്കി അവസാനിച്ചത്. മഹാഭാരത കാലത്ത് ആരംഭിച്ച് എ.ഡി 2898 വരെ നീണ്ടുനില്‍ക്കുന്ന കഥയാണ് ചിത്രത്തിന്റേത്.
View this post on Instagram
Content Highlight: Kalki movie Malayalam A I video viral in social media