| Tuesday, 24th February 2026, 5:00 pm

അശ്വത്ഥാമാവിനെ കെട്ടിപ്പിടിച്ച് കമല്‍ ഹാസന്‍, പ്രഭാസില്ലാതെ കല്‍ക്കി 2 ഷൂട്ടിന് ആരംഭം

അമര്‍നാഥ് എം.

ഇന്ത്യന്‍ സിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കല്‍ക്കി 2. പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്ത് 2024ല്‍ റിലീസായ ചിത്രത്തിന്റെ ആദ്യഭാഗം ബോക്‌സ് ഓഫീസില്‍ വലിയ വിജയം സ്വന്തമാക്കിയിരുന്നു. രണ്ടാം ഭാഗത്തിന് സൂചന നല്‍കിക്കൊണ്ടായിരുന്നു ചിത്രം അവസാനിച്ചത്. രണ്ട് വര്‍ഷത്തിന് ശേഷം കല്‍ക്കി 2ന്റെ ഷൂട്ട് ആരംഭിച്ചിരിക്കുകയാണ്.

ഹൈദരബാദിലാണ് ഷൂട്ട് ആരംഭിച്ചത്. നായകനായ പ്രഭാസില്ലാതെയാണ് ചിത്രത്തിന്റെ ഷൂട്ട് ആരംഭിച്ചതെന്നത് ശ്രദ്ധേയമാണ്. ആദ്യഭാഗത്തില്‍ നായകനെക്കാള്‍ സ്‌കോര്‍ ചെയ്ത അമിതാഭ് ബച്ചനും കമല്‍ ഹാസനുമാണ് ഈ ഷെഡ്യൂളിലുള്ളത്. അശ്വത്ഥാമാവായി അമിതാഭ് ബച്ചന്‍ ഞെട്ടിച്ചപ്പോള്‍ വെറും പത്ത് മിനിറ്റ് മാത്രം സ്‌ക്രീനിലെത്തി കൈയടി നേടിയ കഥാപാത്രമായിരുന്നു കമല്‍ ഹാസന്‍ അവതരിപ്പിച്ച സുപ്രീം യാഷ്‌കിന്‍.

കല്‍ക്കി 2 Photo: Chennai Times/ X.com

രണ്ടാം ഭാഗത്തില്‍ നായകന് വലിയ വെല്ലുവിളിയുയര്‍ത്തുന്ന കഥാപാത്രമായി സുപ്രീം യാഷ്‌കിന്‍ മാറുമെന്ന് ഏറെക്കുറെ ഉറപ്പാണ്. പ്രഭാസ്- കമല്‍ ഹാസന്‍ ഫേസ് ഓഫ് സീനിനാണ് സിനിമാപ്രേമികള്‍ കാത്തിരിക്കുന്നത്. സ്പിരിറ്റ്, ഫൗജി എന്നീ ചിത്രങ്ങളുടെ ഷൂട്ടിലായതിനാലാണ് പ്രഭാസിന് ഈ ഷെഡ്യൂളില്‍ ജോയിന്‍ ചെയ്യാന്‍ സാധിക്കാത്തതെന്നാണ് റിപ്പോര്‍ട്ട്.

30 ദിവസത്തെ ഷൂട്ടാണ് ഈ ഷെഡ്യൂളില്‍ സംവിധായകന്‍ പദ്ധതിയിടുന്നത്. ആദ്യഭാഗത്തില്‍ അമിതാഭ് ബച്ചനാണ് പ്രഭാസിനെക്കാള്‍ സ്‌കോര്‍ ചെയ്തതെങ്കില്‍ രണ്ടാം ഭാഗത്തില്‍ കമല്‍ ഹാസന്‍ സ്‌കോര്‍ ചെയ്യുമെന്നാണ് ആരാധകര്‍ അവകാശപ്പെടുന്നത്. 2027ല്‍ ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്.

കല്‍ക്കിയുടെ ആദ്യഭാഗത്തില്‍ നായികയായ ദീപിക പദുകോണ്‍ രണ്ടാം ഭാഗത്തില്‍ നിന്ന് പിന്മാറിയത് വലിയ വാര്‍ത്തയായിരുന്നു. നിര്‍മാതാക്കളുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് ദീപിക കല്‍ക്കിയില്‍ നിന്ന് പിന്മാറിയത്. താരത്തിന് പകരം സായ് പല്ലവി സുമതിയായി വേഷമിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. അണിയറപ്രവര്‍ത്തകര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

മഹാഭാരതകാലത്ത് ആരംഭിച്ച് എ.ഡി 2898ല്‍ അവസാനിക്കുന്ന കഥയാണ് കല്‍ക്കിയുടേത്. ഭൈരവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിച്ചത്. ദിശാ പഠാണി, അന്ന ബെന്‍, ശോഭന, ശാശ്വത ചാറ്റര്‍ജി, പശുപതി, ബ്രഹ്‌മാനന്ദം തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍. ദുല്‍ഖര്‍ സല്‍മാന്‍, വിജയ് ദേവരകൊണ്ട, മൃണാള്‍ താക്കൂര്‍, രാം ഗോപാല്‍ വര്‍മ, രാജമൗലി എന്നിവരുടെ അതിഥിവേഷവും കല്‍ക്കിയെ ഗംഭീരമാക്കി.

Content Highlight: Kalki 2 movie shoot starts with Amitabh Bachan and Kamal Haasan

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more