| Thursday, 12th February 2026, 1:55 pm

അത്രയും വലിയ ഡയറക്ടർ എന്നെ എടുത്തുകൊണ്ട് ഗോവ മൊത്തം നടന്നിട്ടുണ്ട്; എടുത്തില്ലെങ്കിൽ ഞാൻ അഭിനയിക്കില്ലെന്ന് പറയും: കാളിദാസ് ജയറാം

നന്ദന എം.സി

ഒരു താരപുത്രനെന്ന നിലയിൽ ഒതുങ്ങാതെ സ്വന്തമായ കഴിവിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ നടനാണ് കാളിദാസ് ജയറാം. ബാലതാരമായി തന്നെ പ്രേക്ഷക മനസിൽ ഇടം നേടിയ കാളിദാസ്, ഇന്ന് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവതാരമായി മാറിയിരിക്കുകയാണ്.

ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും ബാല്യകാല സിനിമാ ഓർമകളെ കുറിച്ചും പറയുകയാണ് താരം. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കാളിദാസ് തന്റെ ഓർമകൾ പങ്കുവെച്ചത്.

കാളിദാസ് ജയറാം, Photo; IMDb

‘അഭിനയത്തെക്കുറിച്ച് ചെറുപ്പത്തിലും ഇപ്പോഴും എനിക്ക് ഒന്നും അറിയില്ല. ഇന്നും എനിക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അപ്പയോട് ചോദിക്കും. സിബി അങ്കിൾ, സത്യൻ അങ്കിൾ പോലുള്ള പരിചയസമ്പന്നരായ സംവിധായകർ എപ്പോഴും കൂടെയുണ്ടായിരുന്നു.

സത്യൻ അങ്കിൾ ഗോവയിൽ ഷൂട്ടിങ്ങിന് പോയപ്പോൾ എന്നെ എടുത്തുകൊണ്ട് നടക്കുമായിരുന്നു. എടുത്തില്ലെങ്കിൽ ഞാൻ അഭിനയിക്കില്ലെന്ന് പറയും. അത്രയും വലിയൊരു ഡയറക്ടർ എന്നെ എടുത്ത് ഗോവ മുഴുവൻ കൊണ്ടുനടന്നിട്ടുണ്ട്,’ കാളിദാസ് ചിരിയോടെ പറഞ്ഞു.

ആശകൾ ആയിരം, Photo: IMDb

സിനിമയിലെ ഓരോ ഘട്ടത്തിലും പലരിൽ നിന്നായി പഠിച്ചുകൊണ്ടാണ് മുന്നേറിയതെന്നും കാളിദാസ് പറഞ്ഞു. ടെക്നീഷ്യന്മാർ മുതൽ സഹതാരങ്ങൾ വരെ പലരിൽ നിന്നുമാണ് പഠിക്കാൻ കഴിഞ്ഞതെന്ന് താരം വ്യക്തമാക്കുന്നു. പുതിയ ചിത്രം ‘ആശകൾ ആയിരം’ ചിത്രീകരണ സമയത്തും അങ്ങനെ തന്നെ പഠിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

‘സിനിമയിൽ അഖിൽ എന്ന ഇൻഫ്ലുവൻസറുണ്ട് അവന്റെ ആദ്യ ചിത്രമായിരുന്നു ഇത്. എന്നാൽ ചെറിയൊരു സ്പേസ് കിട്ടിയാലും എങ്ങനെ നമ്മളുടെ പ്രസൻസ് ഫീൽ ചെയ്യിപ്പിക്കാം, ഒരു സീനിൽ എങ്ങനെ സ്കോർ ചെയ്യാം എന്നൊക്കെ അവനിൽ നിന്നു പഠിക്കാൻ കഴിഞ്ഞു,’ കാളിദാസ് കൂട്ടിച്ചേർത്തു.

അതേസമയം, ജയറാമും കാളിദാസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ‘ആശകൾ ആയിരം’ തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. 23 വർഷങ്ങൾക്ക് ശേഷമാണ് അച്ഛൻ-മകൻ കൂട്ടുകെട്ട് വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിക്കുന്നത്. ‘കൊച്ചു കൊച്ചു സന്തോഷങ്ങൾ’, ‘എന്റെ വീട് അപ്പൂന്റെയും’ എന്നീ ചിത്രങ്ങൾക്ക് ശേഷമുള്ള ഈ തിരിച്ചുവരവ് പ്രേക്ഷകർ ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ്.

ജി. പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആശാ ശരത്, ഇഷാനി കൃഷ്ണ, ഷറഫുദീൻ, രമേശ് പിഷാരടി എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു. ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനും കൃഷ്ണമൂർത്തിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അരവിന്ദ് രാജേന്ദ്രനും ജൂഡ് ആൻ്റണി ജോസഫും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Content Highlight: Kalidas Jayaram talk about Director Sathyan Anthikad

നന്ദന എം.സി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more