| Wednesday, 22nd October 2025, 4:39 pm

അതായിരുന്നു ഞാന്‍ കൊടുത്ത ആദ്യ ഓട്ടോഗ്രാഫ്; കൊച്ചു കൊച്ചു സന്തോഷങ്ങള്‍ സിനിമയുടെ ഓര്‍മ പങ്കുവെച്ച് കാളിദാസ് ജയറാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ അഭിനയിച്ചപ്പോഴുള്ള ആദ്യ ഷോട്ട് താന്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നുണ്ടെന്ന് നടന്‍ കാളിദാസ് ജയറാം. ബാലതാരമായി സിനിമയിലേക്ക് ചുവടുവെച്ച കാളിദാസിന്റെ ആദ്യ സിനിമയായിരുന്നു കൊച്ചു കൊച്ചു സന്തോഷങ്ങള്‍. ഇപ്പോള്‍ രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തില്‍ സിനിമയുടെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് കാളിദാസ് ജയറാം.

‘റോഡില്‍ നടന്ന് വരുമ്പോള്‍ ‘ദേ ജോസ് അങ്കിള്‍ എന്ന് പറയുന്നതായിരുന്നു’ എന്റെ ആദ്യത്തെ ഷോട്ട്. ആ ഷോട്ട് ചെയ്ത് കഴിഞ്ഞപ്പോള്‍ എല്ലാവരും കയ്യടിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് ഞാന്‍ ആകെ ആശയകുഴപ്പത്തിലായിരുന്നു. എന്തിനാണ് എല്ലാവരും കയ്യടിക്കുന്നതെന്ന് മനസിലായില്ല. ചെറിയ കുട്ടിയായതുകൊണ്ട് പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി ചെയ്തതാണ്.

പിന്നെ ആ ഷോട്ട് കഴിഞ്ഞ് ഒരു ചെറിയ പെണ്‍കുട്ടി വന്ന് ഒരു പേപ്പറും ഒരു പേനയും തന്നു. ഞാന്‍ അപ്പോള്‍ ആകെ കണ്‍ഫ്യൂഷനിലായിരുന്നു. അപ്പോള്‍ അച്ഛന്‍ പറഞ്ഞു നിന്റെ പേരെഴുതി ഒപ്പിടാന്‍. അതായിരുന്നു ആദ്യമായിട്ട് ഞാന്‍ കൊടുത്ത ഒട്ടോഗ്രാഫ്,’ കാളിദാസ് പറയുന്നു.

സത്യന്‍ അന്തിക്കാടിന്റെ സംവിധാനത്തില്‍ ജയറാം, ലാലു അലക്‌സ്, ലക്ഷ്മി ഗോപാലസ്വാമി, ഭാനുപ്രിയ, കാളിദാസന്‍ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തി 2000-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കൊച്ചു കൊച്ചു സന്തോഷങ്ങള്‍. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പി.വി. ഗംഗാധരന്‍, സുകു നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചത്.

അതേസമയം ജയറാമും കാളിദാസും പ്രധാന വേഷങ്ങളില്‍ എത്തുന്ന ‘ ആശകള്‍ ആയിരം ‘ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. 22 വര്‍ഷത്തിനിടെ അച്ഛന്‍-മകന്‍ ജോഡി ആദ്യമായി സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന പ്രത്യേകത കൂടി ഈ സിനിമയിലുണ്ട്.

Content  highlight: Kalidas Jayaram says he still remembers the first shot he took when he acted in Kochu Kochu Santhosh 

We use cookies to give you the best possible experience. Learn more